തങ്കുപൂച്ചയുടെയും മിട്ടുപൂച്ചയുടെയും കഥ പറഞ്ഞ് കുരുന്നുകളെ മാത്രമല്ല മുതിർന്നവരെയും ഒന്നാം ക്ലാസിലേക്കെത്തിച്ച ഹിറ്റ് ടീച്ചറാണ് സായി ശ്വേത. ഇപ്പോഴിതാ ടീച്ചറെക്കുറിച്ചുള്ള ഒരു പഴയകാല ഓർമ്മ പങ്കുവച്ചിരിക്കുകയാണ് നിർമാതാവായ ഷിബു ജി സുശീലൻ. 2005ൽ താൻ പ്രൊഡക്ഷൻ കൺട്രോളർ ആയി പ്രവർത്തിച്ച സിനിമയിൽ അഭിനയിക്കാൻ വന്ന കുഞ്ഞു സായിയെയാണ് ഷിബു ഓർത്തെടുത്തിരിക്കുന്നത്.
‘ഇത് ഇന്നലെ മുതൽ ഹിറ്റ് ആയ സായി ശ്വേത ടീച്ചർ. എനിക്ക് ഇന്നലെ കണ്ടപ്പോൾ മുതൽ ഒരു സംശയം ഈ ടീച്ചറെ എവിടയോ കണ്ടിട്ട് ഉണ്ടല്ലോ എന്ന്. അങ്ങനെ സംശയം തീർക്കാൻ ആർട്ട് ഡയറക്ടർ രാജേഷ് കൽപത്തൂരിനെ വിളിച്ചു .അതോടെ സംശയം തീർന്നു. 2005ൽ ഞാൻ പ്രൊഡക്ഷൻ കൺട്രോളർ ആയി വർക്ക് ചെയ്ത സിനിമയിൽ അഭിനയിക്കാൻ വന്ന ആ മിടുക്കി കുട്ടി സായി ശ്വേത ആണ് ഇന്നത്തെ കേരളത്തിലെ ഹിറ്റ് ടീച്ചർ എന്ന്. പഠിക്കുന്ന സമയത്ത് എല്ലാ കലാപരിപാടിക്കും സമ്മാനങ്ങൾ വാരി കൂടിയ കുഞ്ഞു സായി. ടീച്ചർ ആയപ്പോൾ ആ കഴിവ് പഠിപ്പിക്കുന്നതിലും കാണിച്ചു. ഇന്നലെ ടീച്ചർ സായി ശ്വേത കുട്ടികളെ മാത്രം അല്ല പഠിക്കാൻ പഠിപ്പിച്ചത്. ഇങ്ങനെ ആണ് കുഞ്ഞു കുട്ടികളെ പഠിപ്പിക്കേണ്ടത് എന്ന് ചില ടീച്ചർമാരെയും ഇതിലൂടെ പഠിപ്പിച്ചു. സായി ശ്വേതക്ക് എന്റെയും കുടുംബത്തിന്റെയും അഭിനന്ദനങ്ങൾ.’ ഷിബു ഫേസ്ബുക്കിൽ കുറിച്ചു.
കോവിഡ് കാലത്തെ അസാധാരണ ഓൺലൈൻ പ്രവേശനോത്സവത്തിൽ കുട്ടികളെ ടിവിക്ക് മുന്നിൽ പിടിച്ചിരുത്തിയ ടീച്ചറുടെ മികവിനെ കേരളം ഏറ്റെടുത്തിരുന്നു. കോഴിക്കോട് മുതവടത്തൂർ വിവിഎൽപി സ്‌കൂളിലെ ടീച്ചറാണ് സായ് ശ്വേത. ട്രോളർമാരുടെ അക്രമണത്തിനും ഇരയാകേണ്ടി വന്നെങ്കിലും, കുട്ടികളും രക്ഷിതാക്കളും ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ടീച്ചർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates