രണ്ട് മലയാള സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അന്തരിച്ച നടി സൗന്ദര്യയെ മലയാളികള്‍ക്ക് മറക്കാനാവില്ല. ഏറെ വൈകി മലയാളത്തിലേക്കെത്തി രണ്ട് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച് മണ്‍മറഞ്ഞ് പോയ താരമാണിവര്‍. തെന്നിന്ത്യന്‍ ഭാഷകളില്‍ മുഴുവന്‍ അഭിനയിച്ചിട്ടുള്ള നടിയുടെ ആദ്യ ചിത്രം കന്നഡയിലെ ഗാന്ധര്‍വയാണ്.
താരം വിട പറഞ്ഞ് ഇത്രയും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സൗന്ദര്യയെക്കുറിച്ച് ആര്‍വി ഉദയകുമാര്‍ പറഞ്ഞ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് ചര്‍ച്ചയാകുന്നത്. ഒരു പുതിയ തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലാണ് സൗന്ദര്യയെക്കുറിച്ച് ഉദയകുമാര്‍ വികാരഭരിതനായത്.
തണ്ടഗന്‍ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയില്‍ അതിലെ നായിക ദീപ പുതുമുഖ സംവിധായകനായ കെ മഹേന്ദ്രനെ അച്ഛന്‍ എന്ന് അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നു. ചടങ്ങില്‍ അതിഥിയായെത്തിയ ഉദയകുമാര്‍ ഇത് പരാമര്‍ശിച്ച് സംസാരിക്കുന്നതിനിടയിലാണ് സൗന്ദര്യയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചത്.
'വേദിയില്‍ സംസാരിക്കുന്നതിനിടയില്‍ ദീപ സംവിധായകന്‍ കെ മഹേന്ദ്രനെ അച്ഛനെന്നു വിശേഷിപ്പിച്ചതില്‍ ഞാനേറെ സന്തോഷവാനാണ്. സിനിമ എന്നു പറയുന്നത് വലിയൊരു കുടുംബം തന്നെയാണ്.'- അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം തന്നെ തനിക്കൊരു കാര്യം പറയാനുണ്ട് എന്ന മുഖവരയോടെയാണ് നടി സൗന്ദര്യയെക്കുറിച്ച് അദ്ദേഹം മനസ് തുറന്നത്.
'എനിക്കൊരു കാര്യം ഇവിടെ പറയാനുണ്ട്. ഞാനിത് മുന്‍പൊരിക്കലും എവിടെയും പറഞ്ഞിട്ടില്ല. നടി സൗന്ദര്യയെ ഞാനാണ് സിനിമയില്‍ കൊണ്ടു വന്നത്. പൊന്നുമണി എന്ന എന്റെ സിനിമയിലായിരുന്നു അത്. അണ്ണനെന്നാണ് സൗന്ദര്യ എന്നെ വിളിച്ചിരുന്നത്. ആദ്യമൊക്കെ എന്നെ അങ്ങനെ വിളിക്കുന്നതില്‍ ഞാന്‍ അതൃപ്തനായിരുന്നു. മറ്റുള്ളവര്‍ക്ക് മുന്‍പില്‍ എന്നെ സാര്‍ എന്നു വിളിച്ചാല്‍ മതിയെന്നു സൗന്ദര്യയോട് ഞാന്‍ പറയുമായിരുന്നു.
എന്നാല്‍ അധികം വൈകാതെ ഞാനവരെ സഹോദരിയായി കണ്ടുതുടങ്ങുകയും അവരെന്നെ അണ്ണാ എന്നു തന്നെ വിളിക്കുകയും ചെയ്തു. എന്നോട് പ്രത്യേക ആദരവും സ്‌നേഹവും അവര്‍ക്കുണ്ടായിരുന്നു. പൊന്നുമണിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഒരു ചിരഞ്ജീവി പടത്തിലേക്ക് ഞാനവരെ റെക്കമന്‍ഡ് ചെയ്തത്. അതിനുശേഷം അവര്‍ വലിയ താരമായി മാറി. അന്നൊക്കെ ഓരോരോ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഞാന്‍ തന്നെയാണ് ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയും വരികയും ചെയ്തിരുന്നത്.
സൗന്ദര്യ എന്നെ ഗൃഹപ്രവേശത്തിനും ക്ഷണിച്ചിരുന്നു. എനിക്കു പോകാനായില്ല. വിവാഹത്തിനും വിളിച്ചു. നിര്‍ഭാഗ്യവശാല്‍ അതിനും എനിക്കു പങ്കെടുക്കാനായില്ല. ആയിടയ്ക്കാണ് തമിഴിലെ ഹിറ്റ് ചിത്രം ചന്ദ്രമുഖി കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്നത്. അതില്‍ സൗന്ദര്യ അഭിനയിച്ചിരുന്നു. ആ സിനിമ കഴിഞ്ഞ് അവര്‍ എന്നെ ഒരു ദിവസം വിളിച്ചു. എന്നിട്ട് പറഞ്ഞു ഇതെന്റെ അവസാന ചിത്രമായിരിക്കും. ഇനി ഞാന്‍ അഭിനയിക്കുന്നുണ്ടാവില്ല. രണ്ടുമാസം ഗര്‍ഭിണിയാണ്. അന്ന് എന്നോടും ഭാര്യയോടും അവര്‍ ഫോണില്‍ ഒരു മണിക്കൂറോളം സംസാരിച്ചു.
അടുത്ത ദിവസം രാവിലെ 7.30ക്ക് ടിവി വച്ചപ്പോള്‍ അവര്‍ അപകടത്തില്‍ മരണപ്പെട്ട വിവരം അറിഞ്ഞ് ഞെട്ടിപ്പോയി. അവര്‍ ക്ഷണിച്ച ഒരു ചടങ്ങിനും എനിക്കു പോകാന്‍ കഴിഞ്ഞിട്ടില്ല. പിന്നീട് അവരുടെ സംസ്‌കാരച്ചടങ്ങിനാണ് ഞാന്‍ പോകുന്നത്. ഞാന്‍ അവരുടെ വീട്ടില്‍ പോയി. ഭംഗിയുള്ള അവരുടെ വീട് കണ്ടു. വീടിനകത്ത് പ്രവേശിച്ചപ്പോള്‍ എന്റെ വലിയൊരു ചിത്രം ചുമരില്‍ തൂക്കിയിട്ടിരിക്കുന്നത് കണ്ടു. എനിക്ക് കരച്ചിലടക്കാനായില്ല.
സിനിമയിലെ ആളുകള്‍ക്ക് പരസ്പരം കുടുംബമായും തോന്നും. അതു മനസ്സിലാക്കിത്തരാനാണ് ഞാനീ സംഭവം പറഞ്ഞത്. ദീപ സംവിധായകനെ അപ്പ എന്നു വിളിച്ചപ്പോള്‍ ഏറെ സന്തോഷ്ം തോന്നി. അദ്ദേഹം അതില്‍ അഭിമാനിക്കണം, കാരണം ദീപ അദ്ദേഹത്തെ വിശ്വസിക്കുകയും ആദരിക്കുകയും ചെയ്യുന്നു.'- ഉദയകുമാര്‍ പറഞ്ഞു.
2004ല്‍ ബെംഗളൂരുവില്‍ ഒരു തിരഞ്ഞെടുപ്പ് കാമ്പയിനിടയില്‍ നടത്തിയ യാത്രക്കിടെ വിമാനാപകടത്തില്‍പ്പെട്ടാണ് സൗന്ദര്യയും സഹോദരന്‍ അമര്‍നാഥും മരിച്ചത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടന്‍ മാമ്പഴം എന്നിവയായിരുന്നു സൗന്ദര്യ അഭിനയിച്ച മലയാള ചിത്രങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates