

ചെന്നൈ: തമിഴ്‌നാട്ടിലെ തീയേറ്ററുകളില്‍ എല്ലാ സീറ്റുകളിലും ആളുകളെ ഇരുത്താം എന്ന സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ഡോക്ടറുടെ തുറന്ന കത്ത്. ഡോ. അരവിന്ദ് ശ്രീനിവാസ് ആണ് കത്ത് എഴുതിയിരിക്കുന്നത്. വിജയ്, സിലമ്പരസന്‍ എന്നീ നടന്‍മാരെയും സര്‍ക്കാരിനെയും അഭിസംബോധന ചെയ്താണ് കത്തെഴുയിതിരിക്കുന്നത്. കോവിഡ് വ്യാപനം പൂര്‍ണമായി വിട്ടൊഴിയാത്ത സാഹചര്യത്തില്‍ തീയേറ്ററുകളില്‍ എല്ലാ സീറ്റുകളിലും ആളുകളെ ഇരുത്താം എന്ന തീരുമാനം ആത്മഹത്യാപരമാണെന്ന് അദ്ദേഹം കത്തില്‍ പറയുന്നു. വിജയുടെ മാസ്റ്റര്‍, സിമ്പുവിന്റെ ഈശ്വരന്‍ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് തീരുമാനിച്ചതിന് പിന്നാലെയാണ് തീയേറ്ററുകളില്‍ നീറു ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.
'പോളിസി മേക്കേര്‍മാരോ ഹീറോകളോ ആരും തന്നെ ജനക്കൂട്ടത്തിനിടയിലിരുന്ന് സിനിമ കണ്ട് സ്വന്തം ജീവന്‍ അപകടത്തിലാക്കുമെന്ന് എനിക്കു തോന്നുന്നില്ല. ഇത് നഗ്‌നമായ ഒരു ബാര്‍ട്ടര്‍ സംവിധാനമാണ്, പണത്തിനായി ജീവിതം വ്യാപാരം ചെയ്യുന്നു.'-കത്തില്‍ പറയുന്നു.
ഡോ. അരവിന്ദ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവ കത്ത് ഇങ്ങനെ
പ്രിയ നടന്‍ വിജയ് സാറിന്, സിലമ്പരസന്‍ സാറിന്, ബഹുമാന്യരായ തമിഴ്‌നാട് ഗവണ്‍മെന്റിന്,
ഞാന് ക്ഷീണിതനാണ്. ഞങ്ങള്‍ എല്ലാവരും ക്ഷീണിതരാണ്. എന്നെപ്പോലുള്ള ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ ക്ഷീണിതരാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ക്ഷീണിതരാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ ക്ഷീണിതരാണ്. ശുചീകരണ തൊഴിലാളികള്‍ ക്ഷീണിതരാണ്.
അപ്രതീക്ഷിതമായ ഈ മഹാമാരിയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരമാവധി കുറയ്ക്കാന്‍ പരമാവധി കഷ്ടപ്പെടുകയാണ് ഞങ്ങള്‍. ഞങ്ങളുടെ ജോലിയെ ഞാന്‍ മഹത്വവത്കരിക്കുന്നില്ല, കാരണം കാഴ്ചക്കാരന്റെ കണ്ണില്‍ ഇതിനത്ര വലുപ്പമൊന്നും ഇല്ലെന്ന് എനിക്കറിയാം. ഞങ്ങള്‍ക്ക് മുന്നില്‍ ക്യാമറകളില്ല. ഞങ്ങള്‍ സ്റ്റണ്ട് സീക്വന്‍സുകള്‍ ചെയ്യില്ല. ഞങ്ങള്‍ ഹീറോകളല്ല. എന്നാല്‍ ശ്വസിക്കാന്‍ കുറച്ച് സമയം ഞങ്ങള്‍ അര്‍ഹിക്കുന്നു. ആരുടെയെങ്കിലും സ്വാര്‍ത്ഥതയ്ക്കും അത്യാഗ്രഹത്തിനും ഇരയാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.
മഹാമാരി ഇനിയും അവസാനിച്ചിട്ടില്ല. ഈ ദിവസം വരെ രോഗം ബാധിച്ച് ആളുകള്‍ മരിക്കുന്നു. തിയേറ്ററുകളില്‍ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം ആത്മഹത്യാപരമാണ്. ഇത് നരഹത്യയാണ്, കാരണം പോളിസി മേക്കേര്‍മാരോ ഹീറോകളോ ആരും തന്നെ ജനക്കൂട്ടത്തിനിടയിലിരുന്ന് സിനിമ കണ്ട് സ്വന്തം ജീവന്‍ അപകടത്തിലാക്കുമെന്ന് എനിക്കു തോന്നുന്നില്ല. ഇത് നഗ്‌നമായ ഒരു ബാര്‍ട്ടര്‍ സംവിധാനമാണ്, പണത്തിനായി ജീവിതം വ്യാപാരം ചെയ്യുന്നു.
നമുക്ക് പതുക്കെ പതുക്കെ ശ്രമിച്ച് നമ്മുടെ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സമാധാനപരമായി ഈ മഹാമാരിയെ മറികടക്കാനും സാധിക്കില്ലേ?
ഈ കുറിപ്പ് ശാസ്ത്രീയമാക്കാനും നാം എന്തുകൊണ്ടാണ് ഇപ്പോഴും അപകടത്തിലായിരിക്കുന്നത് എന്ന് വിശദീകരിക്കാനും ഞാന്‍ ആഗ്രഹിച്ചു. പക്ഷെ അതുകൊണ്ട് എന്താണ് കാര്യം എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു.
തളര്‍ച്ചയോടെ,
തളര്‍ന്ന ഒരു പാവം ഡോക്ടര്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates