'അതെന്റെ മകളുടെ ആ​ഗ്രഹമായിരുന്നു, എംടി സാറിന് മുന്നിൽ അർജുനനെ പോലെ തളർന്നുപോയി'; രണ്ടാമൂഴം തിരിച്ചേൽപ്പിച്ച് ശ്രീകുമാർ

രണ്ടാമൂഴം സിനിമയായാൽ താൻ മകൾക്കൊപ്പം തീയെറ്ററിൽ പോയി സിനിമ കാണുമെന്നും സിനിമയ്ക്ക് ആശംസകൾ അറിയിക്കുന്നതായും അദ്ദേഹം കുറിച്ചു
'അതെന്റെ മകളുടെ ആ​ഗ്രഹമായിരുന്നു, എംടി സാറിന് മുന്നിൽ അർജുനനെ പോലെ തളർന്നുപോയി'; രണ്ടാമൂഴം തിരിച്ചേൽപ്പിച്ച് ശ്രീകുമാർ
Updated on
3 min read

ലിയ വിവാദങ്ങൾക്ക് ശേഷം രണ്ടാമൂഴത്തിന്റെ തിരക്കഥ എംടി വാസുദേവൻ നായർക്ക് തിരിച്ചേൽപ്പിച്ച് സംവിധായകരൻ വിഎ ശ്രീകുമാർ. മോഹൻലാലിനെ നായകനാക്കി ആയിരം കോടി മുതൽ മുടക്കിൽ ചിത്രമെടുക്കാനിരുന്നതാണ്. ഇതിനായി തന്റെ സമ്പാദ്യത്തിൽ നിന്ന് 20 കോടിയോളം രൂപ ചെലവാക്കിയെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. ഇത്ര വലിയ ബജറ്റിൽ ചിത്രമെടുക്കാൻ കൂടുതൽ സമയം ആവശ്യമായി വന്നിരുന്നു. എന്നാൽ ഈ കാലയളവിൽ എംടി സാർ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്നും അദ്ദേഹത്തിന്റെ മനസിലെ ചിലർ ചേർന്ന് കലുഷിതമാക്കിയെന്നുമാണ് ശ്രീകുമാർ മേനോൻ പറയുന്നത്.  മകൾ ലക്ഷ്മിയുടെ ആ​ഗ്രഹമായിരുന്നു താൻ രണ്ടാമൂഴം സിനിമയാക്കണം എന്നത്. എന്നാൽ എംടി കേസുമായി മുന്നോട്ടുപോയതോടെ തന്റെ പ്രിയപ്പെട്ടവരെല്ലാം തിരക്കഥ തിരിച്ചു നൽകാൻ ആവശ്യപ്പെട്ടു. രണ്ടാമൂഴം സിനിമയായാൽ താൻ മകൾക്കൊപ്പം തീയെറ്ററിൽ പോയി സിനിമ കാണുമെന്നും സിനിമയ്ക്ക് ആശംസകൾ അറിയിക്കുന്നതായും അദ്ദേഹം കുറിച്ചു. 

വിഎ ശ്രീകുമാറിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്


പ്രിയരേ,

എംടി സാറിനെ കണ്ടു. അദ്ദേഹം എനിക്കായി എഴുതിയ രണ്ടാമൂഴത്തിന്റെ തിരക്കഥ ആദരവോടെ തിരിച്ചേൽപ്പിച്ചു. പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്താണ് സിനിമയെന്ന മീഡിയത്തോട് അടുത്തത്. ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം തോന്നിയപ്പോൾ സാഹിത്യ വിദ്യാർത്ഥിനിയായ എന്റെ മകൾ ലക്ഷ്മിയാണ്, എങ്കിൽ 'രണ്ടാമൂഴം' എന്ന നിർദ്ദേശം ആദ്യമായി പറഞ്ഞത്. ജീവിതത്തിൽ ഒരു സിനിമ മാത്രമേ ചെയ്യുന്നുളളുവെങ്കിൽ പോലും അത് രണ്ടാമൂഴമാകണമെന്ന വിത്ത് എന്നിൽ പാകിയത് അവളായിരുന്നു. അതെന്റെ മകളുടെ ആഗ്രഹമായിരുന്നു. രണ്ടാമൂഴം പ്രസിദ്ധീകരിച്ച കാലത്തു തന്നെ വായിച്ചു വളർന്നയാളാണ് ഞാൻ. ഒരു മഹാദൗത്യം ഏറെറടുക്കുകയാണ് എന്ന പൂർണബോധ്യം എനിക്കുണ്ടായിരുന്നു.

രണ്ടാമൂഴം തിരക്കഥയാക്കാമോ എന്നു ചോദിച്ച് അദ്ദേഹത്തെ മുൻപുതന്നെ പല സംവിധായകരും സമീപിച്ചിരുന്നു. അതെല്ലാം മലയാളത്തിലോ, തമിഴിലോ, തെലുങ്കിലോ പ്രാദേശികമായി നിർമ്മിക്കാനുള്ള പദ്ധതികളായിരുന്നു. അതുകൊണ്ടുതന്നെ പ്രാദേശിക ഭാഷയിൽ രണ്ടാമൂഴം സിനിമയാക്കണ്ടെന്ന നിലപാടിലായിരുന്നു എംടി സാർ. ഏഷ്യയിലെ ഏറ്റവും വലിയ മുതൽമുടക്കുള്ള സിനിമ എന്ന നിലയ്ക്കായിരുന്നു എന്റെ പ്രൊജക്ട്. എംടി സാറിനെ തിരക്കഥയ്ക്കായി ഞാൻ ആദ്യം കാണുമ്പോൾ, രണ്ടാമൂഴം ചെയ്യുകയാണെങ്കിൽ എങ്ങനെയായിരിക്കും എന്ന പ്രൊജക്ട് റിപ്പോർട്ടാണ് അവതരിപ്പിച്ചത്. ആ വിഷൻ വിശദമായി മനസിലാക്കിയതിനെ തുടർന്നാണ് എംടിസാർ തിരക്കഥ എഴുതാം എന്നു സമ്മതിക്കുന്നത്. എംടി സാറിന്റെ സ്വപ്നങ്ങളും കൂടി ചേർന്ന് പ്രൊജക്ട് കൂടുതൽ വലുതായിക്കൊണ്ടേയിരുന്നു.

എന്റെ പരസ്യ ഏജൻസി മികച്ച ലാഭത്തിൽ പോകുമ്പോഴും അതെല്ലാം മറന്ന് സിനിമയോട് കൂടുതൽ ഞാനടുത്തു. എംടി സാറിന്റെ സ്‌ക്രിപ്റ്റിനു മേൽ ഞാനെന്റെ സമ്പാദ്യം നിക്ഷേപിച്ചു. 20 കോടിയോളം രൂപ. ഹോളിവുഡിലെയും ബോളിവുഡിലേയും ഒന്നാം നിര അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും അണിനിരന്നു. പ്രീപ്രൊഡക്ഷൻ ജോലികളും വിവിധങ്ങളായ ഗവേഷണങ്ങളും പൂർത്തിയാക്കി. 
ലോകത്തിലെ ഏറ്റവും മികച്ച റിസർച്ച് ഏജൻസികൾ ഈ പ്രൊജക്ട് വെറ്റ് ചെയ്തു. ബജറ്റ് 1000 കോടി കടന്നപ്പോൾ, നിർമ്മാതാവിനെ കണ്ടെത്താൻ നെട്ടോട്ടമായിരുന്നു. ഇത്ര വലിയ പ്രൊജക്ടിലേയ്ക്ക് നിർമ്മാതാക്കളെ കണ്ടെത്തുന്നത് ഭഗീരഥ പ്രയത്‌നമായിരുന്നു. അങ്ങനെ ഒരാൾ വന്നു. അബുദാബിയിൽ നടന്ന പത്രസമ്മേളനത്തിൽ സിനിമ പ്രഖ്യാപിച്ചു. ആനന്ദകരമായ നിമിഷങ്ങളായിരുന്നു അതെല്ലാം.  
ഒരു സിനിമ എന്ന നിലയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന നിലയ്ക്കായിരുന്നില്ല പ്രൊജക്ട്. മഹാഭാരതത്തെ ഇതിഹാസ സമാനമായി തന്നെയാണ് സമീപിക്കേണ്ടത് എന്നതാണ് എന്റെ നിശ്ചയം. സിനിമയ്ക്ക് അപ്പുറത്തേയ്ക്കു കൂടിയുള്ള അനേകം സാധ്യതകളുടെ ബൃഹത്തായ പദ്ധതിയാണ് എനിക്ക് അന്നുമിന്നും മഹാഭാരതം.

ലോകത്തിന്റെ ഇതിഹാസം അഭ്രപാളിയിൽ എത്തേണ്ടത് അതാവശ്യപ്പെടുന്ന എല്ലാ വലിപ്പത്തോടു കൂടിയുമാകണം. ബിഗ് സ്‌ക്രീനിനെക്കാളും ബിഗ്ഗാകണം, എന്നതിനാൽ മഹാഭാരതം പ്രൊജക്ട് വളർന്നു. ആയിരം കോടിയും കടന്ന പദ്ധതിയായി മാറി.  ഈ യാത്ര വിചാരിച്ചതിലും നീണ്ടു. വെല്ലുവിളികൾ ഒരുപാടായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സിനിമയെന്ന യാഥാർത്ഥ്യത്തിലേയ്ക്കു നീങ്ങിയപ്പോൾ, ആ വളർച്ചയ്ക്ക് കൂടുതൽ സമയം സ്വാഭാവികമായും ആവശ്യമായിരുന്നു. എന്റെ സമ്പാദ്യം നിക്ഷേപിച്ചത് ആ വലിയ സ്വപ്നത്തിലേയ്‌ക്കെന്ന ഉത്തമ ബോധ്യത്തോടെയായിരുന്നു.

ഈ കാലയളവിൽ എംടി സാർ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. കാലയളവിലുണ്ടായ താമസം വീഴ്ചയായി ചിത്രീകരിച്ച് അദ്ദേഹത്തിന്റെ മനസിനെ കൂടുതൽ കലുഷിതമാക്കാനും തെറ്റിദ്ധാരണ പെരുപ്പിക്കാനും ചില ആളുകൾ ശ്രമിച്ചു. ആദ്യം പറഞ്ഞ കാലയളവിൽ നിന്ന് മാറിയപ്പോൾ തന്നെ എംടി സാറിന്റെ ഓഫീസ് നിയമപരമായ സംവാദമാണ് ആരംഭിച്ചത്. സ്വാഭാവികമായി എന്റെ ഓഫീസിനും അതിൽ പങ്കെടുക്കേണ്ടി വന്നു. വ്യവഹാരത്തിന്റെ ഭാഷ ആ വിഷയത്തിനുണ്ടായതിൽ വ്യക്തിപരമായി ആദ്യം മുതൽ ഞാൻ ദുഃഖിതനാണ്. ജയിക്കുക എന്നതോ, നഷ്ടപ്പെട്ട എന്റെ മുടക്കു മുതൽ തിരിച്ചു പിടിക്കുക എന്നതോ എന്റെ ലക്ഷ്യമായിരുന്നില്ല. എംടി സാറിനെ പോലൊരു മഹത്തായ ജീവിതത്തോട് വ്യവഹാര ഭാഷ സംസാരിക്കുവാൻ ഞാൻ ഇഷ്ടപ്പെട്ടതേയില്ല. കേസ് വന്നപ്പോൾ ആദ്യത്തെ നിർമ്മാതാവും കേസ് തീരാത്തതിനാൽ രണ്ടാമത്തെയാളും പ്രൊജക്ടിൽ നിന്നും പിന്മാറി.

എംടി സാറിൽ നിന്നും രണ്ടാമൂഴം തിരക്കഥയായി ഏറ്റു വാങ്ങിയ ശേഷം ഞാനത് ഏൽപ്പിച്ചത് എന്റെ മകളെയാണ്. അച്ഛൻ എന്ന നിലയ്ക്ക് അഭിമാനിച്ച ദിവസം. അവളാഗ്രഹിച്ചത് ഇതാ യാഥാർത്ഥ്യമാകുന്നു. ലാലേട്ടൻ ഭീമനിലേയ്ക്ക് പൂർണ്ണമായും പ്രവേശിച്ചു കഴിഞ്ഞിരുന്നു. ലാലേട്ടന്റെ ഭീമ രൂപം നാമെല്ലാവരും മനസിൽ കണ്ടു. ലാലേട്ടനല്ലാതെ മറ്റൊരാളെ ഭീമനായി സങ്കൽപ്പിക്കാനുമാകില്ല!

വ്യവഹാരം തുടരുന്നതിന് ഇടയിലാണ് എന്റെ അച്ഛന്റെ ശ്രാദ്ധമെത്തിയത്. അന്ന് ഉള്ളിലൊരു തോന്നലുണ്ടായി. അച്ഛന്റെ അടുത്ത സുഹൃത്താണ് എംടി സാർ. ഒന്നിച്ചു പഠിച്ചവർ. എംടി സാറുമായുള്ള കേസ് അച്ഛനെ വിഷമിപ്പിക്കുന്നുണ്ടാകും എന്നെനിക്കു തോന്നി. എംടി സാറിന് തിരക്കഥ തിരിച്ചേൽപ്പിക്കാൻ ഞാൻ അന്നു തീരുമാനിച്ചതാണ്. ഈ വ്യവഹാരം അവസാനിപ്പിക്കാൻ എന്റെ പത്‌നി ഷർമിളയും മകൾ ലക്ഷ്മിയും സ്‌നേഹപൂർവ്വം നിർബന്ധിച്ചു. പിന്നീട് അതിനുള്ള ശ്രമങ്ങൾ നടത്തി. ഏറ്റവും സ്‌നേഹത്തോടെ വ്യവഹാരം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ലാഭനഷ്ടങ്ങളെക്കാളും വലുതാണ് എംടി സാറിന്റെ അനുഗ്രഹവും സ്‌നേഹവും. മകളിലൂടെ തുടങ്ങിയ രണ്ടാമൂഴം പ്രൊജക്ട് അച്ഛന്റെ ഓർമ്മകളോടെ അവസാനിപ്പിക്കുകയാണ്.

രണ്ടാമൂഴം പ്രഖ്യാപിച്ച നിമിഷം മുതൽ ഒപ്പം നിന്ന എല്ലാവരോടും നന്ദി. എന്റെ മകളോടൊപ്പം തിയറ്ററിൽ പോയി രണ്ടാമൂഴം കാണണം എന്ന ആഗ്രഹമാണ് എനിക്കിപ്പോഴുമുള്ളത്. ഇത് പ്രഗത്ഭരായ ആരെങ്കിലും സംവിധാനം ചെയ്തു കാണണം. കോവിഡ് കഴിഞ്ഞാൽ അക്കാര്യങ്ങൾ ആലോചിക്കുമെന്ന് എംടി സാർ പറഞ്ഞത് ഏറെ സന്തോഷത്തോടെയാണ് കേട്ടത്. രണ്ടാമൂഴത്തിനായി എന്റെ എല്ലാ പ്രാർത്ഥനകളും സമർപ്പിക്കുന്നു. എംടി സാറിന്റെ രചനയിൽ ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം അദ്ദേഹത്തോട് മുൻപേ അറിയിച്ചതാണ്. അതിപ്പോഴുമുണ്ട്.

ഈ വ്യവഹാരത്തിന് ഇത്തരത്തിൽ  പരിസമാപ്തി ഉണ്ടായത് എന്റെ അടുത്ത സുഹൃത്തും മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫറുമായ എ.കെ ബിജുരാജിന്റെ സ്‌നേഹപൂർവ്വമായ ഇടപെടൽ മൂലം മാത്രമാണ്. അദ്ദേഹത്തിന് എംടിസാറിനോടും കുടുംബത്തോടുമുള്ള ആത്മബന്ധം ഇക്കാര്യത്തിൽ തുണയായി. ബിജുവിനോടുള്ള നിസ്സീമമായ സ്‌നേഹവും കടപ്പാടും രേഖപ്പെടുത്തട്ടെ. ഈ ചർച്ചയിൽ സജീവമായി പങ്കെടുത്ത പുഷ് ഇന്റഗ്രേറ്റഡ് സിഒഒ ഗോകുൽ പ്രസാദ്, പിആർ ഡിവിഷൻ സിഇഒ എസ്.ശ്രീകുമാർ എന്നിവരേയും സ്‌നേഹപൂർവ്വം സ്മരിക്കുന്നു. ഇതിനു മുൻപ് ഒത്തുതീർപ്പിനു വേണ്ടി ശ്രമിച്ച ഫിലിം ചേംബർ ഭാരവാഹികൾ അടക്കമുള്ള എല്ലാവർക്കും നന്ദി. 

എംടി സാർ മുന്നിൽ നിൽക്കുമ്പോൾ 'വ്യവഹാരയുദ്ധത്തിൽ' അർജ്ജുനനെ പോലെ തളർന്നവനാണ് ഞാൻ. മുന്നിൽ ആരെന്നു നോക്കാതെ യുദ്ധം ചെയ്യണം എന്ന ഉപദേശം ഞാൻ ചെവിക്കൊള്ളുന്നില്ല. യുദ്ധത്തേക്കാൾ മികച്ച മാർഗ്ഗങ്ങളുണ്ട്; പ്രത്യേകിച്ച് കലയിൽ. 
എംടി സാറിനോട് 

സ്‌നേഹം, ആദരവ്...
വി.എ ശ്രീകുമാർ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com