കൊറോണ വൈറസ് ബാധ ചൈനയ്ക്ക് പുറത്ത് വ്യാപകമായിത്തുടങ്ങിയ ആദ്യ നാളുകളിൽ തന്നെ രോഗം സ്ഥിരീകരിച്ച താരങ്ങളാണ് അമേരിക്കന്‍ നടന്‍ ടോം ഹാങ്ക്‌സും ഭാര്യ റിത വില്‍സണും. രോഗം സ്ഥിരീകരിച്ച വിവരം ടോം സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടിരുന്നു. ഓസ്ട്രേലിയയിലായിരുന്നപ്പോഴാണ് ഇരുവരും രോഗബാധിതരായത്. മാർച്ച് അവസാനവാരം ഇവർ ലോസ് ആഞ്ചലസിലെ വീട്ടിൽ തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ രോഗബാധയെ ചെറുക്കാന്‍ ക്ലോറോക്വിൻ മരുന്ന് ഉപയോഗിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് റിത.
വൈറ്സ് ബാധ മൂലമുണ്ടായിരുന്ന ശക്തമായ പനി കുറഞ്ഞത് ക്ലോറോക്വിൻ കഴിച്ചതിന് ശേഷമാണെങ്കിലും മരുന്ന കഴിച്ചതുകൊണ്ട് തന്നെയാണോ പനി വിട്ടുമാറിയത് എന്ന കാര്യത്തിൽ റിത ഉറപ്പുപറയുന്നില്ല. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് 60കാരിയായ റിത തന്റെ രോഗകാലഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
"ഞാന്‍ വളരെയധികം ക്ഷീണിതയായിരുന്നു. ഭയങ്കര വേദനയായിരുന്നു. വളരെയധികം അസ്വസ്ഥത തോന്നിയിരുന്നു, ആരും തൊടുന്നതുപോലും ഇഷ്ടമല്ല. അതിനുശേഷമാണ് പനി തുടങ്ങിയത്. ഒരിക്കലും തോന്നാത്തത്ര തണുപ്പ് അനുഭവപ്പെട്ടിരുന്നു. രുചിയും മണവുമൊന്നും അറിയാന്‍ സാധിക്കില്ല. പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിന് ശേഷം ഒന്‍പത് ദിവസം ശക്തമായ പനി തുടര്‍ന്നു. എനിക്കുതോന്നുന്നു 102 ഡിഗ്രി പനി ഉണ്ടായിരുന്നു".
കൊറോണ വൈറസ് ചികിത്സയ്ക്ക് ഗുണകരമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മലേറിയ മരുന്നായ ക്ലോറോകൈ്വന്‍ ആണ് തനിക്ക് നല്‍കിയിരുന്നതെന്ന് റിത പറഞ്ഞു. മരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് പനി കുറഞ്ഞു. അത് മരുന്ന് കഴിച്ചതുകൊണ്ടുതന്നെ കുറഞ്ഞതാണോ എന്ന് ഉറപ്പൊന്നുമില്ല. പക്ഷെ അതിന് അതിശക്തമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിരുന്നെന്നും താരം പറഞ്ഞു.
'ഛര്‍ദ്ദിയും തലചുറ്റലും അനുഭവപ്പെട്ടിരുന്നു. പേശികള്‍ വളരെയധികം തളര്‍ന്ന അവസ്ഥയായിരുന്നു അതിനാല്‍ നടക്കാന്‍ പോലും കഴിയാതെയായി'. അതുകൊണ്ടുതന്നെ ക്ലോറോക്വിൻ കഴിക്കുന്നത് വളരെ ശ്രദ്ധയോടെ വേണമെന്നും ആ മരുന്ന് ഫലപ്രദമാണോ എന്ന് ഇനിയും ഉറപ്പില്ലെന്നും റിത പറഞ്ഞു. ഹാങ്ക്‌സിന് നേരിയ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നൊള്ളു എന്നും അദ്ദേഹത്തിന് പനി കടുത്തിരുന്നില്ലെന്നും റിത പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates