കൊച്ചി: വസ്ത്രധാരണത്തിന്റെ പേരിൽ പല നടികളും സൈബർ ആക്രമണങ്ങൾക്ക് ഇരകളാകാറുണ്ട്. അത്തരത്തിൽ സമീപ ദിവസം ആക്രമിക്കപ്പെട്ട നടിയാണ് അനശ്വര രാജൻ. വിഷയത്തിൽ അനശ്വരക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് റിമ കല്ലിങ്കൽ. ഇൻസ്റ്റഗ്രാമിൽ നീന്തൽ വസ്ത്രമണിഞ്ഞുള്ള തന്റെ ചിത്രം പോസ്റ്റ് ചെയ്താണ് റിമയുടെ പിന്തുണ. ഒപ്പം ഒരു കുറിപ്പും റിമ ചേർത്തിട്ടുണ്ട്.
‘അത്ഭുതം, അത്ഭുതം സ്ത്രീകൾക്ക് കാലുകളുണ്ട്’- എന്ന അടിക്കുറിപ്പോടെയാണ്, നീന്തൽ വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് റിമ അനശ്വരയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.
ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളായിരുന്നു പലരേയും പ്രകോപിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അനശ്വര തന്റെ 18ാം ജന്മദിനം ആഘോഷിച്ചത്. ‘പതിനെട്ട് വയസാകാൻ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാൻ’ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു സൈബർ ആക്രമണം.
’18 വയസ് അല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേൺ ഷോ തുടങ്ങിയോ’ ‘ഇത് കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല’, ‘അടുത്തത് എന്ത് വസ്ത്രമാണ്..’ ഇങ്ങനെ പോകുന്ന കമന്റുകൾ. നാടൻ വേഷങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ മോഡേൺ ലുക്കാണ് സോഷ്യൽ മീഡിയ സദാചാരക്കാരെ ചൊടിപ്പിച്ചത്.
അതേസമയം അനശ്വരയെ പിന്തുണച്ചു നിരവധി പേർ രംഗത്തെത്തി. ആ പെൺകുട്ടി അവർക്കിഷ്ടമുള്ളതിട്ടാൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം എന്നു നിരവധി പേർ ചോദിക്കുന്നുണ്ട്.
ഒടുവിൽ സദാചാര കമന്റുകൾക്ക് മറുപടിയുമായി അനശ്വര തന്നെ രംഗത്തെത്തി. ’ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട. ഞാൻ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളെ എന്തുകൊണ്ടാണ് വിഷമിപ്പിക്കുന്നത് എന്നതിനെയോർത്ത് ആശങ്കപ്പെടൂ’- എന്ന അടിക്കുറിപ്പോടെ അതേ വേഷം അണിഞ്ഞുകൊണ്ടുള്ള മറ്റൊരു ചിത്രം അനശ്വര പങ്കുവച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates