

അടുത്തിടെയാണ് തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 2016 മുതൽ 2022 വരെയുള്ള ആറ് വർഷത്തെ പുരസ്കാരങ്ങളാണ് വിതരണം ചെയ്തത്. മലയാളി താരങ്ങളും പുരസ്‌കാരത്തിന് അർഹരായിരുന്നു. ഉർവശി, മഞ്ജു വാര്യർ, അപർണ ബാലമുരളി, ലിജോ മോൾ ജോസ്, നയൻതാര, കീർത്തി സുരേഷ് തുടങ്ങിയവരാണ് അവാർഡിന് അർഹരായ മലയാളികൾ.
താരങ്ങളാൽ സമ്പന്നമായ അവാർഡ് വേദിയിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇതിനിടെ പറ്റിയ ഒരു അബദ്ധമാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ വാരിക്കൂട്ടുന്നത്. 2020ലെ മികച്ച നടനുള്ള പുരസ്‌കാരം സൂര്യയ്ക്ക് ആയിരുന്നു. എന്നാൽ അവാർഡ് ഫലകത്തിൽ എഴുതിയ പേര് എ ആർ റഹ്മാന്റെ ആയിരുന്നു.
അവാർഡ് വാങ്ങി നോക്കിയ സൂര്യ അപ്പോൾ തന്നെ സദസിലിരുന്ന റഹ്മാന് നേരെ കൈ ചൂണ്ടി ‘ഇത് താങ്കളുടേതെന്ന്’ പറയുന്നത് വിഡിയോയില്‍ കാണാനാകും. സ്റ്റേജില്‍ നിന്ന് ഇറങ്ങിയ സൂര്യ അവാര്‍ഡ് ഫലകം റഹ്മാനെ കാണിക്കുന്നതും ഇത് കണ്ട് ചിരിക്കുന്നതിന്റെയും വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 'എ ആർ റഹ്‌മാൻ ആളാകെ മാറിപ്പോയി ഇപ്പോൾ കണ്ടാൽ സൂര്യയെ പോലെയുണ്ട്' എന്നാണ് ട്രോളുകൾ.
'വായിക്കാൻ അറിയുന്ന ആരും ഇല്ലേ അവിടെ എന്നും' തമിഴ്നാട് ഗവൺമെന്റിനെ കളിയാക്കി കൊണ്ടുള്ള ട്രോളുകളും എത്തുന്നുണ്ട്. 'ഇത്രയും അവാർഡുകൾ ഒന്നിച്ച് കൊടുക്കുമ്പോൾ ആർക്കായാലും തെറ്റ് പറ്റുമെന്നും' ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അതിനിടയിൽ സൂര്യയ്ക്ക് അവാർഡ് ലഭിച്ചതിൽ ആശംസകളും ആരാധകർ നേരുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates