

യഷ് നായകനായെത്തുന്ന ടോക്സിക്കിന്റെ ടീസറിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. ശ്മശാനത്തിൽ ഒരു കാറിനുള്ളിൽ വെച്ചുള്ള ഇന്റിമേറ്റ് രംഗങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്. ഈ രംഗങ്ങൾ അശ്ലീലമാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി കർണാടക സംസ്ഥാന വനിതാ കമ്മീഷനിൽ പരാതിയും നൽകിയിരുന്നു. ഇതിനിടെ യഷിന്റെ പഴയൊരു അഭിമുഖം വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
കന്നഡ നടൻ രമേഷ് അരവിന്ദ് അവതാരകനായ 'വീക്കെൻഡ് വിത്ത് രമേഷ്' എന്ന ടോക്ക് ഷോയിൽ യഷ് മുൻപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. "എന്റെ മാതാപിതാക്കൾക്കൊപ്പം ഇരുന്ന് കാണാൻ ബുദ്ധിമുട്ടുള്ള ഒരു രംഗവും ഞാൻ സിനിമയിൽ ചെയ്യില്ല" എന്നായിരുന്നു അന്ന് യഷ് പറഞ്ഞത്.
താരത്തിന്റെ ഈ പഴയ നിലപാടും പുതിയ ടീസറിലെ രംഗങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ് ആരാധകർക്കും വിമർശകർക്കുമിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. യഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
കാലത്തിനനുസരിച്ച് മനുഷ്യരുടെ കാഴ്ചപ്പാടുകൾ മാറുമെന്നും, 15 വർഷം മുൻപുള്ള അഭിപ്രായമല്ല ഇപ്പോൾ വേണ്ടതെന്നും അവർ വാദിക്കുന്നു. വെറും അഭിനയത്തിന്റെ പേരിൽ ഒരാളെ മാറ്റി നിർത്തുന്നത് ശരിയല്ലെന്നും ഇത് നിയമവിരുദ്ധമോ പാപമോ അല്ലെന്നും ചിലർ പറയുന്നു. ഗീതു മോഹൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ടോക്സിക് ടീസർ പുറത്തുവന്നതിന് പിന്നാലെ ഗീതു മോഹൻദാസിനെതിരെയും വിമർശനമുയർന്നിരുന്നു. ഗീതുവും യഷും ചേർന്നാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. കിയാര അദ്വാനി, താര സുതാരിയ, നയൻതാര എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'ടോക്സിക്' മാർച്ച് 19-ന് തിയറ്ററുകളിൽ എത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates