"ഞങ്ങൾക്കത് വളരെ അപമാനമായി തോന്നി"; വർക്കലയിൽ നേരിട്ട വിവേചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യൂട്യൂബർ നിഹാൽ, വിഡിയോ 

റിസേർവ്ഡ് സീറ്റ് എന്ന് പറഞ്ഞ് തങ്ങളെ മാറ്റിയിരുത്തിയ സ്ഥലത്ത് വിദേശികൾ എത്തിയപ്പോൾ അവരെ ഇരിക്കാൻ അനുവദിച്ചതിനെക്കുറിച്ചാണ് നിഹാൽ പറയുന്നത്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on
2 min read

യൂട്യൂബിൽ ഏറെ ഫോളോവേഴ്സുള്ള ചാനലാണ് നടി പ്രിയ മോന്റെയും ഭർത്താവ് നിഹാൽ പിള്ളയുടെയും 'ഒരു ഹാപ്പി ഫാമിലി'. യാത്രയും ഭക്ഷണവുമാണ് ഇവരുടെ പ്രധാന ഉള്ളടക്കം. നിരവധി രാജ്യങ്ങളിൽ സഞ്ചരിച്ച് അവിടുത്തെ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചാനലിന് ആരാധകരേറെയാണ്. എന്നാലിപ്പോൾ കേരളത്തിൽ നടത്തിയ ഒരു യാത്രക്കിടെ ഉണ്ടായ ഒരു മോശം അനുഭവം പങ്കുവച്ചിരിക്കുകയാണ് ഇവർ. നിഹാൽ തന്റെ ഇൻസ്റ്റ​ഗ്രാം പേജിലാണ് ഇതേക്കുറിച്ച് വിശദീകരിച്ചത്. 

വർക്കലയിൽ ഒരു കഫേയിൽ നേരിട്ട വിവേചനത്തെക്കുറിച്ചാണ് നിഹാൽ തുറന്നുപറഞ്ഞത്. റിസേർവ്ഡ് സീറ്റ് എന്ന് പറഞ്ഞ് തങ്ങളെ മാറ്റിയിരുത്തിയ സ്ഥലത്ത് വിദേശികൾ എത്തിയപ്പോൾ അവരെ ഇരിക്കാൻ അനുവദിച്ചതിനെക്കുറിച്ചാണ് നിഹാൽ പറയുന്നത്. വളരെ വിഷമമുണ്ടാക്കിയ സംഭവമാണെന്നും ഇത്തരമൊരു അനുഭവം വളരെ അപമാനമായി തോന്നിയെന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞു. 

നിഹാൽ പറയുന്നതിങ്ങനെ

മനസ്സിന് വിഷമമുണ്ടാക്കിയ ഒരു സംഭവം. 
ഞങ്ങൾ ഒരു നെഗറ്റീവ് വിഡിയോകളും ഇടാറില്ലെന്ന് നിങ്ങൾക്കറിയാം. തീർച്ചയായും ഞങ്ങൾ ഇത്രയും യാത്ര ചെയ്യുമ്പോൾ മോശം അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. ഞങ്ങൾ വ്‌ളോഗ് ചെയ്യുന്നതിന്റെ 60-70 ശതമാനം വിഡിയോകൾ മാത്രമേ നിങ്ങളിലേക്ക് എത്താറുള്ളു, ബാക്കി ഒരു 30 ശതമാനം ചിലപ്പോൾ നല്ല അനുഭവമായിരിക്കില്ല. ചിലയിടത്ത് നല്ല ഭക്ഷണമായിരിക്കില്ല, ചിലയിടത്ത് നല്ല താമസമായിരിക്കില്ല. അങ്ങനെവരുമ്പോൾ അത്തരം സ്ഥലങ്ങളിൽ ഞങ്ങളുടെ അഭിപ്രായം അവരെ അറിയിച്ചിട്ട് വ്‌ളോഗ് ഇടാതെയാണ് വരാറ്. നെഗറ്റീവ് അനുഭവങ്ങൾ ഇടാറില്ല. നമ്മളിലൂടെ ആളുകളിലേക്ക് അത് എത്തിക്കാറില്ലെന്ന്‌ മാത്രമല്ല സത്യസന്ധമായി ആ ബിസിനസ്സ് മെച്ചപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നവർക്ക് അതൊരു ഉപകാരവും ആകും. 

ഇതിപ്പോ, ഞങ്ങൾ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പോയിരുന്നു, അതുകഴിഞ്ഞ് വർക്കലയിൽ വന്നു. വർക്കല ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ക്ലിഫ് ബീച്ച് ഉള്ള സ്ഥലമാണെന്നാണ് എനിക്ക് തോന്നുന്നത്. വർക്കലയിൽ ഞാനും പ്രിയയും പോയിട്ടില്ല. അതുകൊണ്ട് അവിടെയിരുന്നു ഒരു കാപ്പിയൊക്കെ കുടിച്ച് അസ്തമയം കാണണമെന്നായിരുന്നു ആഗ്രഹം. 

നല്ല വ്യൂ ഉള്ള സ്ഥലം തപ്പി നടന്നപ്പോൾ ഏറ്റവും ഉയരത്തിലുള്ള ഒരു കഫേ കണ്ടു. അങ്ങനെ അവിടെതന്നെ പോകാം എന്ന് തീരുമാനിച്ചു. ഞങ്ങൾ അവിടെ മുകളിൽ കയറി ഓപ്പൺ ടെറസിലെ ബീച്ച് സൈഡിലുള്ള സീറ്റിൽ ഇരുന്നു. അപ്പോൾ ആ സീറ്റി റിസേർവ്ഡ് ആണെന്ന് അവർ ഞങ്ങളോട് പറഞ്ഞു. അത് ഞങ്ങളുടെ തെറ്റായിരുന്നു അവിടെ റിസേർവ്ഡ് എന്ന് എഴുതി വച്ചിട്ടുണ്ടായിരുന്നു. 6:30 ക്ക് റിസേർവ്ഡ് എന്നാണ് എഴുതിയിരുന്നത്. അപ്പോൾ സമയം 5:45 ആയിരുന്നൊള്ളു. 6:30ക്ക് മുമ്പ് എഴുന്നേറ്റാൽ പോരെ എന്ന് ചോദിച്ചിട്ടും അവർ സമ്മതിച്ചില്ല. അങ്ങനെ ഞങ്ങളെ എഴുന്നേൽപ്പിച്ചു. അതിനുശേഷം വേറൊരു കപ്പിൾ അവിടെവന്നിരുന്നു, അവരെയും എഴുന്നേൽപ്പിച്ച് വിട്ടു. 

അതുകഴിഞ്ഞ് ഞങ്ങൾ അവിടെ ഇരിക്കുമ്പോൾ തന്നെ രണ്ട് വിദേശികൾ വന്നു. അവരോടും പറഞ്ഞു റിസേർവ്ഡ് എന്ന്. ഒരു ബിയർ മാത്രം മതി എന്ന് അവർ പറഞ്ഞപ്പോൾ അവരെ എഴുന്നേൽപ്പിക്കാതെ ബിയർ നൽകി. അത് ഞങ്ങൾക്ക് വളരെ മോശമായി തോന്നി. ഞങ്ങൾക്ക് പരിഗണന തന്നുകൊണ്ട് ഒന്നും ചെയ്യണ്ട, പക്ഷെ. ഇതുതന്നെയല്ലെ പണ്ടും ഇവിടെ നടന്നിരുന്നത്, നിറത്തിന്റെയും നാഷണാലിറ്റിയുടെയും പേരിലുള്ള വേർതിരിവ്. എനിക്കത് ഡിസ്‌ക്രിമിനേഷൻ ആയിതന്നെയാണ് തോന്നിയത്. അല്ലെങ്കിൽ അവർക്കും കൊടുക്കരുതായിരുന്നു. 

അവരുടെ ഇഷ്ടമാണ് ആർക്ക് കൊടുക്കണമെന്ന്. പക്ഷെ ഒരു വിദേശി വന്നപ്പോൾ നോ എന്ന് പറഞ്ഞിട്ടും അവരെ അവിടെ ഇരുത്തി സേർവ് ചെയ്തത് വളരെ മോശമായാണ് എനിക്ക് തോന്നിയത്. ഞങ്ങൾക്കത് വളരെ അപമാനമായി തോന്നി. ശരിയാണ് കോവിഡ് ഒക്കെ വന്നുകഴിഞ്ഞ് അവർ കൂടുതലും വിദേശികളെയായിരിക്കും പരിഗണിക്കുന്നത് പക്ഷെ കഴിഞ്ഞ രണ്ട് വർഷം നമ്മൾ തന്നെയല്ലെ ഉണ്ടായിരുന്നത്. 

ഞങ്ങൾ ഏകദേശം 18 രാജ്യങ്ങളിൽ പോയിട്ടുണ്ട്. തായ്‌ലൻഡ് പോലെ വിനോദസഞ്ചാരത്തെ ആശ്രയിക്കുന്ന ഒരു രാജ്യം വരെ അവിടുത്തെ ആളുകൾക്കാണ് പ്രാധാന്യം നൽകുന്നത്. അങ്ങനെയായിരിക്കണം. കാരണം അവരാണ് ടാക്‌സ് നൽകുന്നവർ. 

ഞങ്ങൾ ആ കഫേയിൽ നിന്ന് ഇറങ്ങിപ്പോയി, ആരും കാരണമൊന്നും ചോദിച്ചില്ല. തൊട്ടപ്പുറത്തുള്ള കഫേയിൽ കയറി. അവിടുന്ന് ചായ കുടിച്ച് ഇറങ്ങിയപ്പോഴും ആദ്യം കയറിയ കഫേയിലെ റിസേർവ്ഡ് സീറ്റിൽ ആരും ഉണ്ടായിരുന്നില്ല. ഞാൻ ആ കഫേയുടെ പേര് പറയാത്തത്, അത് പറഞ്ഞാൽ നമുക്ക് പെയ്ഡ് പ്രമോഷൻ ലഭിക്കാത്തത് കൊണ്ടോ വ്യക്തിപരമായ മറ്റ് പ്രശ്‌നങ്ങൾ ഉള്ളതുകൊണ്ടോ ആണെന്ന് വിചാരിക്കും. പക്ഷെ ഇതെനിക്കുണ്ടായ അനുഭവമാണ്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com