'ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച് വാരിയംകുന്നനിലേക്ക് തിരിച്ചുവരും'; റമീസ്

'ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച് വാരിയംകുന്നനിലേക്ക് തിരിച്ചുവരും'; റമീസ്

റമീസ് സോഷ്യൽ മീഡിയയിലിട്ട പോസ്റ്റുകളാണ് വിവാദങ്ങൾക്ക് കാരണമായത്
Published on

നിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ തെറ്റെന്ന് തെളിയിച്ച് വാരിയംകുന്നനിലേക്ക് തിരിച്ചുവരുമെന്ന് തിരക്കഥാകൃത്ത് റമീസ്. ചിത്രത്തിൻ നിന്ന് താൽക്കാലികമായാണ് മാറി നിൽക്കുന്നതെന്നും അദ്ദേഹം ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ മാപ്പു പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാം  സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ തനിക്ക് കഴിയുമെന്നും റമീസ് പറയുന്നത്.

റമീസിന്റെ രാഷ്ട്രീയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് ചിത്രത്തിൽ നിന്ന് മാറ്റിയത്. ആഷിഖ് അബു തന്നെയാണ് ഇത് വ്യക്തമാക്കിയത്. റമീസ് സോഷ്യൽ മീഡിയയിലിട്ട പോസ്റ്റുകളാണ് വിവാദങ്ങൾക്ക് കാരണമായത്. വർ​ഗീയവാദത്തെ പിന്തുണയ്ക്കുന്നതും സ്ത്രീവിരുദ്ധവുമാണ് ഇവ എന്നായിരുന്നു ആരോപണം. അതിന് പിന്നാലെ വിവാദമായ പോസ്റ്റുകൾക്ക് ക്ഷമ പറഞ്ഞുകൊണ്ട് റമീസ് രം​ഗത്തെത്തിയിരുന്നു.  എട്ടോ ഒൻപതോ വർഷം മുൻപുള്ളതാണ് പോസ്റ്റുകളെന്നും ഇന്ന് തനിക്ക് ആ നിലപാടല്ല ഉള്ളതെന്നും റമീസ് വ്യക്തമാക്കിയിരുന്നു.

റമീസിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയിൽ, ഇപ്പോൾ വാരിയംകുന്നൻ എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതിൽ പ്രധാനം എനിക്ക് എതിരിൽ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്. എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളിൽ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ ഞാൻ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ എനിക്ക് കഴിയുകയും ചെയ്യും. ഞാൻ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തിൽ ബോധിപ്പിക്കുകയും ചെയ്യും.

എന്നാൽ, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തിൽ ബാധിക്കേണ്ടത് എന്നെ മാത്രമാണ്. പക്ഷെ, ദൌർഭാഗ്യവശാൽ അത് ഇപ്പോൾ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്. ആയതിനാൽ, എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും ഞാൻ താൽക്കാലികമായി വിട്ടുനിൽക്കാൻ ആഗ്രഹിക്കുകയാണ്. എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവർത്തനങ്ങളിലേക്ക് ഞാൻ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും.

ഈ വിവരങ്ങൾ ‘വാരിയംകുന്നൻ’ എന്ന സിനിമയുടെ നിർമ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com