

ആഡംബരം കൊണ്ടും താരസാന്നിധ്യം കൊണ്ടും വളരെയധികം ശ്രദ്ധ നേടിയിരുന്നു മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹം. വിവാഹാഘോഷങ്ങളുടെ ഭാഗമായി ബോളിവുഡിലെ സൂപ്പർതാരങ്ങളുടെയും താരസുന്ദരിമാരുടെയും പ്രകടനങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. ഇതോടൊപ്പം തന്നെ താരങ്ങൾ അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. ഈ ദൃശ്യങ്ങൾ ആരാധകരെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു.
ബിഗ് ബിയും എസ്ആർകെയും അടക്കമുള്ളവർ ഭക്ഷണം വിളമ്പിയതിന്റെ പിന്നിലുള്ള കാരണങ്ങൾ തിരക്കി നിരവധി ആളുകളാണ് എത്തിയത്. ഒടുവിൽ ഈ സംശയത്തിന് നടൻ അഭിഷേക് ബച്ചൻ മറുപടി നൽകിയിരിക്കുകയാണ്.
‘സാജൻ ഗോത്’ എന്നറിയപ്പെടുന്ന ഒരു ആചാരത്തിന്റെ ഭാഗമായാണ് തങ്ങൾ ഭക്ഷണം വിളമ്പിയതെന്നായിരുന്നു അഭിഷേക് നൽകിയ വിശദീകരണം. വധുവിന്റെ ബന്ധുക്കൾ വരന്റെ ബന്ധുക്കൾക്ക് ഭക്ഷണം വിളമ്പുന്നതാണ് ‘സാജൻ ഗോത്’. ഇഷ അംബാനിയുടെ വിവാഹത്തിന് ആമിർ ഖാനും അമിതാഭ് ബച്ചനും ഭക്ഷണം വിളമ്പിയതെന്തുകൊണ്ടാണെന്ന് ട്വിറ്ററിലൂടെ ചോദിച്ച ആരാധികയ്ക്ക് മറുപടിയായാണ് താരം ആചാരത്തെക്കുറിച്ച് വിവരിച്ചത്.
ഡിസംബര്‍ 12നായിരുന്നു പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദുമായുള്ള ഇഷയുടെ വിവാഹം. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയെന്ന വിശേഷണമുള്ള മുകേഷ് അംബാനിയുടെ മുംബൈയിലെ ആഢംബര വസതിയായ ആന്റീലിയയില്‍ വച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും രാഷ്ട്രീയ ബിസിനസ് സിനിമാ രംഗത്തെ പ്രമുഖരുമായി അറുന്നൂറോളം പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates