'അപ്പോൾ ഇതിലും സാധാ വില്ലൻ വേഷം ആണ് അല്ല്യോടാ', ആ വാക്കുകളിലെ നിരാശ കാണുന്നില്ലേ; കുറിപ്പ്

ക്ലാസിക്കൽ ഡാൻസ് പഠിച്ചു അരങ്ങേറിയിട്ടും , അസാധ്യമായ നർമബോധവുമായി സ്പോട് കൗണ്ടറുകളുമായി കൂടെയുള്ളവരെ പൊട്ടിചിരിയിൽ അലിയിച്ചിട്ടും അദ്ദേഹത്തിന് തന്റെ പേരിന്റെ കൂടെ ഭീമൻ എന്നു ചേർക്കേണ്ടിവന്നു
'അപ്പോൾ ഇതിലും സാധാ വില്ലൻ വേഷം ആണ് അല്ല്യോടാ', ആ വാക്കുകളിലെ നിരാശ കാണുന്നില്ലേ; കുറിപ്പ്
Updated on
2 min read

ഭീമൻ രഘു എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസിൽ തെളിയുന്നത് ഒരു വില്ലന്റെ മുഖമാണ്. എന്നാൽ വില്ലനായി മാത്രം അറിയപ്പെടേണ്ടയാളാണോ അദ്ദേഹം. ​ഗോഡ്ഫാദറിലേയും മൃഗയയിലേയും പ്രകടനത്തിലൂടെ ഞെട്ടിപ്പിച്ചിട്ടുണ്ടെങ്കിലും എഴുത്തുകാർക്കും സംവിധായകർക്കും അയാളിലെ വില്ലനിസത്തോടു ആയിരുന്നു പ്രിയം. ഇപ്പോൾ സോഷ‌്യൽ മീഡിയയിൽ വൈറലാവുന്നത് ഭീമൻ രഘുവിനെക്കുറിച്ച് എഴുതിയ ഒരു കുറിപ്പാണ്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട ഭീമൻ രഘുവിനെക്കുറിച്ചാണ് സനൽകുമാർ പത്മനാഭൻ എഴുതുന്നത്. ക്ലാസിക്കൽ ഡാൻസ് പഠിച്ചു അരങ്ങേറിയിട്ടും , അസാധ്യമായ നർമബോധവുമായി സ്പോട് കൗണ്ടറുകളുമായി കൂടെയുള്ളവരെ പൊട്ടിചിരിയിൽ അലിയിച്ചിട്ടും അദ്ദേഹത്തിന് തന്റെ പേരിന്റെ കൂടെ ഭീമൻ എന്നു ചേർക്കേണ്ടിവന്നു എന്നാണ് കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

പ്രമുഖ ആയ ഒരു നടിയും ആയുള്ള ഇന്റർവ്യൂ ഇന്നും ഓർമയുണ്ട് 'നിങ്ങൾ എന്ത് കൊണ്ടാണ് ആ വേഷം നിരസിച്ചത് ? എന്ന ചോദ്യത്തിന് 'അത് രണ്ടു സ്‍കൂൾ കുട്ടികളുടെ അമ്മ വേഷം ആയിരുന്നു, ഞാൻ ആ വേഷം ചെയ്‍തിരുന്നെങ്കിൽ പിന്നീട് അത്തരം വേഷങ്ങൾ മാത്രമേ എനിക്ക് ലഭിക്കുമായിരുന്നുള്ളു ഒരേ ടൈപ്പ് റോളുകളിൽ ഞാൻ ഒതുങ്ങി പോകുമായിരുന്നു " എന്നായിരുന്നു ആ നടിയുടെ മറുപടി.

എത്ര അർത്ഥവത്തായ സ്റ്റേറ്റമെന്റ് ആണ് അതെന്നു ഉറപ്പിക്കാൻ നമുക്ക് മുന്നിൽ മധ്യവയസ്സിൽ മുത്തശ്ശൻ വേഷങ്ങളും , നായകന്റെ അച്ഛൻ വേഷങ്ങളും എടുത്തണിയാൻ കാണിച്ച ചങ്കൂറ്റത്തിന് , പിന്നീട് അച്ഛൻ വേഷങ്ങളുടെ ചട്ടക്കൂടിൽ നിന്നും പുറത്തു കടക്കാൻ വിഷമിക്കുന്ന നെടുമുടിയും സായി കുമാറും ഉണ്ടായിരുന്നു.

ഇത് പോലെ ഏതു തരം കാരക്ടർ റോളുകളും ചെയ്യത്തക്ക പ്രതിഭ ഉണ്ടായിട്ടും, ഒരേ ടൈപ്പ് വേഷങ്ങളിൽ തളക്കപ്പെട്ടു പോയ നടന്മാരുടെ പേരുകൾ തിരഞ്ഞു പോയപ്പോൾ എന്റെ ഓർമകളിൽ ആദ്യം തെളിഞ്ഞു വന്ന മുഖത്തിനു അയാളുടെ ബലിഷ്‍ഠമായ രൂപം ആയിരുന്നു.

ക്ലാസിക്കൽ ഡാൻസ് പഠിച്ചു അരങ്ങേറിയിട്ടും , അസാധ്യമായ നർമബോധവുമായി സ്പോട് കൗണ്ടറുകളുമായി കൂടെയുള്ളവരെ പൊട്ടിചിരിയിൽ അലിയിച്ചിട്ടും തന്റെ പേരിന്റെ കൂടെ ഭീമൻ എന്ന് ചേർക്കേണ്ടി വന്ന ഒരു മനുഷ്യന്റെ മുഖം !

ആക്ഷൻ ഹീറോ ജയനെ അനുസ്‍മരിപ്പിക്കുന്ന ശരീര പ്രകൃതവും ശബ്‍ദവും ആയി നായകനായി സിനിമയിലേക്ക് കടന്നു വന്ന ആ കോട്ടയംകാരന്റെ മുഖം.

ആദ്യകാലത്തു അവതരിപ്പിച്ച വില്ലൻ വേഷങ്ങളിലും , വില്ലന്റെ സഹായിയുടെ വേഷങ്ങളിലും അയാളുടെ അപാര പെർഫെക്ഷൻ കൊണ്ടാകാം പിന്നീട് അയാളെ തേടിയെത്തിയതെല്ലാം നെഗറ്റീവ് വേഷങ്ങൾ ആയിരുന്നു.

അച്ഛന്റെയും ചേട്ടന്മാരുടെയും വാക്കുകൾക്ക് അനുസരിച്ചു ജീവിക്കുന്ന നിഷ്കളങ്കൻ ആയ അഞ്ഞൂറാന്റെ മകൻ പ്രേമചന്ദ്രൻ ആയും , 'എന്റെ മോന് ആരുമില് , എന്നെ ആശുപത്രിയിൽ കൊണ്ട് പോ, വാറുണ്ണി എന്റെ നഖം കൊള്ളാതെ സൂക്ഷിക്കണേ 'പേവിഷബാധഏറ്റു കരയുന്ന കുഞ്ഞച്ചൻ ആയുമൊക്കെ അയാൾ തന്നിലെ നടന്റെ റേഞ്ച് പ്രകടമാക്കിയെങ്കിലും , എഴുത്തുകാർക്കും സംവിധായകർക്കും അയാളിലെ വില്ലനിസത്തോടു ആയിരുന്നു പ്രിയം ഒരു പക്ഷെ നീലഗിരി തെരുവിലൂടെ ഊറി പിടിച്ച ബെൽറ്റുമായി കുതിരപ്പുറത്തു പിരിവു ചോദിച്ചു വരുന്ന ചന്ദ്രുവും , നാടക വണ്ടിയിൽ നിന്നും ആരെയും ഭയപ്പെടുത്തുന്ന ഭീതിയേറിയ ചിരിയുമായി ഇറങ്ങി വരുന്ന ചക്രപാണിയും ,ലിഫ്റ്റിനുള്ളിൽ മൂന്നു പേരെ ഷൂട്ട് ചെയ്‍തു കൊലപ്പെടുത്തി പൊലീസ് വേഷത്തിൽ ചിരിയോടെ ഇറങ്ങി വരുന്ന വിൽഫ്രഡ് വിൻസെന്റ് ബാസ്‌റ്യനും എല്ലാം അവരെ അത്രമേൽ കീഴ്പെടുത്തിയതിനാലാവാം അവർ അയാൾക്ക് പിന്നെയും പിന്നെയും അത്തരം വേഷങ്ങൾ തന്നെ തുന്നിക്കൊണ്ടിരുന്നത്.

സംവിധായക കസേരയിലെ മനുഷ്യന്റെ ഒരു "ആക്ഷൻ കട്ടിനു"മപ്പുറെ ,ഡൽഹിയിലെ കളികൾ നിയന്ത്രിക്കുന്ന എം പി മോഹൻ തോമസിന്റെ വലം കൈ അന്താരാഷ്ട്ര കുറ്റവാളി വിൽഫ്രഡ് വിൻസെന്റ് ബാസ്‌റ്യനിൽ നിന്നും മുള്ളൻ കൊല്ലിയിലെ ഗോപിയുടെ സഹായി പേടിത്തൊണ്ടൻ ആയ ഗുണ്ടാ കീരി ആകാനും .....

അറക്കൽ മാധവനുണ്ണിയെ , ചതി കൊണ്ട് തളക്കാൻ ശിവരാമന്റെ കൂടെ നിഴലായി നിൽക്കുന്ന നെടുങ്ങാടിയിൽ നിന്നും ചോട്ടാ മുംബൈയിലെ കോമഡി ചുവയുള്ള പോലീസ് ഓഫീസർ അലക്സ് ആകാനും ..

ആളുകളെ പച്ചക്കു കത്തിക്കാൻ മടിയില്ലാത്ത മുസ്‍തഫ കമാലിൽ നിന്നും , തന്റെ സുഹൃത്ത് സിനിമ സംവിധായകൻ ആകുമെന്ന പ്രതീക്ഷയിൽ അയാളുടെ പിറകെ നടക്കുന്ന മണ്ടൻ ആയ അഭിനയ മോഹിയാവാനും ..

അധിക നേരം ഒന്നും ആവശ്യമില്ലാത്ത പ്രതിഭയും ആയി അയാൾ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ഉണ്ടായിരുന്നു. അല്ല ഉണ്ട്.

പുതിയ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കാൻ ആയി അയാളെ വിളിച്ചു സംസാരിച്ചു എല്ലാം പറഞ്ഞു അവസാനിപ്പിച്ച് ഫോൺ വയ്ക്കുന്നതിന് മുൻപുള്ള " അപ്പോൾ ഇതിലും സാധാ വില്ലൻ വേഷം ആണ് അല്ല്യോടാ" എന്ന വാക്കുകളിലെ നിരാശ തിരിച്ചറിഞ്ഞിട്ടു എങ്കിലും ഏതേലും എഴുത്തുകാർ അയാൾക്ക് വേണ്ടി നല്ല കാരക്ടർ വേഷങ്ങൾ എഴുതട്ടെ.

ഏറെ ഇഷ്‍ടമുള്ള കലാകാരൻ കൊവിഡ് കാലത്തിനപ്പുറത്തെ സിനിമ യിൽ നല്ല കാരക്ടർ റോളുകളുമായി നമ്മെ ഇനിയും വിസ്‍മയിപ്പിക്കട്ടെ .

മോസ്റ്റ് ഫേവറിറ്റ് ഡയലോഗ് : 'അതെ ആ കൊല വേണ്ടെൽ വേണ്ട  കിഴങ്ങ് ഇവിടെ ഇരുന്നോട്ടെ അത് എന്റെയാ'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com