അഞ്ച് വര്‍ഷം മുന്‍പത്തെ ഒരു വാര്‍ത്ത; 'ഉണ്ട' വന്ന വഴി പറഞ്ഞ് തിരക്കഥാകൃത്ത്

ചിത്രത്തിലെ വില്ലനെക്കുറിച്ചും കുറിപ്പില്‍ പറയുന്നുണ്ട്
അഞ്ച് വര്‍ഷം മുന്‍പത്തെ ഒരു വാര്‍ത്ത; 'ഉണ്ട' വന്ന വഴി പറഞ്ഞ് തിരക്കഥാകൃത്ത്
Updated on
2 min read

മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം 'ഉണ്ട' ഇന്ന് റിലീസ് ചെയ്യുകയാണ്. ചിത്രത്തില്‍ ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്ന പൊലീസുകാരെക്കുറിച്ചാണ് പറയുന്നത്. ഇപ്പോള്‍ ചിത്രം വന്ന വഴിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്തായ ഹര്‍ഷാദ്. അഞ്ച് വര്‍ഷം മുന്‍പ് കണ്ട ഒരു വാര്‍ത്തയില്‍ നിന്നാണ് സംവിധായകന്‍ ഖാലിദ് റഹ്മാന്‍ ഉണ്ടയെ കണ്ടെത്തിയത് എന്നാണ് തന്റെ ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. ചിത്രത്തിലെ വില്ലനെക്കുറിച്ചും കുറിപ്പില്‍ പറയുന്നുണ്ട്. 

സിനിമയ്ക്ക് വേണ്ടിയുള്ള യാത്രയില്‍ ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയില്‍ ജീവിക്കുന്ന ജനങ്ങളെ കണ്ടു. ഏത് ഘട്ടത്തിലും ഒറ്റുകാരനായോ ഭീകരവാദിയായോ മുദ്ര കുത്തപ്പെടാന്‍ പരുവപ്പെട്ട മനുഷ്യരെ കണ്ടു. ഇത് അവരുടെയും കൂടി സിനിമയാണെന്നാണ് ഹര്‍ഷാദ് കുറിക്കുന്നത്. അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ അരങ്ങേറ്റം കുറിച്ച ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. 

ഹര്‍ഷന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ഇതാണാ പത്രവാര്‍ത്ത. 'ചത്തിസ്ഗഡില്‍ തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് സംഘം ദുരിതത്തില്‍. ' 2014 ലെ ലോകസഭാ ഇലക്ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഈ ബോക്‌സ് ഐറ്റത്തിന്റെ ചുവട് പിടിച്ചാണ് ഖാലിദ് റഹ്മാന്‍ അന്നേ യാത്ര തുടങ്ങിയത്. അതിനിടയില്‍ അവന്‍ 'അനുരാഗ കരിക്കിന്‍വെള്ളം' ചെയ്ത് പ്രേക്ഷകരുടെയും ക്രിട്ടിക്‌സിന്റെയും അംഗീകാരം നേടിയെടുത്തു. പിന്നീട് 2016 ലാണ് തിരക്കഥാകൃത്ത് എന്ന നിലയില്‍ ഞാന്‍ ഈ യാത്രയില്‍ റഹ്മാന്റെ കൂടെ ചേരുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ബേസ് ചെയ്തുകൊണ്ട് എഴുതേണ്ട സിനിമ എന്നതിനേക്കാള്‍ ഇയ്യൊരു പ്രൊജക്ടില്‍ എന്നെ ആകര്‍ഷിച്ചത് ഞങ്ങള്‍ തമ്മില്‍ അന്ന് നടന്ന ഒരു സംഭാഷണമാണ്. 
അപ്പോള്‍ റഹ്മാനേ ഈ സിനിമയിലെ വില്ലനാരാണ്..? 
ഭയം. പേടി... പേടിയാണ് ഇതിലെ വില്ലന്‍!!

ഭയം പലതരത്തിലാണല്ലോ. മനുഷ്യന്മാര് തമ്മില്‍ തമ്മിലുള്ളത്, മനുഷ്യര്‍ക്ക് മനുഷ്യരല്ലാത്തവരോടുള്ളത്. സ്‌റ്റേറ്റിന് മനുഷ്യരോടുള്ളത്., മനുഷ്യര്‍ക്ക് സ്‌റ്റേറ്റിനോടുള്ളത്, അങ്ങിനെ ഭയം പലവിധം!. Fear is a major weapon of domination in the new world എന്ന് പണ്ടാരാണ്ടോ പറഞ്ഞു വെച്ചിണ്ടുണ്ടല്ലോ. പിന്നീട് സംഭവം നടന്ന സ്ഥലമായ ബസ്തറിലേക്കുള്ള യാത്രകള്‍. സിനിമക്ക് ആവശ്യമായത് തേടിയുള്ള യാത്രകള്‍. ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയില്‍ ജീവിക്കുന്ന ജനങ്ങളെ കണ്ടു. ഏത് ഘട്ടത്തിലും ഒറ്റുകാരനായോ ഭീകരവാദിയായോ മുദ്ര കുത്തപ്പെടാന്‍ പരുവപ്പെട്ട മനുഷ്യരെ കണ്ടു. ഇത് അവരുടെയും കൂടി സിനിമയാണ്. നമുക്കറിയാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണെന്നല്ലേ പഴമൊഴി!!.

പിന്നീട് 2018 ല്‍ മമ്മൂക്ക ഈ യാത്രയില്‍ ജോയിന്‍ ചെയ്തതോടെ കാര്യങ്ങള്‍ വേഗത്തിലായി. കൃഷ്ണന്‍ സേതുകുമാര്‍ പ്രൊഡ്യൂസറായി വന്നു. സജിത്ത് പുരുഷന്റെ ക്യാമറ, പ്രശാന്ത് പിള്ളയുടെ മ്യൂസിക്, ശ്യാം കൗശലിന്റെ ആക്ഷന്‍, അങ്ങിനെ പരിചയസമ്പന്നരായ ക്രൂ മെമ്പേഴ്‌സ് വന്നു. ചെറുപ്പക്കാരും താരതമ്യേന പുതുക്കക്കാരുമായ സഹതാരങ്ങള്‍ വന്നു. കേരളത്തിലും കര്‍ണാടകയിലും ചത്തിസ്ഗഡിലുമായുള്ള ചിത്രീകരണങ്ങള്‍. ഒടുവില്‍ ഇന്ന് ആ സിനിമ ഉണ്ട എന്ന പേരില്‍ നിങ്ങളുടെ മുന്നിലേക്കെത്തുന്നു. കാണുക. അഭിപ്രായം അറിയിക്കുക .
സ്‌നേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com