ഇഷ്ടനടന്‍ മോഹന്‍ലാല്‍; മമ്മൂട്ടി ഇതുപോലൊയൊക്കെ പെരുമാറിയാല്‍ ആരായാലും ഇഷ്ടപ്പെട്ടുപോവും; വൈറലായി യുവാവിന്റെ കുറിപ്പ്

മനുഷ്യത്വം പ്രകടിപ്പിക്കേണ്ട ഒരു സന്ദര്‍ഭം വന്നുചേര്‍ന്നപ്പോള്‍ തിരക്കുകള്‍ നിറഞ്ഞ സ്വന്തം ജീവിതം മമ്മൂട്ടിയ്‌ക്കൊരു തടസ്സമായില്ല
ഇഷ്ടനടന്‍ മോഹന്‍ലാല്‍; മമ്മൂട്ടി ഇതുപോലൊയൊക്കെ പെരുമാറിയാല്‍ ആരായാലും ഇഷ്ടപ്പെട്ടുപോവും; വൈറലായി യുവാവിന്റെ കുറിപ്പ്
Updated on
2 min read

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യ വരിച്ച ധീരജവാന്‍ വസന്തകുമാറിന്റെ വീട് മമ്മൂട്ടി സന്ദര്‍ശിച്ചത് കഴിഞ്ഞ ദിവസമാണ്. മാധ്യമങ്ങളെയൊന്നും അറിയിക്കാതെയാണ് സാന്ത്വനവുമായി മമ്മൂട്ടി എത്തിയത്. തിരക്കുകള്‍ക്കിടയിലും മനുഷ്യത്വം പ്രകടിപ്പിക്കാന്‍ മമ്മൂട്ടി കാണിച്ച മഹാനന്മയെ വാഴ്ത്തി സമൂഹമാധ്യമത്തില്‍ യുവാവ് പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന സന്ദീപ് ദാസാണ് മമ്മൂട്ടിയുടെ സമീപകാലത്തെ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടുന്നത്. മമ്മൂട്ടി ഇങ്ങനെയൊക്കെ ചെയ്താല്‍ ആരായാലും ഇഷ്ടപ്പെട്ടു പോകുമെന്ന് കുറിപ്പില്‍ പറയുന്നു. 

കുറിപ്പിന്റെ പൂര്‍ണരൂപം

മമ്മൂട്ടി എന്ന അതുല്യപ്രതിഭ ഒരുപാട് വര്‍ഷങ്ങളായി നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്.മമ്മൂട്ടിയെപ്പോലെ മമ്മൂട്ടി മാത്രമേയുള്ളൂ എന്ന് തോന്നിപ്പിച്ച പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.വസന്തകുമാര്‍ എന്ന ധീരജവാന്റെ ഭവനം മമ്മൂട്ടി സന്ദര്‍ശിച്ചു എന്ന വാര്‍ത്ത വായിച്ചപ്പോള്‍ ആ തോന്നല്‍ ഒന്നുകൂടി ശക്തിപ്പെട്ടിരിക്കുന്നു.

പ്രധാനപ്പെട്ട പല ചടങ്ങുകളും സന്ദര്‍ശനങ്ങളും സിനിമാക്കാര്‍ ഒഴിവാക്കാറുണ്ട്.പ്രത്യേകിച്ചും
സൂപ്പര്‍താരങ്ങള്‍.സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്കുള്ള നെട്ടോട്ടമാണ് അവരുടെ ജീവിതം.കുറച്ചു സമയം മാറ്റിവെയ്ക്കാന്‍ നന്നേ പ്രയാസം.പക്ഷേ മനുഷ്യത്വം പ്രകടിപ്പിക്കേണ്ട ഒരു സന്ദര്‍ഭം വന്നുചേര്‍ന്നപ്പോള്‍ തിരക്കുകള്‍ നിറഞ്ഞ സ്വന്തം ജീവിതം മമ്മൂട്ടിയ്‌ക്കൊരു തടസ്സമായില്ല !

വസന്തകുമാറിന്റെ വീട് മമ്മൂട്ടി സന്ദര്‍ശിച്ച രീതിയാണ് ഏറ്റവും ശ്രദ്ധേയം.ആ വിവരം അദ്ദേഹം പരമാവധി രഹസ്യമാക്കി വെച്ചു.മുഖ്യധാരാ മാദ്ധ്യമങ്ങളൊന്നും ആ സമയത്ത് സ്ഥലത്തുണ്ടായില്ല.സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആകെ പുറത്തുവന്നത് ഒന്നോ രണ്ടോ ചിത്രങ്ങളും ഒരു ചെറിയ വീഡിയോയും മാത്രം(ഒരു വമ്പന്‍ താരം ഒരു സ്ഥലത്ത് വന്നുപോകുമ്പോള്‍ അത്രയെങ്കിലും തെളിവുകള്‍ ഉണ്ടാകുന്നത് സ്വാഭാവികം).

വേണമെങ്കില്‍ എല്ലാ മാദ്ധ്യമങ്ങളെയും അറിയിച്ച് ആ സന്ദര്‍ശനം ഒരു മഹാസംഭവമാക്കി മാറ്റാമായിരുന്നു.അത്യാകര്‍ഷകമായ ധാരാളം ഫോട്ടോകള്‍ എടുപ്പിക്കാമായിരുന്നു.ആ ചിത്രങ്ങള്‍ എല്ലാക്കാലത്തും ആഘോഷിക്കപ്പെടുമായിരുന്നു.പക്ഷേ മമ്മൂട്ടി അതിനൊന്നും തുനിഞ്ഞില്ല എന്നതില്‍ നിന്നുതന്നെ അദ്ദേഹത്തിന്റെ ഔന്നത്യം വ്യക്തമല്ലേ?

മമ്മൂട്ടി വസന്തകുമാറിന്റെ ഭാര്യയോടും മക്കളോടും സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.(വസന്തകുമാറിന്റെ ബന്ധുക്കള്‍ ആരെങ്കിലും മൊബൈലില്‍ ഷൂട്ട് ചെയ്തതാവാം).അമിതമായ വികാരപ്രകടനങ്ങളൊന്നുമില്ലാതെ,തീര്‍ത്തും സാധാരണമായി സ്‌നേഹത്തോടെ സംസാരിക്കുന്ന മമ്മൂട്ടിയേയാണ് അതില്‍ കണ്ടത്.ഒരു മരണവീട്ടില്‍ കൈക്കൊള്ളേണ്ടത് അതുപോലൊരു സമീപനമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.ആശ്വസിപ്പിക്കാനെത്തുന്നവരും കരഞ്ഞാല്‍ മരിച്ചയാളുടെ പ്രിയപ്പെട്ടവരുടെ ദുഃഖം വര്‍ദ്ധിക്കുകയേയുള്ളൂ.

ഇതാണ് മമ്മൂട്ടി !ഇതുപോലൊയൊക്കെ പെരുമാറിയാല്‍ ആരായാലും ഇഷ്ടപ്പെട്ടുപോവും.

'യാത്ര' എന്ന തെലുങ്ക് സിനിമയുടെ വിജയാഘോഷ ചടങ്ങിലും മമ്മൂട്ടി മരണമടഞ്ഞ ജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.പൊതുവെ ദന്തഗോപുരവാസികളാണ് സിനിമാതാരങ്ങള്‍.പൊതുവിഷയങ്ങളില്‍ അഭിപ്രായം പറയുന്നതൊക്കെ കുറവായിരിക്കും.അക്കൂട്ടത്തില്‍ വ്യത്യസ്തനാണ് മമ്മൂട്ടി.

മമ്മൂട്ടിയോട് സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം എന്ന് പറഞ്ഞത് സംവിധായകന്‍ ഷാജി കൈലാസാണ്.കാരണം സമൂഹത്തിലെ ഏറ്റവും പുതിയ സംഭവങ്ങളെക്കുറിച്ചുപോലും അദ്ദേഹം ബോധവാനായിരിക്കും.

ആറ്റുകാല്‍ ക്ഷേത്രത്തിലെ കലാപരിപാടികളുടെ ഉദ്ഘാടനത്തിന് മമ്മൂട്ടി എത്തിയിരുന്നു.പരസ്പരം സ്‌നേഹിച്ച് ജീവിക്കേണ്ട കാലമാണ് ഇത് എന്നാണ് അദ്ദേഹം ആ വേദിയില്‍ പ്രസംഗിച്ചത്.

മമ്മൂട്ടിയുമായി ഉണ്ടായ ഒരു സംഭാഷണത്തെക്കുറിച്ച് ഈയിടെ ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയിരുന്നു.''പണ്ട് ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അത് സൗഹൃദം.ഇന്ന് വന്നാല്‍ അത് മതസൗഹാര്‍ദ്ദം.അല്ലേടാ!? ' എന്ന് മമ്മൂട്ടി ചോദിച്ചുവെത്രേ.

കേരളീയസമൂഹത്തിന്റെ സ്പന്ദനങ്ങള്‍ മമ്മൂട്ടി വ്യക്തമായി തിരിച്ചറിയുന്നു എന്ന കാര്യമാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.മതമേതായാലും തീവ്രവാദികള്‍ക്ക് കുറവൊന്നുമില്ല.സോഷ്യല്‍ മീഡിയയിലൂടെ അവര്‍ വിഷം തുപ്പുന്നു.കാവിമുണ്ടുടുത്ത ഒരുവന്‍ വെള്ളതൊപ്പി ധരിച്ച ഒരാളോടൊപ്പം അറിയാതെ ഇരുന്നുപോയാല്‍ അതിന്റെ ഫോട്ടോയെടുത്ത് വലിയ സംഭവമായി പ്രചരിപ്പിക്കുന്ന കാലമാണിത്.മനുഷ്യര്‍ കുറഞ്ഞുവരുന്നു.എല്ലാവരും ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനും ആകുന്നു.

ഈ കെട്ടകാലത്തെക്കുറിച്ചോര്‍ത്ത് മമ്മൂട്ടി ദുഃഖിക്കുന്നുണ്ട് എന്നത് തീര്‍ച്ച.അതിനെ തന്നാലാവുംവിധം ചെറുക്കാനുള്ള ശ്രമങ്ങളാണ് നാം കാണുന്നത്.

'പുലിമുരുകന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ വൈശാഖിനോട് മമ്മൂട്ടി പറഞ്ഞു

''ഫൈറ്റ് എന്നുകേട്ടാല്‍ അവന്(മോഹന്‍ലാല്‍) വലിയ ആവേശമാണ്.നീ സൂക്ഷിച്ച് ചെയ്യിക്കണം....''

മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ആരോഗ്യപരമായ മത്സരങ്ങള്‍ എല്ലാക്കാലത്തുമുണ്ട്.ആരാധകര്‍ പരസ്പരം കൊലവിളി നടത്താറുമുണ്ട്.എന്നാല്‍ അപരനെ നശിപ്പിച്ച് മുന്നേറണം എന്ന ആഗ്രഹം മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഇല്ല എന്നുതന്നെയാണ് തോന്നിയിട്ടുള്ളത്.

പാര്‍വ്വതി എന്ന അഭിനേത്രിയ്ക്ക് അവസരങ്ങള്‍ കുറഞ്ഞത് മമ്മൂട്ടിയെ വിമര്‍ശിച്ചതുകൊണ്ടാണെന്ന് പറയപ്പെടുന്നുണ്ട്.ഇതേക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ സിനിമാക്കാര്‍ക്കേ സാധിക്കൂ.ഒരാളോട് വിരോധം തോന്നിയാല്‍ അയാളുടെ മുഖത്തുപോലും നോക്കാന്‍ മടിക്കുന്ന മനുഷ്യരെയാണ് സാധാരണ സിനിമയില്‍ കണ്ടിട്ടുള്ളത്.പക്ഷേ പൊതുവേദിയില്‍ വെച്ച് പാര്‍വ്വതിയെ ചേര്‍ത്തുപിടിക്കാനും അവാര്‍ഡ് നല്‍കാനും അവരെ കൂവരുത് എന്ന് പറയാനും മമ്മൂട്ടി മടിച്ചിട്ടില്ല !

മമ്മൂട്ടി നിരാശപ്പെടുത്തിയ അവസരങ്ങളും ഉണ്ടായിട്ടുണ്ട്.ആ വലിയ നടന്‍ മോശം സിനിമകള്‍ക്ക് തലവെച്ചുകൊടുക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നിയിട്ടുണ്ട്.വിണ്ടയോജിപ്പുതോന്നിയ നിലപാടുകളും അദ്ദേഹം എടുത്തിട്ടുണ്ട്.പക്ഷേ മനുഷ്യരാവുമ്പോള്‍ കുറ്റങ്ങളും കുറവുകളും സാധാരണമാണല്ലോ.അതിനെ അങ്ങനെ കാണാനാണ് ഇഷ്ടം.

'യാത്ര' എന്ന സിനിമയുടെ ആദ്യ സീന്‍ ചിത്രീകരിക്കുമ്പോള്‍ താന്‍ വല്ലാതെ ഭയപ്പെട്ടിരുന്നു എന്ന് മമ്മൂട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.ഭാഗ്യത്തിന് ആ രംഗം സിനിമയില്‍ ഉള്‍പ്പെടുത്തിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു !

വളരെ അനായാസമായിട്ടാണ് 'യാത്ര' അഭിനയിച്ചുതീര്‍ത്തത് എന്ന് മമ്മൂട്ടി പറഞ്ഞിരുന്നുവെങ്കില്‍ ആരെങ്കിലും അവിശ്വസിക്കുമായിരുന്നോ? അവിടെയും അദ്ദേഹം സത്യസന്ധനായി ! ഇത്രയേറെ അനുഭവസമ്പത്തുണ്ടായിട്ടും ഒരു പുതുമുഖനടന്റെ ആവേശമാണ് മമ്മൂട്ടിയ്ക്ക് സിനിമയോട്.നല്ല സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചാല്‍ മമ്മൂട്ടി ഇനിയും വിസ്മയിപ്പിക്കും എന്നതിന്റെ തെളിവുകളാണ് യാത്രയും പേരന്‍പും.തരംകിട്ടുമ്പോഴെല്ലാം മമ്മൂട്ടിയെ പരിഹസിച്ചിരുന്ന രാംഗോപാല്‍ വര്‍മ്മയ്ക്കുവരെ അഭിനന്ദനം ചൊരിയേണ്ടി വന്നില്ലേ?

എന്റെ ഇഷ്ടനടന്‍ മോഹന്‍ലാലാണ്.പക്ഷേ മമ്മൂട്ടിയുടെ വിഖ്യാതമായ പല സിനിമകളുടെയും ഡി.വി.ഡികള്‍ എന്റെ വീട്ടിലുണ്ട്.ഒരു വടക്കന്‍ വീരഗാഥ,അമരം,കൗരവര്‍,ന്യൂഡെല്‍ഹി,ഭൂതക്കണ്ണാടി തുടങ്ങിയ സിനിമകള്‍ പല തവണ കണ്ടിട്ടുണ്ട്.ഓരോ കാഴ്ച്ചയിലും പുതിയതെന്തെങ്കിലും കണ്ടുകിട്ടാറുമുണ്ട്.ണ്ടസൂക്ഷ്മാഭിനയം കൊണ്ട് പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട് മമ്മൂട്ടി....!

മമ്മൂട്ടി എന്ന നടനെയും വ്യക്തിയേയും നമുക്ക് വേണം.ഇനിയും ഒരുപാട് കാലം...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com