കുടുംബത്തിന്റെ പിന്തുണയുള്ളതു കൊണ്ട് കരിയറിനും മാതൃത്വത്തിനുമിടയിൽ സന്തുലിതാവസ്ഥ നിലനിർത്താൻ തനിക്കായെന്ന് നടി യാമി ഗൗതം. അമ്മയായതിന് ശേഷവും തനിക്ക് സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞുവെന്ന് നടി കൂട്ടിച്ചേർത്തു. ഗൃഹശോഭയ്ക്ക് നൽകിയ അഭിമുഖത്തിലാണ് യാമി തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് മനസ് തുറന്നത്. "അഭിനയമെന്നത് എപ്പോഴും പ്രചോദനത്തിന്റെ ഉറവിടമായിരുന്നു.
അതുകൊണ്ട് ഈ കരിയർ ഒരിക്കലും ഉപേക്ഷിക്കരുതെന്നാണ് എന്റെ തീരുമാനം. അഭിനയം എന്റെ അഭിനിവേശമായതിനാൽ വിവാഹ ശേഷവും അഭിനയ ജീവിതത്തെ ഞാൻ ഗൗരവമായാണ് കാണുന്നത്. വിവാഹശേഷം സ്ത്രീ അമ്മയാകുമ്പോൾ കുടുംബത്തിന്റെയും കുട്ടികളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്നതിനാൽ അവൾക്ക് പലപ്പോഴും തന്റെ പല സ്വപ്നങ്ങളും ഇഷ്ടങ്ങളും ത്യജിക്കേണ്ടി വരും.
പക്ഷേ അക്കാര്യത്തിൽ ഞാൻ ആദിത്യയോട് നന്ദി പറയുകയാണ്. പൂർണമായും മനസ് അർപ്പിച്ച് എനിക്ക് എന്റെ ജോലി ചെയ്യാൻ സാധിക്കുന്നുണ്ട്. - യാമി ഗൗതം പറഞ്ഞു. ഷൂട്ടിന് പോകുമ്പോഴോ വീട്ടിൽ മകനെ ഒറ്റയ്ക്ക് നിർത്തുമ്പോഴോ താനില്ലാതെ മകൻ എങ്ങനെ കഴിയുമെന്നോർത്ത് ഒരിക്കലും എനിക്ക് വിഷമിക്കേണ്ടി വന്നിട്ടില്ല.
എന്റെ അമ്മ അതൊക്കെ ഭംഗിയായി കൈകാര്യം ചെയ്യും". -യാമി കൂട്ടിച്ചേർത്തു. ധുരന്ധർ, ഉറി ദ് സർജിക്കൽ സ്ട്രൈക്ക് എന്നീ ചിത്രങ്ങളുടെ സംവിധായകനായ ആദിത്യ ധർ ആണ് യാമിയുടെ ഭർത്താവ്. പൃഥ്വിരാജ് നായകനായെത്തിയ ഹീറോ എന്ന ചിത്രത്തിലൂടെ മലയാളത്തിലും നടി എത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates