

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി എത്തിയ പഞ്ചാബി താരം ദീപ് സിദ്ധുവിന്റെ വിഡിയോ വൈറലാകുന്നു. മാർച്ചിൽ പങ്കെടുക്കുകയും 'ഡൽഹി ചലോ മാർച്ചി'ന്റെ ലക്ഷ്യവും പ്രാധാന്യവും പൊലീസിനെ ധരിപ്പിക്കാൻ ഇംഗ്ലീഷിൽ സംസാരിക്കുന്ന നടന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
വിഡിയോ ശ്രദ്ധനേടിയതിന് പിന്നാലെ ചിലർ നടനുനേരെ പരിഹാസവുമായും രംഗത്തെത്തി. സംഘപരിവാർ അനുകൂല പ്രൊഫൈലുകളിൽ നിന്നാണ് നടന് നേരെ വിമർശനമുയരുന്നത്. 'ഹഹഹ... ഭൂമിയില്ലാത്ത കർഷകൻ എല്ലാവരെയും ഉണർത്തുന്നതിനായി കരയുന്നു' എന്ന് പരിഹസിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രിയാണ് ആദ്യം രംഗത്തെത്തിയത്. ഇംഗ്ലീഷ് സംസാരിക്കുന്ന കർഷകൻ എന്ന നിലയിലാണ് ദീപ് സിദ്ധുവിനെതിരെ ട്രോളുകൾ പ്രവഹിക്കുന്നത്. ബോളിവുഡ് നടി കങ്കണ റണാവത്തും ദീപ് സിദ്ധുവിന് വിമർശിച്ച് രംഗത്തെത്തി. രക്തദാഹിയായ കഴുകന്മാർക്കു വേണ്ടി ദേശീയ വിരുദ്ധ ഘടകങ്ങളെ പ്രയോജനപ്പെടുത്താനും മറ്റൊരു ഷഹീൻ ബാഗ് കലാപം സൃഷ്ടിക്കാനും സർക്കാർ അനുവദിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് കങ്കണയുടെ വാക്കുകൾ.
പരാഹാസങ്ങൾക്ക് മറുപടിയായി രാജ്യത്ത് ഒരുപാട് കർഷകർ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടെന്നും ഒരു കർഷകൻ ഇംഗ്ലീഷ് സംസാരിക്കുന്നതെങ്ങനെയാണെന്ന ചിന്ത മാറ്റണമെന്നും പ്രതികരിച്ച് നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates