അതു പറഞ്ഞത് മമ്മുട്ടിയല്ല; മനസിലാക്കാന്‍ സാമാന്യ ബുദ്ധി മതിയെന്ന് ശ്രീകുമാര്‍ മേനോന്‍

അതു പറഞ്ഞത് മമ്മുട്ടിയല്ല; മനസിലാക്കാന്‍ സാമാന്യ ബുദ്ധി മതിയെന്ന് ശ്രീകുമാര്‍ മേനോന്‍
അതു പറഞ്ഞത് മമ്മുട്ടിയല്ല; മനസിലാക്കാന്‍ സാമാന്യ ബുദ്ധി മതിയെന്ന് ശ്രീകുമാര്‍ മേനോന്‍
Updated on
3 min read

ഥാപാത്രം ഒരു എഴുത്തുകാരന്റെ സൃഷ്ടിയാണെന്നും അതുകൊണ്ടുതന്നെ കഥാപാത്രം നടത്തുന്ന സംഭാഷണത്തിന്റെ പേരില്‍ നടനെ വിമര്‍ശിക്കുന്നതില്‍ അര്‍ഥമില്ലെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. കസബ വിവാദത്തിലാണ് ശ്രീകുമാര്‍ മേനോന്റെ പ്രതികരണം. കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രം അത്തരമൊരു സൃഷ്ടിയായിരുന്നു എന്ന് മനസിലാക്കാന്‍ സാധാരണബുദ്ധിമാത്രം മതിയെന്ന് ശ്രീകുമാര്‍ മേനോന്‍ ചൂണ്ടിക്കാട്ടി. 

മലയാളസിനിമയില്‍ ആണധികാരത്തിന്റെ അടയാളങ്ങളായ നായകന്മാര്‍മാത്രമല്ല ഉണ്ടായിട്ടുള്ളത്. വഞ്ചനയും നെറികേടും സമൂഹം നിശ്ചയിച്ചിട്ടുള്ള ന്യായപരിധികളുടെ ലംഘനവും കാട്ടിത്തന്ന നായികമാരുമുണ്ട്. കടലില്‍പ്പോയ കണവനെ മറന്ന കറുത്തമ്മമാരെ മുതല്‍ പ്രണയച്ചതിയുടെ പ്രതികാരമായി ലിംഗച്ഛേദം നടത്തിയ ടെസമാരെ വരെ അതില്‍ കാണാം. ടെസയുടെ പ്രവൃത്തിയെ സ്വാതന്ത്ര്യപ്രഖ്യാപനമായി ആഘോഷിക്കുന്നവര്‍ അതേ നാവുകൊണ്ട് കോടതിവിധിക്കുന്നശിക്ഷയ്‌ക്കെതിരെ സംസാരിക്കുന്നതില്‍ കാപട്യമുണ്ടെന്ന് ശ്രീകുമാര്‍ മേനോന്‍ സാമുഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

ശ്രീകുമാര്‍ മേനോന്റെ കുറിപ്പ്.


ചരിത്രം ഒരുകല്ലേറില്‍ തിരുത്തപ്പെടില്ല

കഴിഞ്ഞകുറേ ദിവസങ്ങളായി മമ്മൂട്ടി എന്ന വാക്കിന് ചുറ്റും
റാകിപ്പറക്കുകയാണ് ഒരുപാട്‌പേര്‍. ഒരു സിനിമയിലെ സംഭാഷണശകലത്തിന്റെ പേരില്‍ (പേര് അടുത്തിരുന്ന് തോണ്ടിപ്പറഞ്ഞുതരേണ്ട ആവശ്യമുണ്ടായിട്ടല്ല,
അത് അത്രമേല്‍ പ്രസക്തമാണ് എന്ന് തോന്നിയിട്ടില്ല. അതുകൊണ്ടുതന്നെ കുറിക്കാത്തത്)മമ്മൂട്ടി എന്ന മനുഷ്യന്‍ കീറിമുറിക്കപ്പെടുന്നു. ഓര്‍ക്കുക,മമ്മൂട്ടി എന്ന നടനല്ല,മനുഷ്യനാണ് സൈദ്ധാന്തികതയുടെ
മുഴക്കോലുകള്‍ വച്ച് അളക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതും.
കേട്ടുകേട്ട് ഈ വാദകോലാഹലങ്ങളുടെ പരകോടിയില്‍ മമ്മൂട്ടിക്ക് തന്നെ പറയേണ്ടിവന്നു. തനിക്കുവേണ്ടി സംസാരിക്കാന്‍ ആരെയും
ചുമതലപ്പെടുത്തിയിട്ടില്ലെന്നും,ആവിഷ്‌കാരസ്വാതന്ത്ര്യം പോലെ തന്നെയാണ് അഭിപ്രായസ്വാതന്ത്ര്യമെന്നും. ആ വാക്കുകള്‍ മമ്മൂട്ടി ഇപ്പോള്‍ കടന്നുപോകുന്ന മാനസികസംഘര്‍ഷങ്ങളുടെ പ്രതിഫലനംപോലെയാണ് തോന്നിയത്. കാരണം
അങ്ങനെ പെട്ടെന്ന് ഒന്നിലും ഉലഞ്ഞുപോകുന്നയാളോ ചാടിക്കയറി അഭിപ്രായം പറയുന്നയാളോ അല്ല അദ്ദേഹം. പ്രശസ്തിക്കുവേണ്ടിയുള്ള പുറംഅഭിനയങ്ങള്‍
വശമില്ലാത്തയാള്‍. തനിക്കുനേരെയുള്ള എല്ലാ കുത്തുവാക്കുകളെയും കൂരമ്പുകളെയും സ്ഥിതപ്രജ്ഞന്റെ ഉള്‍ച്ചിരിയോടെ കാണാന്‍ മമ്മൂട്ടിക്ക് സാധിക്കാറുണ്ട്. പക്ഷേ ഇത്തവണ അത് അദ്ദേഹത്തെ വല്ലാതെ
നോവിച്ചുകളഞ്ഞിട്ടുണ്ടാകണം.

ഇത് മമ്മൂട്ടിക്കുവേണ്ടിയുള്ള അഭിപ്രായംപറച്ചിലല്ല. വക്കാലത്ത്
എടുക്കലുമല്ല. കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ തീര്‍ത്തും
സാധാരണമായ പരിസരങ്ങളില്‍ ജനിച്ചുജീവിച്ച്, അഭിനയമെന്ന കലയോടുള്ള അടങ്ങാത്തമോഹം കൊണ്ട് പഠിച്ച തൊഴില്‍ ഉപേക്ഷിച്ച്, നിത്യസാധനകൊണ്ടും നിതാന്തമായ അധ്വാനംകൊണ്ടും അസാധാരണനായി മാറിയ ഒരാളോടുള്ള ആദരവിന്റെ അക്ഷരങ്ങള്‍ മാത്രമാണ്. കഴിഞ്ഞ നാല്പതുവര്‍ഷമായി മമ്മൂട്ടിയെ അനല്പമായ ആഹ്ലാദത്തോടെയും അഭിമാനത്തോടെയും നോക്കിനില്കുന്ന അനേകലക്ഷം മലയാളികളിലൊരാളുടെ വികാരം.
മമ്മൂട്ടിയെ പ്രതിനായകസ്ഥാനത്ത് പ്രതിഷ്ഠിച്ച ഈ വിവാദത്തിന്റെ
തുടക്കത്തിലേക്ക് പോകുക. സ്ത്രീവിരുദ്ധമായ സംഭാഷണം
മമ്മൂട്ടിയെപ്പോലൊരാള്‍ പറയാന്‍ പാടില്ലായിരുന്നുവെന്നാണ് വാദം. പറഞ്ഞത് മമ്മൂട്ടിയല്ല,ദുര്‍നടത്തക്കാരനായ ഒരുപോലീസ് ഓഫീസര്‍ കഥാപാത്രമാണ്. ആ കഥാപാത്രം ഒരു എഴുത്തുകാരന്റെ സൃഷ്ടിയാണ്. ഭാരതകഥാ കാലം മുതല്‌കേ സൃഷ്ടികളില്‍ നന്മമാത്രമല്ല ഉള്ളത്. ദുശ്ശാസനന്മാരും,ശകുനിമാരും,ആണിനെ
ചതിക്കുന്ന പൂതനമാരുമുണ്ടായിട്ടുണ്ട് രചനകളില്‍. മമ്മൂട്ടിയുടെ കഥാപാത്രം അത്തരമൊരു സൃഷ്ടിയായിരുന്നു എന്ന് മനസിലാക്കാന്‍ സാധാരണബുദ്ധിമാത്രം മതി.
നമ്മള്‍ വെറുത്തത് അമ്മായിഅമ്മമാരെ മാത്രമാണ്.
സുകുമാരിയമ്മയെയോ,മീനച്ചേച്ചിയെയോ അല്ല. മരുമക്കള്‍ ഒഴുക്കിയ കണ്ണീരിന്റെ
പേരില്‍ ആരും അവരെ കഴുവേറ്റിയതുമില്ല.

അഭിനയത്തില്‍ മാത്രമല്ല എന്തിലും സ്ത്രീവിരുദ്ധത കണ്ടെത്താം. 'നിന്റെ തിങ്കളാഴ്ച നൊയമ്പിന്ന് മുടക്കും ഞാന്‍'എന്നും 'കദളീമുകുളങ്ങളില്‍ വിരല്‍നഖപ്പാടുകള്‍ ഞാന്‍ തീര്‍ക്കു'മെന്നും പാടിയത് ഗന്ധര്‍വസ്ഥാനം നല്കി നമ്മള്‍ നെഞ്ചേറ്റിയ ഗായകനാണ്. അതുപോലെയുള്ള വരികളെഴുതിയത് മഹാകവികളെന്ന് വാഴ്ത്തപ്പെട്ടവരും. വയലാറിനും യേശുദാസിനും എന്നെങ്കിലും
ആരെങ്കിലും സ്ത്രീവിരുദ്ധന്റെ ടാറ്റൂകുത്തികൊടുത്തിട്ടുണ്ടോ?അറിയില്ല. ഏതൊരു ഭൂകമ്പത്തിനും ഒരു പ്രഭവകേന്ദ്രമുണ്ടാകും. അതുപോലെ തന്നെ ഏതൊരുവിവാദത്തിനും ഒരു ഉത്ഭവബിന്ദുവും. ഇപ്പോഴത്തെ വിവാദത്തിന്റെ
ഉത്ഭവകേന്ദ്രമായ അഭിപ്രായത്തെക്കുറിച്ച് സാധാരണയുക്തിയോടെ ആലോചിച്ചാല്‍ മതി എത്രമേല്‍ അര്‍ഥശൂന്യമായിരുന്നു അതെന്ന് ബോധ്യപ്പെടാന്‍. ഈ ഭൂകമ്പം വെറുതെ സൃഷ്ടിക്കപ്പെട്ടതാണ് തിരിച്ചറിയാന്‍..

മലയാളസിനിമയില്‍ ആണധികാരത്തിന്റെ അടയാളങ്ങളായ നായകന്മാര്‍മാത്രമല്ല
ഉണ്ടായിട്ടുള്ളത്. വഞ്ചനയും നെറികേടും സമൂഹം നിശ്ചയിച്ചിട്ടുള്ള
ന്യായപരിധികളുടെ ലംഘനവും കാട്ടിത്തന്ന നായികമാരുമുണ്ട്. കടലില്‍പ്പോയ കണവനെ മറന്ന കറുത്തമ്മമാരെ മുതല്‍ പ്രണയച്ചതിയുടെ പ്രതികാരമായി ലിംഗച്ഛേദം നടത്തിയ ടെസമാരെ വരെ അതില്‍ കാണാം. ടെസയുടെ പ്രവൃത്തിയെ
സ്വാതന്ത്ര്യപ്രഖ്യാപനമായി ആഘോഷിക്കുന്നവര്‍ അതേ നാവുകൊണ്ട് കോടതിവിധിക്കുന്നശിക്ഷയ്‌ക്കെതിരെ സംസാരിക്കുന്നതില്‍ കാപട്യമുണ്ട്.
അതേപോലൊരു കാപട്യമാണ് മമ്മൂട്ടിയെ ഒരുകളത്തിലും കേരളത്തിലെ സ്ത്രീകളെ മുഴുവന്‍ മറുകളത്തിലും നിര്‍ത്തിക്കൊണ്ടുള്ള ബൗദ്ധികസര്‍ക്കസുകള്‍.
പുരുഷവിരുദ്ധമായ കഥാപാത്രത്തിന്റെ പേരില്‍, (സ്ത്രീവിരുദ്ധം എന്നൊരു സംജ്ഞയുണ്ടെങ്കില്‍ അതിനൊരു വിപരീതവും തീര്‍ച്ചയായുമുണ്ട്) കുടുംബം എന്ന
വ്യവസ്ഥയെ തലയണമന്ത്രങ്ങളാല്‍ തകര്‍ക്കുകയും കളിവീടാക്കുകയുംചെയ്യുന്ന
ഭാര്യമാരുടെ പേരില്‍ ഇന്നേവരെ ഒരു നായികയും വിമര്‍ശിക്കപ്പെട്ടിട്ടില്ല. ഞാന്‍ അത്തരമൊരു കഥാപാത്രം ചെയ്യില്ലെന്ന് ഒരു അഭിനേത്രിയും
പ്രഖ്യാപിച്ചിട്ടുമില്ല.
പക്ഷേ അഭിപ്രായം പറയാന്‍ ആര്‍ക്കും സ്വാതന്ത്ര്യവുമുണ്ട്.
മമ്മൂട്ടിയെന്ന നടന്‍ വിമര്‍ശനത്തിന് അതീതനുമല്ല. അദ്ദേഹത്തിനെതിരെ അഭിപ്രായം പറഞ്ഞാല്‍ അശ്ലീലംകൊണ്ട് ആക്രമിക്കുന്ന രീതിയും എതിര്‍ക്കപ്പെടേണ്ടതാണ്. പക്ഷേ അവിടെയും മമ്മൂട്ടി എന്ന നടനോ മനുഷ്യനോ
അല്ല സൈബര്‍ അക്രമങ്ങളുടെയോ കലാപാഹ്വാനത്തിന്റെയോ പിന്നില്‍.

ആരാധകര്‍ക്കുമേല്‍ കടിഞ്ഞാണുള്ള ഒരു നടനും ഈ ഭൂമിയിലില്ല.
സ്വിച്ചിട്ടാല്‍ തന്റെ ഇച്ഛപ്രകാരം ചലിക്കുന്നവരാണ്
ആരാധകസഹസ്രങ്ങളെങ്കില്‍ ഇവിടത്തെ താരങ്ങളെന്നേ സ്വേച്ഛാധിപതികളായേനെ.
തൊഴില്‍പരമായി തുടങ്ങി വ്യക്തിപരമായി മാറിയ ആഴത്തിലുള്ള സൗഹൃദമുണ്ട് മമ്മൂട്ടിയോട്. സംഭാഷണങ്ങളില്‍ ഒരിക്കല്‍പ്പോലും അദ്ദേഹം ചതിയന്‍ചന്തുവോ ഭാസ്‌കരപട്ടേലറോ മുരിക്കന്‍കുന്നത്ത് അഹമ്മദ്ഹാജിയോ രാജന്‍സക്കറിയയോ
ആയില്ല. പകരം എപ്പോഴും മമ്മൂട്ടി എന്ന മനുഷ്യന്‍ മാത്രമായിരുന്നു. ഇക്കാലമത്രയും മമ്മൂട്ടിയ്ക്കുമേല്‍ സ്ത്രീവിരുദ്ധതയുടെ എന്നല്ല മാനവികതയ്ക്ക് നിരക്കാത്ത ഒന്നിന്റെയും കളങ്കം ആര്‍ക്കും ആരോപിക്കാനാകില്ല. അത്രയും തെളിമയോടെ ജീവിതത്തിലും തൊഴില്‍മേഖലയിലും
സഞ്ചരിക്കാന്‍ അദ്ദേഹത്തിനാകുന്നു. നാലുപതിറ്റാണ്ടുകൊണ്ട് നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും മമ്മൂട്ടി കൈവരിച്ച ഔന്നത്യമുണ്ട്. അത് ആര്‍ക്കും നിഷേധിക്കാനാകില്ല. ചരിത്രമാണത്. അതിനെ ഒരു കല്ലേറുകൊണ്ട്
തിരുത്തിയെഴുതാനാകില്ല. മമ്മൂട്ടി എന്ന നടനും മനുഷ്യനും അടയാളപ്പെടുത്തിയ ആ പാദമുദ്രകളെ
മായ്ക്കാന്‍ ശ്രമിച്ചുകൊണ്ടാണ്(അല്ലെങ്കില്‍ കണ്ടില്ലെന്ന്
നടിച്ചുകൊണ്ടാണ്) ബുദ്ധിജീവിനാട്യങ്ങളുടെ ആട്ടക്കലാശം. കെട്ടുകാഴ്ചയുടെ താരശരീരമെന്ന് പുച്ഛിക്കുമ്പോള്‍ മമ്മൂട്ടിക്ക് മുമ്പേ നരച്ചുപോയ മുടിയെ കറുപ്പിന്റെ മൂടുപടത്തിലൊളിപ്പിക്കുന്നുണ്ട്,ഒരു നിരൂപക. അങ്ങനെയെഴുതിയ
വിരലുകളിലെ ചുളിവുകളെ മറയ്ക്കാന്‍ നഖങ്ങളില്‍ നിറംവാരിയണിയുന്നുമുണ്ട്.

കറുപ്പ് അപമാനമാണെന്ന് തോന്നുന്നതുകൊണ്ട് പാന്‍കേക്കുകളില്‍ മുഖത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്ന അവതാരകയാണ് അറുപത്കഴിഞ്ഞ വൃദ്ധനെന്ന്
ആക്ഷേപിക്കുന്നതും. പത്മശ്രീയും മികച്ചനടനുള്ള മൂന്ന് ദേശീയ പുരസ്‌കാരങ്ങളും എണ്ണമറ്റ മറ്റ്
അംഗീകാരങ്ങളും മലയാളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട് മമ്മൂട്ടി.
ഹൃദയത്തിലും പ്രവൃത്തികളിലും നന്മയുള്ള കലാകാരന്‍. വീട്ടിലെ
വായനാമുറിയില്‍ ഏറ്റവും പുതിയപുസ്തകങ്ങള്‍ക്ക് മുന്നിലിരിക്കുന്ന
മമ്മൂട്ടിയെ കണ്ടിട്ടുണ്ട്. സാഹിത്യത്തെയും ചിത്രകലയെയും സിനിമയിലെ ക്ലാസിക്കുകളെയും കുറിച്ച് അദ്ദേഹത്തിനുള്ള അറിവ് അമ്പരപ്പിച്ചിട്ടുണ്ട്. പക്ഷേ ബൗദ്ധികനിലവാരത്തിന്റെ സ്വയംപ്രഖ്യാപനഇടങ്ങളില്‍ നിങ്ങള്‍
മമ്മൂട്ടിയെ പ്രതീക്ഷിക്കരുത്. അത് അദ്ദേഹത്തിന്റെ ദൗര്‍ബല്യമായി
കാണേണ്ടതില്ല. അതുകൊണ്ട് ദയവായി ഇസങ്ങളുടെയും
സൈദ്ധാന്തികപ്രയോഗങ്ങളുടെയും പുക മമ്മൂട്ടിയുടെ മുഖത്തേക്ക്
ഊതിപ്പറത്താതിരിക്കുക.

പക്ഷേ മമ്മൂട്ടി ഇത്രയും ആക്രമിക്കപ്പെട്ടിട്ടും അദ്ദേഹത്തിനുവേണ്ടി
ഒരുവാചകമെങ്കിലും പറയാന്‍ കേരളത്തിലെ സാംസ്‌കാരികനായകര്‍ക്കിടയില്‍നിന്ന്
ആരും മുന്നോട്ടുവന്നില്ല എന്നത് അമ്പരപ്പിക്കുന്നു. അതിലേറെ
സങ്കടപ്പെടുത്തുന്നു. അങ്ങനെ ഒറ്റയാക്കപ്പെടേണ്ടയാളല്ല മമ്മൂട്ടി.
അത്തരമൊരു സങ്കടത്തില്‍നിന്നും ബോധ്യത്തില്‍നിന്നുമാണ് ദീര്‍ഘമായിപ്പോയ ഈ
കുറിപ്പ് ജനിക്കുന്നത്. ഇത്രയും എഴുതിയില്ലെങ്കില്‍ മനുഷ്യന്‍,നന്മ
തുടങ്ങിയ പദങ്ങള്‍ പറയാന്‍ ഇനിയൊരിക്കലും ഞാന്‍ അര്‍ഹനല്ല എന്ന് തിരിച്ചറിയുന്നു. ഇത് എന്റെ കടമയാണ് എന്ന് വിശ്വസിക്കുന്നു. അതുകൊണ്ട്....അഭ്യര്‍ഥനയാണ്..
മമ്മൂട്ടിയെ വെറുതെ വിടുക...അറുപതോ നൂറോ വയസുകാരനാകട്ടെ..അഭിനയമെന്ന
മോഹത്തില്‍ സ്വസ്ഥനാകാന്‍ അദ്ദേഹത്തെ അനുവദിക്കുക...ഒരു സ്ത്രീയെയും അപമാനിക്കാത്ത മനുഷ്യനായി മമ്മൂട്ടി ഇനിയും ജീവിച്ചുപൊയ്‌ക്കോട്ടെ..
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com