
98-ാമത് ഓസ്കർ പ്രഖ്യാപനത്തിൽ നിരവധി പുരസ്കാരങ്ങളാണ് 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' എന്ന ചിത്രം നേടിയത്. ആറോളം പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. ഇത്തവണത്തെ ഓസ്കർ പുരസ്കാരം നേടിയ ചിത്രങ്ങളിൽ എത്ര സിനിമകൾ നിങ്ങൾ കണ്ടിട്ടുണ്ട് ?. ഇനിയിപ്പോൾ ഇതൊന്നും ഞാൻ കണ്ടിട്ടില്ല എന്നോർത്ത് ആരും വിഷമിക്കണ്ട. നേരെ ഒടിടിയിലേക്ക് പോന്നോളൂ. വൺ ബാറ്റിൽ ആഫ്റ്റർ അനദർ ഉൾപ്പെടെ ഇത്തവണത്തെ ഓസ്കറിൽ തിളങ്ങിയ ആ ചിത്രങ്ങൾ ഏതൊക്കെ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് എന്ന് നോക്കിയാലോ.
പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ സംവിധാനം ചെയ്ത ചിത്രമാണ് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍. മികച്ച ചിത്രം, മികച്ച സംവിധായകന്‍, എഡിറ്റിങ്, സഹനടന്‍, അവലംബിത തിരക്കഥ, കാസ്റ്റിങ് എന്നീ പുരസ്‌കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. ലിയോണാർഡോ ഡികാപ്രിയോ ആണ് ചിത്രത്തിൽ നായകനായെത്തിയത്. തോമസ് പൈൻചോണിന്റെ ‘വൈൻലാൻഡ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 2025 സെപ്റ്റംബർ 26നാണ് ഇന്ത്യയിൽ റിലീസ് ചെയ്തത്. വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് ആണ് ഈ ചിത്രം ലോകമെമ്പാടും വിതരണം ചെയ്തത്. ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ കാണാനാകും.
മികച്ച നടൻ അടക്കമുള്ള പുരസ്കാരമടക്കം നാല് അവാർഡുകൾ നേടിയ ചിത്രമാണ് സിന്നേഴ്സ്. ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹണത്തിന് അവാർഡ് നേടുന്ന ആദ്യ വനിതയായി ഓട്ടം ഡ്യൂറൾഡ് അർക്കപോ മാറി. അക്കാദമിയുടെ ചരിത്രത്തിൽ ഈ വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ വനിതയാണ് ഓട്ടം. പതിനാറ് നോമിനേഷനുകളുമായാണ് ‘സിന്നേഴ്സ്’ ഓസ്കർ വേദിയിലെത്തിയത്. മികച്ച നടൻ, ഛായാഗ്രഹണം, മ്യൂസിക് സ്കോർ, തിരക്കഥ എന്നിവയ്ക്കാണ് പുരസ്കാരങ്ങൾ. റയാൻ കൂഗ്ലർ രചനയും സംവിധാനവും നിർവഹിച്ച് 2025ൽ പുറത്തിറങ്ങിയ ഹൊറർ-ആക്ഷൻ ഡ്രാമ ചിത്രമാണ് ‘സിന്നേഴ്സ്’. മൈക്കിൾ ബി ജോർദൻ ഇരട്ട വേഷത്തിൽ എത്തിയ ചിത്രം വലിയ നിരൂപക പ്രശംസയും പിടിച്ചുപറ്റി. 2025 ഏപ്രിൽ 18ന് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തു. ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം ലഭ്യമാണ്.
ഇത്തവണത്തെ മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം ഹാംനെറ്റിലൂടെ ജെസി ബക്ലി സ്വന്തമാക്കി. മാഗി ഓഫാരലിന്റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി ക്ലോയി ഷാവോ സംവിധാനം ചെയ്ത ചിത്രമാണ് ഹംനെറ്റ്. വിഖ്യാത എഴുത്തുകാരൻ വില്യം ഷേക്സ്പിയറുടെയും ഭാര്യ ആഗ്നസിന്റെയും (ആനി ഹാതവേ) ജീവിതമാണ് സിനിമയുടെ പ്രമേയം. അവരുടെ 11 വയസ്സുള്ള മകൻ ഹംനെറ്റിന്റെ മരണവും തുടർന്നുണ്ടാകുന്ന ആഘാതങ്ങളും സിനിമ പറയുന്നു. 2025 ഓഗസ്റ്റിൽ ടെല്ലുറൈഡ് ഫിലിം ഫെസ്റ്റിവലിലായിരുന്നു ആദ്യ പ്രദർശനം. മികച്ച പ്രതികരണം ലഭിച്ച ചിത്രം നിലവിൽ ഇന്ത്യയിൽ ലഭ്യമല്ല.
മേരി ഷെല്ലിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഗില്ലെർമോ ഡെൽ ടോറോ സംവിധാനം ചെയ്ത ചിത്രമാണ് ഫ്രാങ്കെൻസ്റ്റൈൻ. കോസ്റ്റ്യൂമിലും മേക്കപ്പിലുമാണ് ചിത്രം ഓസ്കർ നേടിയത്. ഓസ്കർ ഐസക്, ജേക്കബ് എലോർഡി, മിയ ഗോത്ത്, ക്രിസ്റ്റോഫ് വാൾട്ട്സ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. അമിതമായ ആത്മവിശ്വാസമുള്ള ഒരു ശാസ്ത്രജ്ഞൻ പുതിയൊരു ജീവിയെ സൃഷ്ടിക്കാൻ നടത്തുന്ന പരീക്ഷണങ്ങളും അതിന്റെ ഭീകരമായ പ്രത്യാഘാതങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാൻ കഴിയും.
മികച്ച ശബ്ദസന്നിവേശത്തിനുള്ള ഓസ്കർ പുരസ്കാരമാണ് എഫ് വൺ സ്വന്തമാക്കിയത്. ജോസഫ് കോസിൻസ്കി സംവിധാനം ചെയ്ത് 2025ൽ പുറത്തിറങ്ങിയ വമ്പൻ ബജറ്റ് ചിത്രമാണ് ‘എഫ് വൺ’. ഫോർമുല വൺ റേസിങിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം മുപ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തുന്ന സോണി ഹെയ്‌സ് (ബ്രാഡ് പിറ്റ്) എന്ന ഡ്രൈവറുടെ കഥയാണ് പറയുന്നത്. ബ്രാഡ് പിറ്റ്, ഡാംസൺ ഇഡ്രിസ്, ജാവിയർ ബാർഡെം, കെറി കോണ്ടൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. പ്രശസ്ത റേസിങ് താരം ലൂയിസ് ഹാമിൽട്ടൺ ഈ ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളാണ് എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ബ്രാഡ് പിറ്റിന്റെ കരിയറിലെ ഏറ്റവും വലിയ വിജയവും എക്കാലത്തെയും മികച്ച കളക്ഷൻ നേടുന്ന ‘ഓട്ടോ റേസിങ്’ സിനിമയുമാണ്. ചിത്രം ആമസോൺ പ്രൈം വിഡിയോയിലൂടെ നിങ്ങൾക്ക് കാണാൻ കഴിയും.
മികച്ച വിദേശ ഭാഷാ ചിത്രമായി തിരഞ്ഞെടുത്ത സിനിമയാണ് സെന്റിമെന്റൽ വാല്യു. ജോക്കിം ട്രയർ സംവിധാനം ചെയ്ത നോർവീജിയൻ ചിത്രമാണിത്. ജോക്കിം ട്രയറും എസ്കിൽ വോഗ്റ്റും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. നോറ, ആഗ്നസ് എന്നീ രണ്ട് സഹോദരിമാരും അവരുടെ പിതാവ് ഗുസ്താവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധമാണ് സിനിമയുടെ പ്രമേയം. 2025 ഓഗസ്റ്റ് 20ന് ഫ്രാൻസിലാണ് ചിത്രം ആദ്യമായി റിലീസ് ചെയ്തത്. നോർവീജിയൻ, സ്വീഡിഷ്, ഇംഗ്ലീഷ്, ഡാനിഷ് എന്നീ നാല് ഭാഷകളിലായാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം എംയുബിഐ (MUBI) എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ കാണാനാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates