ആറുമാസത്തെ കാലയളവിന് ശേഷം അയാളെ പുറത്താക്കുന്ന നടപടിയുണ്ടാകും എന്നാണ് എന്നെ വിശ്വസിപ്പിച്ചത്; ഫെഫ്കയുടെ നടപടിയിൽ കൂടുതൽ വിശദീകരണവുമായി അർച്ചന
മമ്മൂട്ടി നായകനായ 'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന സിനിമയുടെ സെറ്റിൽ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയുടെ സഹായി ഷെറിന്‍ സ്റ്റാന്‍ലിയില്‍ നിന്ന് വളരെ മോശമായ അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഈ വിഷയത്തിൽ ഫെഫ്കയുടെ നടപടിയെക്കുറിച്ച് കൂടുതൽ വിശദീകരണവുമായി നടിയും സഹസംവിധായകയുമായ അര്‍ച്ചന പദ്മിനി. പ്രഹസനപരമെന്ന് പിന്നീട് താൻ മനസ്സിലാക്കിയ ഒരു സസ്‌പെൻഷൻ പ്രതിക്ക് കൊടുക്കുന്നതായി ഫെഫ്ക അറിയിച്ചിരുന്നെന്നും ആ ആറു മാസ കാലയളവിന് ശേഷം അയാളെ പുറത്താക്കുന്ന നടപടിയുണ്ടാകും എന്നാണ് തന്നെ വിശ്വസിപ്പിച്ചതെന്നും അർച്ചന തന്റെ ഫേസ്ബുക്ക് പേജിലൂടെ വിശദീകരിച്ചു. എന്നാൽ അയാൾ പിന്നീടും സജീവമായി തൊഴിലെടുക്കുകയുണ്ടായെന്നും അർച്ചന പറയുന്നു.
ഫെഫ്ക്കയില്‍ രണ്ട് തവണ പരാതി നല്‍കിട്ടും ബി ഉണ്ണിക്കൃഷ്ണന്‍ ഒരു നടപടിയും എടുത്തില്ലെന്നാണ് അര്‍ച്ചന ആരോപിച്ചത്. ഒരു പ്രമുഖ നടിക്കുണ്ടായ അനുഭവം ഇതാണെങ്കില്‍ എന്നെ പോലെയുള്ള ആര്‍ട്ടിസ്റ്റുകളുടെ അനുഭവം എന്തായിരിക്കുമെന്ന് അര്‍ച്ചന ചോദിച്ചിരുന്നു.
ഫെഫ്കയിലേക്ക് രണ്ട് മെയിലയച്ചു. മറുപടി കിട്ടിയില്ല. എറണാകുളം കലൂരുള്ള ഫെഫ്കയുടെ ഓഫീസില്‍ പോയി പരാതി നല്‍കിയ ആളാണ്, ഒരു നടപടിയും ഉണ്ടായിട്ടില്ല. വളരെ പ്രശസ്തയായ നടിക്ക് നീതി കൊടുക്കാത്ത സോ കോള്‍ഡ് സംഘടനകള്‍ എന്നെപ്പോലൊരു ആര്‍ട്ടിസ്റ്റിന് നീതി തരുമെന്ന് പ്രതീക്ഷിക്കുന്നില്ല. വീണ്ടും ഒരു വെര്‍ബല്‍ റേപ്പിന് താത്പര്യമില്ലാത്തതുകൊണ്ട് കേസ് കൊടുത്തില്ല. ഇപ്പോള്‍ ഈ സംഘടനയിലെ നേതാക്കള്‍ റേപ്പിസ്റ്റിന്റ കൂടെ നീതി എന്നൊരു സിനിമ ചെയ്യാന്‍ പോകുകയാണ്. എനിക്ക് വേറെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്, ഈ ഊളകളുടെ പുറകേ നടക്കാന്‍ സമയമില്ല-അര്‍ച്ചന പറഞ്ഞു.
അർച്ചനയുടെ ഫേസ്ബുക്ക് പോസ്റ്റ്
സുഹൃത്തുക്കളേ ഒരു കാര്യത്തിൽ വ്യക്തത വരുത്തിക്കോട്ടെ...
പ്രഹസനപരമെന്ന് പിന്നീട് ഞാൻ മനസ്സിലാക്കിയ ഒരു സസ്‌പെൻഷൻ പ്രതിക്ക് (കുറ്റം സമ്മതിച്ചതാണ്) കൊടുക്കുന്നതായി ഫെഫ്ക അറിയിച്ചിരുന്നു. ആ ആറു മാസ കാലയളവിന് ശേഷം അയാളെ പുറത്താക്കുന്ന നടപടിയുണ്ടാകും എന്നാണ് എന്നെ വിശ്വസിപ്പിച്ചത്.
അയാൾ പക്ഷെ സജീവമായി പിന്നീടും തൊഴിലെടുക്കുകയുണ്ടായി.
തുടർന്ന് എന്നെ അറിയിക്കാമെന്ന് പറഞ്ഞ പുറത്താക്കൽ സംഭവിച്ചില്ല, ഞാനെന്തായാലും അറിഞ്ഞിട്ടില്ല.
പ്രസ്സ് ക്ലബ്ബിൽ കൂടിയ മൊബിന് മുമ്പാകെ കൂടുതലൊന്നും പറയാനുള്ള അവസ്ഥ ഉണ്ടായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

