

മലപ്പുറം: ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ ഷംല ഹംസയെ അധിക്ഷേപിച്ച് വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസി. ഈ പുരസ്കാര പ്രഖ്യാപനം മുസ്ലിം ന്യൂനപക്ഷങ്ങളെ സോപ്പിടാനാണെന്ന് ഷാഹിന നിയാസി പറഞ്ഞു. ഷംല ഹംസയെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ച നജീബ് കാന്തപുരം എംഎൽഎ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയുടെ താഴെയാണ് ഷാഹിന നിയാസി കമന്റുമായെത്തിയിരിക്കുന്നത്.
'മുസ്ലിം ന്യൂനപക്ഷങ്ങളെ സോപ്പിടാൻ ആണ് ഈ അവാർഡൊക്കെ'- എന്നൊണ് ഷാഹിന കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഷാഹിനയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. "മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഷംല ഹംസയെ വീട്ടിൽ ചെന്ന് അഭിനന്ദിച്ചു. മേലാറ്റൂർ ഉച്ചാരക്കടവിലെ ഷാലുവിന്റെ ഭാര്യയാണ് ഷംല.
ഫെമിനിച്ചി ഫാത്തിമയിലെ അഭിനയമാണ് ഷംലയെ സംസ്ഥാന അവാർഡിന് അർഹയാക്കിയത്. അഭിനയത്തിൽ ഒരു ട്രാക്ക് റെക്കോർഡുമില്ലാതെയാണ് ഈ പെൺകുട്ടി മികച്ച നേട്ടം കൊയ്തത്. സാധാരണ കുടുംബത്തിൽ നിന്ന് വന്ന് അംഗീകാരത്തിന്റെ നെറുകയിലേക്ക് കയറിയ ഷംലക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
സംസ്ഥാന ഫിലിം അവാർഡ് പെരിന്തൽമണ്ണയിലേക്കെത്തിച്ച പ്രതിഭാ ശാലിയായ നടിക്ക് നന്ദി"- എന്നാണ് നജീബ് കാന്തപുരം വിഡിയോ പങ്കുവച്ച് ഫെയ്സ്ബുക്കിൽ കുറിച്ചത്. ഐഎഫ്എഫ്കെയിലും മികച്ച പ്രകടനം കാഴ്ചവച്ച ചിത്രമായിരുന്നു ഫെമിനിച്ചി ഫാത്തിമ.
അന്ന് മികച്ച സിനിമയായി പ്രേക്ഷകർ ഫെമിനിച്ചി ഫാത്തിമയെ തിരഞ്ഞെടുത്തിരുന്നു. ജൂറി പുരസ്കാരവും ചിത്രത്തിന് ലഭിച്ചിരുന്നു. ഫാസിൽ മുഹമ്മദ് ആണ് ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്തിരിക്കുന്നത്. തമർ കെ വിയും സുധീഷ് സ്കറിയയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates