ഞാൻ ​ഗർഭിണിയാണെന്ന് പറഞ്ഞാൽ എന്തു ചെയ്യും? വിവാഹത്തിന് മുൻപുള്ള ലൈം​ഗികതയെക്കുറിച്ച്? മകളുടെ ചോദ്യങ്ങൾക്ക് അനുരാ​ഗിന്റെ മറുപടി; വിഡിയോ

അച്ഛന് ഐസ് ക്രീം വാങ്ങി നൽകിയ ശേഷം കുറച്ചു ചോദ്യങ്ങൾ ചോദിക്കുകയാണ് ആലിയ
അനുരാ​ഗ് കശ്യപും മകൾ ആലിയയും/ ഇൻസ്റ്റ​ഗ്രാം
അനുരാ​ഗ് കശ്യപും മകൾ ആലിയയും/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അനുരാ​ഗ് കശ്യപ്. തന്റെ സിനിമകളിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും നിലപാട് അറിയിക്കാറുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ മകൾ ആലിയയും സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളും നിലപാടുകളുമെല്ലാം ആലിയ പങ്കുവെക്കാറുണ്ട്. ഫാദേഴ്സ് ഡേയിൽ അനുരാ​ഗിനൊപ്പമുള്ള വിഡിയോ ആണ് ആലിയ പങ്കുവെച്ചത്. അച്ഛന് ഐസ് ക്രീം വാങ്ങി നൽകിയ ശേഷം കുറച്ചു ചോദ്യങ്ങൾ ചോദിക്കുകയാണ് ആലിയ. വിവാഹത്തിന് മുൻപുള്ള ലൈം​ഗികതയെക്കുറിച്ചും ​ഗർഭധാരണത്തെക്കുറിച്ചും കാമുകനെക്കുറിച്ചുമെല്ലാമുള്ള മകളുടെ ചോദ്യത്തിന് അനുരാ​ഗ് മറുപടി പറയുന്നുണ്ട്. 

തന്റെ കാമുകൻ ഷെയ്ൻ ​ഗ്രി​ഗറിയെക്കുറിച്ചായിരുന്നു ആലിയയുടെ ആദ്യ ചോദ്യം. ഷെയ്നെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് അനുരാ​ഗിനുള്ളത്. "എനിക്ക് അവനെ ഇഷ്ടമാണ്. എനിക്ക് നീ ആൺ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന രീതി ഇഷ്ടമാണ്. അവൻ വളരെ ആത്മീയതയുള്ളവനാണ്, വളരെ ശാന്തനാണ്, മാത്രമല്ല 40 വയസായവർക്ക് പോലും കാണാത്ത പല നല്ല കാര്യങ്ങളും അവനിലുണ്ട്. ബുദ്ധിമുട്ടുള്ള ഘട്ടങ്ങളിൽ കൂടെയുണ്ടാവുന്ന ആളാണ്"- താരം പറഞ്ഞു. 

വിവാഹത്തിന് മുൻപുള്ള ലൈം​ഗികതയെക്കുറിച്ച് അനുരാ​ഗ് പറഞ്ഞത് ഇങ്ങനെ; എൺപതുകളിൽ ഞങ്ങൾ ചോദിച്ചിരുന്ന ചോദ്യമാണിത്. കോളേജ് കാലഘട്ടത്തിലൊക്കെ ചോദിച്ച ചോദ്യം. ലൈംഗിക ബന്ധത്തിലേക്കും, ലൈംഗികതയിലേക്കും വരുമ്പോൾ ഒരാൾ അതിനെ മനസിലാക്കിയുള്ള തീരുമാനം വേണം സ്വീകരിക്കാൻ. ഒരിക്കലും സമപ്രായക്കാരുടെ അഭിപ്രായവും മറ്റും നോക്കിയാവരുത്. ഞാനൊരു സംഭവമാണെന്ന് കാണിക്കാനായി എന്തെങ്കിലും ചെയ്യുന്നത് നല്ലതല്ല, അതുപോലെ ചിലരുടെ ഇടയിൽ സ്ഥാനം നേടാനായും ചെയ്യുന്നത് നല്ലതല്ല. നിനക്കത് ചെയ്യണമെന്ന് ശരിക്കും തോന്നുകയാണെങ്കിൽ, നീ അതിന് തയ്യാറാണെങ്കിൽ, നിനക്കൊരാൾ ഉണ്ടെങ്കിൽ.. അങ്ങനെ ചെയ്യാം. അതേറെ സ്പെഷ്യലായിരിക്കണം.

താൻ ​ഗർഭിണിയാണെന്ന് പറയുകയാണെങ്കിൽ എന്തായിരിക്കും മറുപടി എന്നായിരുന്നു ആലിയയുടെ മറ്റൊരു ചോദ്യം. മകളുടെ അഭിപ്രായത്തിനാണ് താൻ വില കൊടുക്കുകയെന്നും എന്ത് തീരുമാനിച്ചാലും താൻ അതിനൊപ്പം നിൽക്കുമെന്നും അനുരാ​ഗ് പറയുന്നു. ആൺ സുഹൃത്തുക്കളെക്കുറിച്ചും സ്വവർ​ഗാനുരാ​ഗത്തെക്കുറിച്ചുമെല്ലാം മകൾ ചോദ്യങ്ങളുമായി എത്തി. ഇതിലൊന്നിലും പ്രശ്നങ്ങളില്ലെന്നും ആലിയയുടെ താൽപ്പര്യങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ കൗമാരിക്കാരിയായ തൻ‍റെ മകൾ സി​ഗരറ്റ് വലിക്കുന്നതും മദ്യപിക്കുന്നതും താൻ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണം പുകവലിയാണെന്നും അതിനാൽ ആരു വലിച്ചാലും താൻ അതിനെ പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com