അമ്മയുടെ മരണശേഷം വില്ലനായില്ല; നെഗറ്റീവ് വേഷങ്ങള്‍ അഭിനയിക്കുമ്പോള്‍ മനസ്സുകൊണ്ട് കരഞ്ഞിരുന്നു 

ബോംബെ നാടകവേദികളില്‍ നിന്ന് അഭിനയത്തിന് തുടക്കമിട്ട അദ്ദേഹം 1981ല്‍ ജോഷി സംവിധാനം ചെയ്ത രക്തം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്കെത്തിയത്
അമ്മയുടെ മരണശേഷം വില്ലനായില്ല; നെഗറ്റീവ് വേഷങ്ങള്‍ അഭിനയിക്കുമ്പോള്‍ മനസ്സുകൊണ്ട് കരഞ്ഞിരുന്നു 
Updated on
2 min read

മ്പും വില്ലും മെഷിന്‍ ഗണ്ണും ട്രാന്‍സിസ്റ്റര്‍ ബോംബും മലപ്പുറം കത്തിയുമെല്ലാം പെട്ടിയിലാക്കി വന്നിറങ്ങിയ പവനായി. കോട്ടും സ്യൂട്ടും അണിഞ്ഞ് പെട്ടിയും തൂക്കി ഹോളിവുഡ് സ്‌റ്റൈലില്‍ പവനായിയായി വന്നിറങ്ങിയ ക്യാപ്റ്റന്‍ രാജുവിന്റെ ഉഗ്രരൂപഭാവം ഒറ്റ ഡയലോഗില്‍ ശ്രീനിവാസന്‍  ഉടച്ചുകളഞ്ഞു. 'ആരാടാ ഈ അലവലാതി?' 'മിസ്റ്റര്‍, ഞാന്‍ അലവലാതിയല്ല' എന്ന് പവനായിയുടെ മറുപടിയും. ഈ ഒറ്റ ചിത്രത്തിലൂടെ അന്നോളം മലയാള സിനിമ കാണാത്ത ചിരിപ്പിക്കുന്ന വില്ലനായി ക്യാപ്റ്റന്‍ രാജു മാറി. 

21-ാം വയസ്സില്‍ സെക്കന്‍ഡ് ലഫ്റ്റനന്റായി കരസേനയില്‍ ചേര്‍ന്ന രാജു ക്യാപ്റ്റനായി സേവനമനുഷ്ടിക്കവെയാണ് പിരിഞ്ഞത്. ബോംബെ നാടകവേദികളില്‍ നിന്ന് അഭിനയത്തിന് തുടക്കമിട്ട അദ്ദേഹം 1981ല്‍ ജോഷി സംവിധാനം ചെയ്ത രക്തം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തി. ആവനാഴി, നാടോടിക്കാറ്റ്, പാവം ക്രൂരന്‍, ഒരു വടക്കന്‍ വീരഗാഥ, കാബൂളിവാല, അമൃതംഗമയ, സിഐഡി മൂസ, പഴശ്ശിരാജ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. 

വില്ലന്‍ വേഷങ്ങളാണ് ക്യാപ്റ്റന്‍ രാജു വെള്ളിത്തിരയില്‍ കൂടുതല്‍ അവതരിപ്പിച്ചിട്ടുള്ളതെങ്കിലും വ്യക്തിപരമായി അത്തരം കഥാപാത്രങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. ഇത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന കലാകാരന്‍മാര്‍ക്ക് സമൂഹത്തില്‍ നിന്ന് അകല്‍ച്ച നേരിടേണ്ടിവരുമെന്ന വിലയിരുത്തലാണ് അദ്ദേഹത്തെ അലട്ടിയിരുന്നത്. സിനിമയില്‍ കൊലപാതക രംഗങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ മനസ്സുകൊണ്ട് കരഞ്ഞിട്ടുണ്ടെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിരുന്നു.

'സിനിമയില്‍ എന്നും ക്രൂരനായ വില്ലന്‍ വേഷങ്ങളില്‍ എത്തിയിരുന്ന ബാലന്‍ കെ നായരുടെ മരണവാര്‍ത്തയറിഞ്ഞ് ഒരു സ്ത്രീ പ്രതികരിച്ചത് അയാള്‍ക്ക് അതിലും കൂടുതല്‍ വരണം അത്രമാത്രം ക്രൂരതയല്ലെ ചെയ്തത് എന്നാണ്. സിനിമകള്‍ മാത്രം കണ്ടാണ് ബാലേട്ടനെ അവര്‍ വിലയിരുത്തിയത്. ബാലന്‍ കെ നായര്‍, കെ പി ഉമ്മര്‍ തുടങ്ങിയവരെപ്പോലുള്ള നല്ല വ്യക്തികളെ ഇനി നമുക്ക് കിട്ടില്ല. രണ്ടുപേരും സിനിമ ഭരിച്ച വില്ലന്മാര്‍ ആയിരുന്നു. ഇതൊക്കെയാണ് നെഗറ്റീവ് കഥാപാത്രങ്ങളില്‍ നിന്ന മാറി നില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്', മുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍ നെഗറ്റീവ് കഥാപാത്രങ്ങള്‍ ഉപേക്ഷിച്ചതിന് പിന്നിലെ കാരണം ക്യാപ്റ്റന്‍ രാജു വിവരിച്ചത് ഇങ്ങനെയായിരുന്നു. അമ്മയുടെ മരണശേഷം വില്ലന്‍ വേഷങ്ങള്‍ വേണ്ടെന്ന നിലപാടിലേക്ക് എത്തുകയായിരുന്നു അദ്ദേഹം. 

സിനിമാ അഭിനയത്തിനുപുറമെ സംവിധായകനായും സീരിയല്‍ അഭിനേതാവായും ക്യാപ്റ്റന്‍ രാജു പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. മലയാളത്തിനുപുറമെ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലടക്കം അറുന്നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കോട്ടണ്‍ മേരി എന്ന 1999ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഇന്‍സ്‌പെക്ടറുടെ വേഷം അവതരിപ്പിച്ചാണ് ക്യാപ്റ്റന്‍ രാജു ഹോളിവുഡ്ഡില്‍ അഭിനയിച്ചത്. 2011ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം കഷ്മകഷിലൂടെ ബോളിവുഡ്ഡിലും സാന്നിധ്യമറിയിച്ചു.1997ല്‍ വിക്രത്തെ നായകനാക്കി ഇതാ ഒരു സ്‌നേഹഗാഥ എന്ന സിനിമ സംവിധാനം ചെയ്തു. പിന്നീട് പവനായി എന്ന തന്റെ ഹിറ്റ് കഥാപാത്രത്തിന്റെ രണ്ടാം ഭാഗമായി മിസ്റ്റര്‍ പവനായി 99.99 എന്ന ചിത്രത്തിന്റെ സംവിധാന ജോലികള്‍ പൂര്‍ത്തീകരിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com