

നടന്‍ നെടുമുടി വേണുവിന്റെ സ്മരണയില്‍ ആദ്യചിത്രത്തില്‍ അഭിനയിക്കാന്‍ പോയതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ്, നടന്‍ വികെ ശ്രീരാമന്‍ ഈ കുറിപ്പില്‍. ''വേണുവിനെ ഓര്‍ത്ത് എഴുതാന്‍ തുടങ്ങിയതാണ്. എഴുതി വന്നപ്പോള്‍ ഞാന്‍ നരകത്തിന്റെ വാതില്‍ക്കലേക്കു നടക്കുകയാണെന്ന് അറിഞ്ഞതേ ഇല്ല''- ശ്രീരാമന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
പണ്ട് ഒരു ദിവസം ചെറുവത്താനിയിലൂടെ പടിഞ്ഞാട്ട്, പുന്നയൂര്‍ക്കുളത്തേക്ക് പോവുന്ന ബാലകൃഷ്ണ ബസ്സില്‍ തോളത്തൊരു ചെറിയ ലതര്‍ ബാഗും തൂക്കി ഞാന്‍ കയറി. പണ്ടെന്നു പറഞ്ഞാല്‍ 1977 ലെ പേക്കാറ്റുള്ളൊരു വൃശ്ചികമാസത്തില്‍. ബസ്സില്‍ വെച്ച് തെക്കൂട്ടേലെ അബോക്കറ് ചോദിച്ചു.
'എങ്ങടാ ഒര് ബാഗൊക്കെ ആയിട്ട് '
'സില്‍മേല് അഭിനയിക്കാനാ' ഞാന്‍ പറഞ്ഞു.
'സില്‍മേല് അഭിനയിക്കാന്‍ കെഴക്കോട്ടുള്ള ബസ്സിലല്ലേ കേറണ്ടത്. തൃശൂര് പോയി പിന്നെ മദിരാശിക്ക്...?'
'ഞാന്‍ പൊന്നാനിക്കാ.പുന്നയൂര്‍ക്കുളത്തുന്ന് ബസ്സ് കിട്ടും '
'അതൊക്കെ ശര്യന്നെ. പൊന്നാനീലാപ്പോ സില്‍മ? ഞാനത് മനസ്സിലാക്കീട്ടില്ലാട്ട'
പൊന്നാനീല് ഉമ്മറുട്ടി മാഷ് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
തവനൂര് ബസ്സിറങ്ങി മാഷോടൊപ്പം പുഴയിലേക്ക് നടന്നു. തോണിയില്‍ കയറുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് മാഷ് കൈ വീശിക്കാണിച്ചു.
ജീവിതത്തിലാദ്യമായി ഭാരതപ്പുഴയിലൂടെ നടത്തിയ തോണിയാത്ര യായിരുന്നു അത്. പുഴയുടെ അടിത്തട്ടു വരെ കാണുന്ന ചില്ലുപോലുള്ള വെള്ളം.
തിരുന്നാവായ അമ്പലക്കടവിനടുത്ത് വിശാലമായ പൂഴിപ്പരപ്പില്‍ ആരൊക്കെയോ ഒരു സര്‍ക്കസ് ടെന്റ് കെട്ടി ഉയര്‍ത്തുന്നുണ്ട്. തോണിയിറങ്ങുമ്പോഴേ തമ്പു കെട്ടിപ്പൊക്കുന്നവരുടെ ഒച്ചയും വിളിയും തോണിയിലേക്കു വന്നു.
ഇന്‍ലന്റിലെഴുതിയ അരവിന്ദന്റെ കത്തെടുത്ത് നോക്കി ആദ്യം കണ്ട തിരുന്നാവായക്കാരനോട് വഴി ചോദിച്ചു.
'സില്‍മ്മക്കാര് വന്ന് പാര്‍ക്കണ കുട്യല്ലേ. ദാ ഈ മാട്ടം കേറി മറിക്കങ്ങട് ചെന്നാ കാണാം.അവടെ ആള്ണ്ടാവും.'
പുഴയില്‍ നിന്ന് മാട്ടം കയറി ച്ചെന്നു.
അരവിന്ദനും ഷാജിയും വേണുവും ക്യാമറ കഴുത്തില്‍ തൂക്കി എന്നെല്‍ബിയും പിന്നെയും ആരൊക്കെയോ ഉണ്ടായിരുന്നു.
അരവിന്ദന്‍ എന്നെ നോക്കി പത്മനാഭനാേട് കത്രികയും ചീര്‍പ്പും കൊണ്ടുവരാന്‍ ശബ്ദം പുറത്തു വരാതെ ആംഗ്യ ഭാഷയില്‍ പറഞ്ഞു.
ഞാനൊരു പായില്‍ മുറ്റത്ത് ചമ്രം പടിഞ്ഞിരുന്നു. ആരോ ഒരു മുണ്ട് കൊണ്ടുവന്നെന്നെ പുതപ്പിച്ചു.അരവിന്ദന്‍ ഒരു സ്റ്റൂളിലിരുന്നെന്റെ മുടി വെട്ടാന്‍ തുടങ്ങി. അകത്തുനിന്ന് ആരോ ഉറക്കെ പാടുന്നു. രാമപ്പൊതുവാളാണ്.
മുടി വെട്ടുമ്പോള്‍ ഞാനോര്‍ത്തു; ഓരോ മതത്തിനും അതില്‍ പുതിയതായി ചേരുന്നവര്‍ക്ക് ചേലാകര്‍മ്മം പോലെ, ചില കര്‍മ്മങ്ങളും ചടങ്ങുകളുമുണ്ട്.അങനെ ഒന്നാവാം ഈ മുടി മുറിക്കല്‍ .
' ഇനി പുഴയില്‍ പോയി കുളിച്ചു വന്നോളൂ' വേണുവാണത് പറഞ്ഞത്.
മാമോദീസ മുങ്ങലാവും.ഞാന്‍ മനസ്സില്‍ നിരീച്ചു.
?
അന്ന് ഇരുപത്തിനാലു വയസ്സേ ആയിട്ടുണ്ടായിരുന്നുള്ളു എങ്കിലും വീട്ടിലും നാട്ടിലും മറ്റാര്‍ക്കും അവകാശപ്പെടാന്‍ ആവാത്തത്ര ചീത്തപ്പേരുണ്ടായിരുന്നു.
ആ പേരുകള്‍ ഓരോന്നായി എണ്ണിപ്പറയുകയാണെങ്കില്‍ ഒരു പക്ഷെ വായിക്കുന്നവര്‍ക്ക് വളരെ സന്തോഷമാവും. പക്ഷെ, ഈ കുറിപ്പ് നീണ്ടു പോവും.
(യോഗമുണ്ടെങ്കില്‍ വേറൊരിക്കലാവാം.) ഇന്ന് ആ ജിജ്ഞാസുക്കളെ സന്തോഷിപ്പിക്കാനാവാതെ വന്നതില്‍ എനിക്കുള്ള ഖേദം നിര്‍വ്യാജം രേഖപ്പെടുത്തട്ടെ.
എന്നാലൊന്നെനിക്കറിയാം.
വെടക്ക്
ചീത്ത
പാപം
എന്നിങ്ങനെ നരകത്തിലേക്കുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സിനിമയിലേയ്ക്കുള്ള ആ മാര്‍ക്കം കൂടലിനു ശേഷവും ഞാന്‍ കേടുകൂടാതെ സൂക്ഷിച്ചിട്ടുണ്ട്.
വേണുവിനെ ഓര്‍ത്ത് എഴുതാന്‍ തുടങ്ങിയതാണ്.
എഴുതി വന്നപ്പോള്‍ ഞാന്‍ നരകത്തിന്റെ വാതില്‍ക്കലേക്കു നടക്കുകയാണെന്ന് അറിഞ്ഞതേ ഇല്ല.
ഒരു സങ്കടം മാത്രമെ ഉള്ളൂ.
ഈ വേണുവും മമ്മൂട്ടിയുമൊക്കെ മരണാനന്തരം
സ്വര്‍ഗ്ഗത്തിലായിരിക്കും ചെന്നുചേരുന്നത്.
നരകത്തില്‍ എന്നെ കാത്തിരിക്കുന്നവര്‍ എന്തായാലും ഏറെയും എന്റെ സ്‌നേഹതരായിരിക്കും അതെനിക്കുറപ്പുണ്ട് .
പ്രതീക്ഷയുണ്ട്.
തിളച്ച എണ്ണ വീഞ്ഞാക്കാനും
കത്തുന്ന തീയ്യ് പൂവ്വാകയാക്കാനും അറിയാവുന്ന മയൂരനാഥന്മാരാണെന്റെ സ്‌നേഹിതര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates