ദുബായ്: ലോക കേരളാ സഭയിൽ താൻ നൃത്ത പരിപാടികൾ അവതരിപ്പിച്ചത് സൗജന്യമായാണെന്ന് ചലച്ചിത്ര നടിയും നർത്തകിയുമായ ആശാ ശരത്. ഞാൻ ഏഴ് ലക്ഷം രൂപ കൈപ്പറ്റിയാണ് പരിപാടി അവതരിപ്പിക്കുന്നതെന്നും സർക്കാരിന്റെ ധൂർത്താണ് ഇതെന്നും മാധ്യമങ്ങൾ പ്രചരിപ്പിച്ചതിൽ അതിയായ ദുഃഖമുണ്ട്. എന്റെ നാടിനോടുള്ള സ്നേഹമാണ് ഞാനും എന്റെ കുട്ടികളും പ്രകടിപ്പിച്ചത്. അതെന്റെ ബാധ്യതയാണെന്നും കരുതുന്നു. അവർ പറഞ്ഞു.
10 ലക്ഷത്തോളം രൂപ സ്വന്തം കൈയിൽ നിന്നെടുത്താണ് ഞാൻ പരിപാടി അവതരിപ്പിച്ചത്. എന്റെ കീഴിലുള്ള കൈരളി കലാകേന്ദ്രത്തിലെ നൂറിലേറെ കുട്ടികളും പരിപാടിയിൽ അണിനിരന്നു. ഇവർക്കെല്ലാം നൃത്ത ഉടയാടകൾക്ക് മാത്രം ലക്ഷങ്ങൾ വേണ്ടിവന്നതായും ആശാ ശരത് പറഞ്ഞു.
ലോക കേരളാ സഭ വളരെ ഭംഗിയായി നടന്നുവരുന്നു. ഗൾഫ് മലയാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കഴിഞ്ഞ വർഷം ഞങ്ങൾ സമർപ്പിച്ച നിർദേശങ്ങളോട് വളരെ ക്രിയാത്മകമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിട്ടുള്ളത് എന്നത് സന്തോഷം പകരുന്നു. ഈ വർഷവും കലാ–സാംസ്കാരിക സംബന്ധമായ ഒത്തിരി കാര്യങ്ങൾ അവതരിപ്പിക്കാൻ സാധിച്ചു. അക്കാര്യങ്ങളിലും മികച്ച നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോക കേരളാ സഭാ അംഗം കൂടിയായ നടി പറഞ്ഞു.
ബോബി സഞ്ജയുടെ രചനയിൽ ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന എവിടെ എന്ന ചിത്രത്തിലാണ് ആശാ ശരത് ഇപ്പോൾ അഭിനയിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates