'വിദ്യയ്ക്ക് നോ പറയാമായിരുന്നു, വസ്ത്രം മാറിയിരുന്നത് റോഡരികിൽ നിർത്തിയിട്ട കാറിൽ'; സൂപ്പർ ഹിറ്റ് ചിത്രത്തേക്കുറിച്ച് സംവിധായകൻ
സുജോയ് ഘോഷ് സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കഹാനി. ചെറിയ ബജറ്റിൽ നിർമ്മിച്ച ചിത്രം ബോക്സോഫീസിൽ വൻ വിജയമാകുകയും മൂന്ന് ദേശീയ അവാർഡുകൾ ഉൾപ്പെടെ നേടുകയും ചെയ്തു. 15 കോടി രൂപയായിരുന്നു സിനിമയുടെ ആകെ നിർമാണ ചെലവ്. 79.20 കോടി രൂപയോളം ചിത്രം ബോക്സോഫീസിൽ നേടുകയും ചെയ്തു.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കഹാനിയുടെ ഷൂട്ടിങ് അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ സുജോയ് ഘോഷ്. കഹാനിയിൽ നായികയായെത്തിയ വിദ്യ ബാലന് ഒരു കാരവൻ നൽകാൻ പോലും തങ്ങൾക്ക് കഴിഞ്ഞിരുന്നില്ലെന്ന് പറയുകയാണ് സംവിധായകൻ.
"അമിതാഭ് ബച്ചൻ, സഞ്ജയ് ദത്ത് തുടങ്ങിയവരെ വച്ച് ചെയ്ത ചിത്രമായിരുന്നു അലാദിൻ. അത് വിജയിക്കുമെന്ന് ഞങ്ങൾ കരുതിയെങ്കിലും വൻ പരാജയമായി മാറി. അതിന് ശേഷം നാല് വർഷമെടുത്തു മറ്റൊരു ചിത്രത്തിനായി.
ഐസിഐസിഐയുടെ പരസ്യത്തിൽ വച്ചാണ് വിദ്യയെ കണ്ടത്. ഒരു ദിവസം വിദ്യക്കൊപ്പം സിനിമ ചെയ്യണമെന്ന് മനസിൽ കരുതി. സഞ്ജയ് ഗുപ്തയുടെ ഓഫീസിൽ വെച്ച് വീണ്ടും വിദ്യയെ കണ്ടു. മേഘ്ന ഗുൽസാറിന്റെ കഥ കേൾക്കാൻ വന്നതായിരുന്നു വിദ്യ. അവിടെ വെച്ച് ഒരുമിച്ച് സിനിമ ചെയ്യുമെന്ന് പരസ്പരം വാക്ക് നൽകി. ഒരു രൂപ നാണയവും ഇതിന്റെ ഭാഗമായി കൈമാറി. വിദ്യ എന്നെ രക്ഷിച്ചു, അതാണ് കഹാനി.
വിദ്യയ്ക്ക് വേണമെങ്കിൽ കഹാനിയോട് നോ പറയാമായിരുന്നു. പ്രത്യേകിച്ച് എന്റെ മുൻ ചിത്രമായി അലാദിൻ പരാജയപ്പെട്ട സ്ഥിതിയ്ക്ക്. പക്ഷേ വിദ്യ എനിക്ക് തന്ന വാക്കിൽ ഉറച്ചുനിന്നു. ഞങ്ങൾക്കൊരു ഐഡിയയുമില്ലായിരുന്നു, കാരണം ഞങ്ങളുടെ കൈയ്യിൽ ബജറ്റ് ഇല്ല. വിദ്യയ്ക്ക് ഒരു കാരവാൻ നൽകാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. ഷൂട്ട് നിർത്തി വെക്കാനുള്ള ലക്ഷ്വറിയും ഇല്ല.
വിദ്യയ്ക്ക് വസ്ത്രം മാറേണ്ടി വരുമ്പോൾ അവരുടെ ഇന്നോവ കാറിന് ചുറ്റും കറുപ്പ് നിറത്തിലെ തുണി കൊണ്ട് മറയ്ക്കും, വിദ്യ അതിനുള്ളിലിരുന്ന് വസ്ത്രം മാറും. വളരെ അർപ്പണബോധമുള്ള നടിയാണ് വിദ്യ." - സുജോയ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

