കഴിഞ്ഞ ദിവസമാണ് തന്റെ വാട്സ്ആപ്പ് മെസേജിന് മോഹൻലാൽ നൽകിയ മറുപടിയെക്കുറിച്ച് സന്തോഷത്തോടെ നടൻ നിർമൽ പാലാഴി പങ്കുവെച്ചത്. ജാഡയെന്നോ അൽപ്പത്തരമെന്നോ നിങ്ങൾ പറഞ്ഞോളൂ ഈ സന്തോഷം പങ്കുവെക്കാതിരിക്കാൻ തനിക്കാവില്ല എന്നാണ് നിർമൽ കുറിച്ചത്. പോസ്റ്റ് വൈറലായതോടെ നിരവധിപേർ പ്രതികരണവുമായി രംഗത്തെത്തി ചിലർ താരത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്നപ്പോൾ മറ്റു ചിലർ പരിഹാസവുമായി എത്തി. ഇപ്പോൾ വിമർശകർക്കെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് നിർമൽ പാലാഴി. കളിയാക്കിക്കൊണ്ടുള്ള കമന്റിന് തക്ക മറുപടി നൽകിയതിന് പിന്നാലെയാണ് താരം ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. താൻ കഷ്ടപ്പെട്ടാണ് സിനിമയിൽ എത്തിയതെന്നും അതിനാൽ മമ്മൂക്കയെയും ലാലേട്ടനെയുമൊക്കെ പരിചയപ്പെടുന്നതും കൂടെ സിനിമ ചെയ്യുന്നതുമെല്ലാം തനിക്ക് വലിയകാര്യമാണെന്നും താരം കൂട്ടിച്ചേർത്തു.
നിർമൽ പാലാഴിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്
ഞാൻ ഒരുപാട് ആഗ്രഹിച്ചും കഷ്ടപെട്ടുമാണ് സിനിമയിൽ വന്നത്. മമ്മൂക്കയെയും ലാലേട്ടനെയും ഹൃദയത്തോടു ചേർത്തുപിടിച്ച്, വളർന്നു വന്ന ചെറിയൊരു കലാകാരൻ. എവിടെയെങ്കിലും ഷൂട്ടിങ് നടക്കുന്നു എന്നറിഞ്ഞാൽ ആൾക്കൂട്ടത്തിന്‍റെ തിക്കിനും തിരക്കിനുമിടയില്‍ എത്തുമായിരുന്നു. ചവിട്ടു കൊണ്ടും പൊലീസിന്‍റെ ലാത്തി കാണുമ്പോൾ ഓടിയൊളിച്ചും അതിനിടയിൽ മിന്നായം പോലെ ഇഷ്‍ട താരങ്ങളെ കണ്ടാൽ അതൊരു മഹാഭാഗ്യം.
അങ്ങനെ തുടങ്ങിയതാണ് സിനിമ ലക്ഷ്യം വച്ചുള്ള ഓട്ടം. സ്കൂൾ കാലം കഴിഞ്ഞപ്പോൾ തുടങ്ങിയ ഓട്ടത്തിന് ഇപ്പൊ 20 വയസ്സ് കഴിഞ്ഞു. ഇത്രയും വർഷത്തെ കഠിനമായ കഷ്ട്ടപ്പാടും കലയെയും കലാകാരൻമാരെയും സ്നേഹിക്കുന്നവരുടെ പ്രോത്സാഹനവും എല്ലാത്തിലുമുപരി ദൈവാനുഗ്രഹത്താലും കല കൊണ്ടു ജീവിക്കുന്നു. ഇനി ഇത് ഇല്ലാതെയാവുന്ന കാലം വന്നാൽ ഞാൻ മുന്നേ എടുത്തുകൊണ്ടിരുന്ന ( ആശാരിപ്പണി, കൽപ്പണി, പെയിന്‍റിങ് ഹെൽപ്പർ) പണികളിലേക്ക് തിരിച്ചു പോവാം. കാരണം അന്ന് ആ മേഖലയിൽ ജോലി ചെയ്യുമ്പോൾ ഉള്ള സൌഹൃദങ്ങള്‍ പഴയപോലെ ഇപ്പോഴും നില നിർത്തുന്നുണ്ട് ഞാൻ.
പറഞ്ഞുവരുന്നത് എന്താണെന്നാല്‍ ഇത്രയൊക്കെ കഷ്ടപ്പെട്ട് വന്ന ഒരു സാധാരണക്കാരന് മമ്മൂക്കയെയും ലാലേട്ടനെയുമൊക്കെ പരിചയപ്പെടുന്നതും കൂടെ സിനിമ ചെയ്യാൻ പറ്റുന്നതും അവരുടെ ഒരു മെസേജ് കിട്ടുന്നതുമൊക്കെ ജീവിതത്തിലെ വലിയ കാര്യം തന്നെയാണ്. ആ സന്തോഷം ഞാൻ എന്‍റെ പ്രിയ സുഹൃത്തുക്കളുമായി പങ്കുവെക്കാറുമുണ്ട്. ഈ ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂക്ക വിളിച്ച്, സുഖവിവരം അന്വേഷിച്ചതും ലാലേട്ടൻ മെസേജിന് റീപ്ലൈ ചെയ്തതും ജീവിതത്തിലെ വല്യ സന്തോഷം ആയതുകൊണ്ട് പങ്കുവച്ചു.
ഈ മുകളിലെ സുഹൃത്തുമായി എനിക്ക് ഒരു ബന്ധവും ഇല്ല. ഒരു കാര്യവുമില്ലാതെ ചൊറിയാൻ ആരേലും വന്നാൽ എന്നോട് പ്രിയ സുഹൃത്തുക്കൾ പറയുന്നതുകേട്ട് ഒരു റിപ്ലെയും കൊടുക്കാതെ ഇരിക്കാറുണ്ട് പക്ഷെ ഈ വിഷയത്തിൽ ലാലേട്ടൻ ആയതുകൊണ്ട് പ്രതികരിക്കാതെ ഇരിക്കാൻ പറ്റിയില്ല. ഇവിടെ എത്താൻ പെട്ട കഷ്ടപാടൊക്കെ ഓർത്തു പോയി. അദ്ദേഹത്തിന്‍റെ കൂടെ പിടിക്കാൻ ആ ലെവൽ ഒന്നു പോവേണ്ടി വന്നു. ഇത്രയൊക്കെ ഉണ്ടായ സ്ഥിതിക്ക് ആള് തുടങ്ങിയതും അതിനുള്ള മറുപടിയും ഇവിടെ പോസ്റ്റ് ചെയ്യുന്നു (ഇതൊക്കെ വിട്ടു കളഞ്ഞാല്‍ പോരേ എന്നു ചോദിക്കുന്ന ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ട്. അവരുടെ വാക്കുകൾക്കു വില കല്‍പ്പിക്കുന്നില്ല എന്നു തോന്നരുതേ)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates