സോഷ്യൽ മീഡിയയിൽ വൈറലായ ആ രണ്ട് ഫ്രീക്കിക്കുകൾ ഉണ്ടാക്കിയ തരംഗം ഇനിയും അവസാനിക്കുന്നില്ല. നാലാംക്ലാസുകാരായ നാൽവർസംഘം എടുത്ത കിടിലൻ ഫ്രീകിക്കിന് അത്രയധികമാണ് ആരാധകർ. ഇപ്പോഴിതാ നിലമ്പൂർ പോത്തുകല്ലിലെ എൽ പി സ്കൂൾ വിദ്യാർത്ഥികളായ നാല് പേർക്കും മലയാള സിനിമയിൽ അവസരം ലഭിച്ചിരിക്കുകയാണ്. ഇവർക്കൊപ്പം സഹകളിക്കാർക്കും എതിർടീമിലെ അംഗങ്ങൾക്കും സിനിമയിൽ അവസരമുണ്ട്.
കായികാധ്യാപകൻ ശ്രീജു എ ചോഴി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വിഡിയോ വളരെ പെട്ടെന്നാണ് വൈറലായത്.വിഡിയോകൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടമായ ‘മഞ്ഞപ്പട’യും പ്രശസ്ത സാമൂഹികമാധ്യമ പേജായ ‘433’-യും പങ്കുവെച്ചതോടെ കൂടുതൽ ആളുകളിലേക്കെത്തി. എം. അസ്‌ലഹ്, എം.വി. പ്രത്യുഷ്, ലുഖ്മാനുൽ ഹക്കീം, ആദിൽ എന്നിവരാണ് വിഡിയോയിലെ താരങ്ങൾ.
മൂന്നുപേർ കിക്കെടുക്കുന്നതുപോലെ കാണിച്ച് കബളിപ്പിച്ച് നാലാമത്തെ താരം കിക്കുചെയ്ത് ഗോളാക്കുന്നതാണ് വിഡിയോ. പ്രതിരോധനിരയുടെ മുകളിലൂടെ ഉയർന്ന പന്ത് നിഷ്പ്രയാസം പോസ്റ്റിനകത്തായി. സ്കൂൾ മൈതാനത്തെ ഫുട്‌ബോൾ ഗ്രൗണ്ടിലായിരുന്നു ഇവരുടെ പ്രകടനം. വിഡിയോ കണ്ട മുംബൈ മലയാളിയായ നവാഗത സംവിധായകൻ കുട്ടികളെ സിനിമയിൽ അഭിനയിപ്പിക്കാൻ താത്പര്യമുണ്ടെന്ന് ശ്രീജുവിനെ അറിയിക്കുകയായിരുന്നു.
ഫുട്‌ബോളിന് പ്രാധാന്യം നൽകിയുള്ള സിനിമയുടെ ചിത്രീകരണം ഡിസംബറിലാണ് ആരംഭിക്കുന്നത്. സിനിമയിലേക്കായി ഇനിയും രുട്ടികളെ ആവശ്യമുണ്ടെന്ന് അണിയറപ്രവർത്തകർ അറിയിക്കുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഇതിനായുള്ള ഓഡിഷൻ നടത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates