കൊച്ചി: നിത്യഹരിത നായകന്‍ പ്രേം നസീര്‍ ഓര്‍മ്മയായിട്ട് ഒക്ടോബര്‍ പതിനാറിന് മുപ്പത് വര്‍ഷം. പ്രേം നസീറിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച്് സംവിധായകനും തിരക്കഥാകൃത്തുമായി ആലപ്പി അഷ്‌റഫ്.
കാലം എണ്‍പതുകള്‍. ചെന്നൈയിലെ കണ്ണായ സ്ഥലത്ത്, വള്ളുവര്‍ക്കോട്ടത്ത് ബ്ലൂ സ്റ്റാര്‍ ബില്‍ഡിങ് എന്ന കെട്ടിടമുണ്ട്. അന്നു നഗരത്തിലെ സാമാന്യം നല്ല കെട്ടിടങ്ങളിലൊന്ന്. ഇതു പ്രേംനസീര്‍ വാങ്ങി. ആകെ വില 65 ലക്ഷം. 25 ലക്ഷം മുന്‍കൂര്‍ നല്‍കി. ആറു മാസത്തിനകം റജിസ്‌ട്രേഷന്‍ഇതായിരുന്നു കരാര്‍. ആറു മാസത്തിനിടെ റിയല്‍ എസ്‌റ്റേറ്റ് രംഗത്തു വന്‍ കുതിപ്പ്. കെട്ടിടത്തിനും അതു നില്‍ക്കുന്ന സ്ഥലത്തിനും വില ഇരട്ടിയോളമായി. ഉടമ കാലു മാറി. കേസായി. ഹൈക്കോടതി നസീറിന് അനുകൂലമായി വിധിച്ചു. വിധിക്കു പിന്നാലെ കെട്ടിട ഉടമസ്ഥന്‍ ആശുപത്രിയിലായി.
നസീര്‍ ആശുപത്രിയിലെത്തി ഉടമസ്ഥനെ കാണാനായി തീവ്രപരിചരണ വിഭാഗത്തിലേക്കു കയറി. സിനിമ തോറ്റുപോകുന്ന സീന്‍. നസീറിനെ കണ്ടതോടെ അയാള്‍ കരച്ചില്‍ തുടങ്ങി 'നസീര്‍ സര്‍, എനിക്ക് മൂന്നു പെണ്‍കുളന്തകള്‍. കാപ്പാത്തുങ്കോ'. കുടുംബത്തോട് എന്തോ പറഞ്ഞ ശേഷം നസീര്‍ ആശുപത്രിക്കു പുറത്തിറങ്ങി. പിന്നീട് സിനിമാ സെറ്റില്‍ കണ്ടപ്പോള്‍ കെട്ടിടത്തിന്റെ കാര്യം ചോദിച്ചു.' അസ്സേ, അയാള്‍ പാവം, ഞാന്‍ അതങ്ങു മടക്കിനല്‍കി'.
പൂവ് ചോദിച്ചപ്പോള്‍ പൂക്കാലം നല്‍കിയെന്നു കേട്ടിട്ടല്ലേയുള്ളൂ?. സംഭാവന ചോദിച്ചപ്പോള്‍ ആനയെ നല്‍കി വിസ്മയിപ്പിച്ചിട്ടുണ്ട് പ്രേംനസീര്‍ എന്ന മനുഷ്യന്‍. ചിറയിന്‍കീഴ് ശാര്‍ക്കര ദേവീ ക്ഷേത്രത്തില്‍ ആനയെ വാങ്ങാന്‍ തീരുമാനിച്ചു. റസീപ്റ്റ് ഉദ്ഘാടനം ചെയ്യാനാണു ഭാരവാഹികള്‍ നസീറിനെച്ചെന്നു കണ്ടത്. പിരിവൊന്നും വേണ്ട. ആനയെ ഞാന്‍ വാങ്ങിത്തരാമെന്നു പറയുക മാത്രമല്ല, ലക്ഷണമൊത്തയൊന്നിനെ നടയ്ക്കിരുത്തുകയും ചെയ്തു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
