2024 സീക്വല്‍ വര്‍ഷം; പുഷ്പ പവറില്‍ വിന്നറായി തെലുങ്ക് സിനിമ, ബോളിവുഡില്‍ ഹൊററിന് നല്ല കാലം

ഈ വര്‍ഷം ഇന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും പണം വാരിയ പത്ത് സിനിമകളിൽ ഏഴും സീക്വലുകള്‍ തന്നെയായിരുന്നു
2024 sequel
Updated on
4 min read

'കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?' ഇന്ത്യന്‍ സിനിമയുടെ തലവര മാറ്റിയ ചോദ്യം. 2015ല്‍ എസ് എസ് രാജമൗലിയുടെ സംവിധാനത്തില്‍ ബാഹുബലി: ദി ബിഗിനിങ് റിലീസ് ചെയ്യുന്നത് ബോളിവുഡ് അടക്കിവാഴുന്ന ഇന്ത്യന്‍ സിനിമാലോകത്തേക്കാണ്. 180 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. അതുവരെ ഇറങ്ങിയതില്‍ ഏറ്റവും ചെലവേറിയ ചിത്രം. ഇന്ത്യന്‍ സിനിമയെ ഒന്നടങ്കം തച്ചുടയ്ക്കാനുള്ള പവര്‍ രാജമൗലി ചിത്രത്തിനുണ്ടായിരുന്നു. അതുവരെ ബോളിവുഡിന് ചുറ്റും വട്ടം കറങ്ങിയിരുന്ന ഇന്ത്യന്‍ സിനിമാലോകം തെന്നിന്ത്യയിലേക്ക് കണ്ണ് തിരിച്ചു. സിനിമകള്‍ക്കും തുടര്‍ച്ചകള്‍ ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ അറിഞ്ഞു. കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണ് എന്നറിയാനുള്ള അവരുടെ കാത്തിരിപ്പ് ഇന്ത്യന്‍ ബോക്സ് ഓഫിസിലേക്ക് എത്തിച്ചത് 1810 കോടി രൂപയാണ്. ഇന്ത്യന്‍ സിനിമ സീക്വലുകളുടെ സാധ്യത തിരിച്ചറിയുന്നതും ഇവിടെ നിന്ന്.

ബാഹുബലിയുടെ ആദ്യഭാഗം റിലീസ് ചെയ്തിട്ട് പത്താം വര്‍ഷത്തിലേക്ക് കടക്കാനിരിക്കെ ഇന്ത്യന്‍ സിനിമാലോകത്തിന് പറയാനുള്ളത് മറ്റൊരു തെന്നിന്ത്യന്‍ സീക്വലിന്റെ മഹാവിജയത്തെക്കുറിച്ചാണ്. അല്ലു അര്‍ജുനെ നായകനായി സുകുമാര്‍ ഒരുക്കിയ പുഷ്പ 2. നിറസദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രം ഇതിനോടകം കളക്റ്റ് ചെയ്തത് 1500 കോടിക്ക് മുകളിലാണ്.

2024 രേഖപ്പെടുത്തേണ്ടത് സീക്വല്‍ സിനിമകളുടെ പേരില്‍ തന്നെയാണ്. ഈ വര്‍ഷം ഇന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും പണം വാരിയ പത്ത് സിനിമകളിൽ ഏഴും സീക്വലുകള്‍ തന്നെയായിരുന്നു. ബോളിവുഡും തമിഴും മങ്ങിയപ്പോൾ സീക്വൽ പവറിൽ തെലുങ്ക് കളം നിറഞ്ഞു. ഈ വർഷം ആയിരം കോടി എന്ന മാന്ത്രിക സംഖ്യ തൊട്ടത് രണ്ട് തെലുങ്ക് ചിത്രങ്ങൾ മാത്രമാണ്. പുഷ്പയും കല്‍ക്കി 2898 എഡിയും.

pushpa 2
പുഷ്പ2

സീക്വല്‍ സമ്മാനിച്ച മഹാ വിജയങ്ങള്‍

തെന്നിന്ത്യയില്‍ പടര്‍ന്നുപിടിച്ച സീക്വല്‍ ഫീവര്‍ ബോളിവുഡിലേക്കും വ്യാപിക്കുന്നതാണ് ഈ വര്‍ഷം കണ്ടത്. ബോളിവുഡില്‍ ഇത്തവണ ഏറ്റവും പണംവാരിയ ചിത്രങ്ങളെല്ലാം സീക്വലുകളാണ്. സ്ത്രീ 2, ഭൂല്‍ ഭുലയ്യ 3, സിങ്കം എഗെയ്ന്‍ എന്നിവ മികച്ച വിജയമായി. എന്നാല്‍ ഹിന്ദി സിനിമകള്‍ക്ക് 2024 നിരാശയുടെ വര്‍ഷമാണ്. ബോളിവുഡിനെ തെന്നിന്ത്യ ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. തെന്നിന്ത്യന്‍ സിനിമകളായ പുഷ്പ2, കല്‍ക്കി 2898 എഡി, ദേവര പാര്‍ട്ട് 1 തുടങ്ങിയ സിനിമകള്‍ക്ക് ലഭിച്ച അംഗീകാരം ഹിന്ദി ഭാഷാ ചിത്രങ്ങള്‍ക്ക് ലഭിച്ചില്ല.

അല്ലു അര്‍ജുന്റെ പുഷ്പ തന്നെയാണ് കളക്ഷനില്‍ ഒന്നാമതുള്ളത്. 2021ല്‍ റിലീസ് ചെയ്ത ആദ്യ ഭാഗം ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും 400 കോടിക്ക് താഴെ മാത്രമായിരുന്നു കളക്ഷന്‍. എന്നാല്‍ രണ്ടാം ഭാഗത്തിലേക്കുള്ള കര്‍ട്ടന്‍ റേസര്‍ മാത്രമായിരുന്നു ഇത്. ബാഹുബലി 2നെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും പണം വാരിയ രണ്ടാമത്തെ ചിത്രമാകാനുള്ള ഒരുക്കത്തിലാണ് പുഷ്പ 2. നിലവില്‍ ഏറ്റവും പണം വാരിയ ഹിന്ദി ചിത്രമെന്ന നേട്ടവും അല്ലു അ‍ര്‍ജുന്‍ സിനിമയ്ക്ക് സ്വന്തം. ആയിരം കോടിക്ക് മുകളിലാണ് ഹിന്ദി ഭാഷയില്‍ നിന്ന് മാത്രം ചിത്രം വാരിയത്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി ആണ് രണ്ടാം സ്ഥാനത്തുള്ളത്. 1042 കോടിയാണ് ചിത്രം നേടിയത്.

indian 2
ഇന്ത്യൻ 2 ചിത്രീകരണത്തിനിടെ ശങ്കറും കമലഹാസനും ഫെയ്സ്ബുക്ക്

ബോക്‌സ് ഓഫിസിനെ ഞെട്ടിച്ച പരാജയങ്ങള്‍

പുഷ്പ ആദ്യം പ്ലാന്‍ ചെയ്തത് സീക്വല്‍ സിനിമയായിട്ടായിരുന്നില്ല എന്ന് നടന്‍ ഫഹദ് ഫാസില്‍ വ്യക്തമാക്കിയിരുന്നു. പുഷ്പരാജ് എന്ന കഥാപാത്രത്തിന്റെ സാധ്യത മനസിലാക്കിയതോടെയാണ് നിര്‍മാതാക്കള്‍ ചിത്രത്തെ ബ്രഹ്‌മാണ്ഡമാക്കി മാറ്റിയത്. പുഷ്പയുടെ കാര്യത്തില്‍ ഇത് വിജയിച്ചെങ്കിലും മറ്റ് പല സീക്വലുകള്‍ക്കും കാലിടറി. ഏറ്റവും വലിയ തിരിച്ചടി നേരിച്ചത് കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ 2 ആണ്. കമല്‍ഹാസന്റെ കരിയറിലെ ക്ലാസിക് കഥാപാത്രമായ സേനാപതിയുടെ രണ്ടാം വരവായിരുന്നു ചിത്രം. 300 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് നേടാനായത് 150 കോടി മാത്രമാണ്. ചിത്രത്തിന്റെ മൂന്നാം ഭാഗവും റിലീസിന് ഒരുങ്ങുന്നുണ്ട്. ആ ചിത്രത്തിന്റെ വിധി എന്താകും എന്നറിയാനാണ് ഇനിയുള്ള കാത്തിരിപ്പ്.

വമ്പന്‍ ഹൈപ്പിലെത്തിയ സൂര്യയുടെ കങ്കുവയും തകര്‍ന്നടിഞ്ഞു. 350 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രത്തിന് മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാനായില്ല. ബോക്‌സ് ഓഫിസില്‍ ബോംബ് ആയി മാറിയ മറ്റൊരു സീക്വലാണ് ഡബിള്‍ ഐസ്മാര്‍ട്ട്. റാം പോത്തിനേനി പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രം സംവിധാനം ചെയ്തത് പൂരി ജഗന്നാഥ് ആയിരുന്നു. 2019ല്‍ സൂപ്പര്‍ഹിറ്റായ സയന്‍സ് ഫിക്ഷന്‍ ചിത്രം ഐസ്മാര്‍ട്ട് ശങ്കറിന്റെ രണ്ടാം ഭാഗമായിരുന്നു ചിത്രം. 90 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം നേടിയത് 19 കോടിയാണ്.

yatra 2
യാത്ര 2

2013ലെ ബ്ലോക് ബസ്റ്റര്‍ ചിത്രം സൂദ് കാവും എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും ഈ വര്‍ഷം പ്രേക്ഷകരിലേക്ക് എത്തി. ചിത്രം വമ്പന്‍ പരാജയമായി. മമ്മൂട്ടി വൈ എസ് രാജശേഖര റെഡ്ഡിയായി എത്തിയ യാത്ര ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ്. എന്നാല്‍ വൈഎസ്ആറിന്റെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കഥ പറഞ്ഞ യാത്ര 2ന് നിരൂപക പ്രശംസയോ സാമ്പത്തിക വിജയമോ നേടാനായില്ല.

സ്ത്രീ 2
സ്ത്രീ 2

ഹൊറര്‍ സീക്വലിന് നല്ലകാലം

ഹൊറര്‍ സിനിമകള്‍ക്ക് എന്നും ആരാധക‍ര്‍ ഏറെയാണ്. ആദ്യഭാഗം ഹിറ്റായിട്ടുള്ള ഹൊറര്‍ ചിത്രങ്ങള്‍ക്ക് രണ്ടാം ഭാഗം ഇറങ്ങിയാല്‍ സൂപ്പര്‍ഹിറ്റ് ഉറപ്പിക്കാം. 2024ലും ഹൊറർ സീക്വലുകൾക്ക് കുറവുണ്ടായിരുന്നില്ല. ബോളിവുഡിൽ ഏറ്റവും പണം വാരിയ സ്ത്രീ 2, ഭൂൽ ഭുലയ്യ 3 എന്നിവ ഹൊറർ കോമഡി വിഭാ​ഗത്തിൽപ്പെടുന്നവയാണ്. കൂട്ടത്തിൽ ഞെട്ടിച്ചത് സ്ത്രീ 2 ആണ്. വെറും 100 കോടിയില്‍ താഴെ മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം നേടിയത് 870 കോടിക്ക് മേലെയായിരുന്നു. നിരൂപകരുടെ രൂക്ഷ വിമർശനത്തിന് ഇരയായെങ്കിലും ഭൂൽ ഭുലയ്യ 3 ബോക്സ് ഓഫിസിൽ സൂപ്പർഹിറ്റായി. 150 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം നേടിയത് 417 കോടിയാണ്.

തമിഴ് സിനിമാ ലോകത്തിന് ആശ്വാസം പകർന്നതും രണ്ട് ഹൊറർ സീക്വലുകളാണ്. ആദ്യ പകുതിയുടെ നിരാശയിൽ നിന്ന് തമിഴിനെ കൈപിടിച്ച് കയറ്റിയത് അരൺമനൈ 4ആണ്. തമിഴിലെ ആദ്യ 100 കോടിയായിരുന്നു ചിത്രം. സുന്ദർ സിയുടെ അരൺമനൈ ഫ്രാഞ്ചൈസിയിലെ ഏറ്റവും ഹിറ്റായി അരൺമനൈ 4 മാറി. കൂടാതെ 2015 ലെ സൂപ്പർഹിറ്റ് ചിത്രം ഡിമോണ്ട് കോളനിയുടെ രണ്ടാം ഭാ​ഗവും മിന്നും വിജയമായി. 20 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം 85 കോടിയാണ് നേടിയത്.

tillu square
തില്ലു സ്‌ക്വയര്‍

കുട്ടിച്ചിത്രങ്ങൾ വാരിയത് കോടികൾ

തെലുങ്കില്‍ അമ്പരപ്പിക്കുന്ന വിജയം നേടിയ ചിത്രമാണ് അനുപമ പരമേശ്വരന്‍ നായികയായി എത്തിയ തില്ലു സ്‌ക്വയര്‍. 2022ല്‍ റിലീസ് ചെയ്ത ഡിജെ തില്ലുവിന്റെ സീക്വലായിരുന്നു ചിത്രം . 40 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 130 കോടിക്ക് മുകളിലാണ് കളക്റ്റ് ചെയ്തത്. കൂടാതെ തെലുങ്കില്‍ തന്നെ റിലീസ് ചെയ്ത ഹനുമാനും വന്‍ വിജയമായി മാറി. പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമായാണ് ഹനു മാന്‍ എത്തിയത്. 40 കോടിയില്‍ ഒരുങ്ങിയ ചിത്രം വാരിയത് 350 കോടിക്ക് മേലെയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ജയ് ഹനുമാന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

വരുന്നത് സീക്വൽ യു​ഗം

ഇന്ത്യന്‍ സിനിമയില്‍ സീക്വലുകളുടെ കുത്തൊഴുക്ക് കാണാനിരിക്കുന്നതേയുള്ളൂ. സിനിമ വന്‍ വിജയമായാല്‍ മാത്രം രണ്ടാം ഭാഗം പ്രഖ്യാപിക്കുക എന്ന രീതിയല്ല നിലവിലുള്ളത്. പ്രേക്ഷകര്‍ ഏറ്റെടുക്കുമോ എന്ന് ഉറപ്പില്ലെങ്കിലും സിനിമയെ ബ്രഹ്‌മാണ്ഡമാക്കാനായി രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക എന്ന് അണിയറ പ്രവര്‍ത്തകര്‍ മുന്‍കൂട്ടി പ്രഖ്യാപിക്കും. ഈ വര്‍ഷം ഇറങ്ങിയ കല്‍ക്കി 2898 എഡി, ദേവര പാര്‍ട്ട് 1, കങ്കുവ തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. തിയറ്ററില്‍ തകര്‍ന്നടിഞ്ഞ കങ്കുവ പോലുള്ള ചിത്രങ്ങളുടെ രണ്ടാം ഭാഗം എത്തുമോ എന്ന കാര്യത്തില്‍ ഉറപ്പുപറയാനാവില്ല.

Kanguva
കങ്കുവ

സീക്വലുകളും ഫ്രാഞ്ചൈസികളും വര്‍ധിക്കുന്നതുകൊണ്ട് ഗുണവും ദോഷവുമുണ്ടെന്നാണ് വിലയിരുത്തലുകള്‍. ഇത്തരം വമ്പന്‍ പ്രൊജക്റ്റുകള്‍ സിനിമാമേഖലയ്ക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ബാഹുബലിയേയോ കെജിഎഫിനെയോ പോലെ കഥപറച്ചിലിന് പ്രധാന്യം കൊടുക്കാതെ ബിഗ് ബജറ്റില്‍ ബ്രഹ്‌മാണ്ഡ കാഴ്ച ഒരുക്കുക എന്നതിന് മാത്രം ശ്രദ്ധ കൊടുക്കുന്നത് തിരിച്ചടിയാകും. സീക്വലുകളുടെ അതിപ്രസരം ഇന്ത്യന്‍ സിനിമയുടെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും വിലയിരുത്തുന്നവരുണ്ട്. രണ്ടര മണിക്കൂറില്‍ പറഞ്ഞ് തീര്‍ക്കാവുന്ന കഥ വലിച്ചുനീട്ടി രണ്ട് ഭാഗങ്ങളിലായി കാണിക്കേണ്ടതുണ്ടോ എന്നാണ് ചോദ്യം.

premalu 2
പ്രേമലു 2

എന്നാല്‍ വരും വര്‍ഷങ്ങളില്‍ സീക്വല്‍ സിനിമകളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമാവും ഉണ്ടാവുക. സൂപ്പര്‍ഹിറ്റുകളായ പല സിനിമകളും ഇതിനോടകം രണ്ടാം ഭാഗങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കെജിഎഫ്, സലാര്‍, അനിമല്‍ തുടങ്ങിയ നിരവധി സിനിമകള്‍ക്കാണ് സീക്വലുകള്‍ വരാനുള്ളത്.

ഇതുവരെ നിശബ്ദരായിരുന്ന മലയാളം സിനിമ വരെ സീക്വലുകളിലേക്ക് കുതിക്കുന്ന കാഴ്ചയാണ്. മലയാളത്തിന് 2024 ഗംഭീര വര്‍ഷമായിരുന്നെങ്കിലും സ്പിന്‍ ഓഫ് ചിത്രമായി എത്തിയ മാര്‍ക്കോ മാത്രമാണ് സീക്വല്‍ ഗണത്തില്‍ ഉള്‍പ്പെട്ട ഏക ചിത്രം. എന്നാല്‍ 2025 അങ്ങനെയായിരിക്കില്ല. അടുത്ത വര്‍ഷം തുടക്കത്തില്‍ എത്തുന്ന എമ്പുരാനിലൂടെ സീക്വല്‍ യുഗത്തിന് തുടക്കമാകും. സൂപ്പര്‍ഹിറ്റായി മാറിയ പ്രേമലു, രോമാഞ്ചം, വാഴ, അഞ്ചാം പാതിര തുടങ്ങിയ സിനിമകളെല്ലാം രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്. തെലുങ്ക് സിനിമാലോകത്തെ പോലെ മലയാളത്തേയും ഇത് പുത്തന്‍ ഉയരങ്ങളിലേക്ക് എത്തിക്കുമോ എന്നാണ് അറിയേണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com