എ കാർത്തിക് സുബ്ബരാജ് ഫിലിം; ന്നാ സംഭവം ഇറുക്ക്...

എഞ്ചിനീയറിങ് പഠനത്തിന് ശേഷം സിനിമ മോഹവുമായി ഇറങ്ങി തിരിച്ച ആ ചെറുപ്പക്കാരൻ ഇന്ന് തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഹിറ്റ് ഫിലിം മേക്കറാണ്.
Karthik Subbaraj
കാർത്തിക് സുബ്ബരാജ് ഇൻസ്റ്റ​ഗ്രാം

കാർത്തിക് സുബ്ബരാജ് പടം എന്നാൽ തമിഴ്, മലയാളം സിനിമ പ്രേക്ഷകർക്ക് ഒരു വികാരമായി മാറിയിരിക്കുകയാണിപ്പോൾ. നാളിതുവരെ പുറത്തിറങ്ങിയിട്ടുള്ള കാർത്തിക് സുബ്ബരാജ് ചിത്രങ്ങൾ പ്രേക്ഷകർക്ക് നൽകിയ വിശ്വാസവും ഉറപ്പുമാണ് ഇതിനെ പിന്നിലെ കാരണം. പ്രമേയം കൊണ്ടും മേക്കിങ് കൊണ്ടും തമിഴ് സിനിമ ലോകത്ത് പുതുവഴി ഒരുക്കാൻ കാർത്തിക്കിനായി.

എഞ്ചിനീയറിങ് പഠനത്തിന് ശേഷം സിനിമ മോഹവുമായി ഇറങ്ങി തിരിച്ച ആ ചെറുപ്പക്കാരൻ ഇന്ന് തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഹിറ്റ് ഫിലിം മേക്കറാണ്. രജിനികാന്തിന്റെ വലിയൊരു ആരാധകൻ കൂടിയായ സുബ്ബു എന്ന കാർത്തിക് സുബ്ബരാജ് അദ്ദേഹത്തെ നായകനാക്കി പേട്ട എന്ന ചിത്രവുമൊരുക്കി. സൂര്യയെ നായകനാക്കി ഒരുക്കുന്ന സൂര്യ 44 ആണ് കാർത്തിക്കിന്റേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന്. ചിത്രത്തിന്റെ പുറത്തു വരുന്ന ഓരോ അപ്ഡേറ്റും പ്രേക്ഷകന് നൽകുന്ന പ്രതീക്ഷയും ചെറുതല്ല. സൂപ്പർ ഹിറ്റ് സംവിധായകന്റെ ചില സിനിമകളിലൂടെ കടന്നു പോകാം...

1. പിസ

Pizza
പിസ

ഇന്നും സിനിമ പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ് പിസ. അതുവരെ പുറത്തിറങ്ങിയ ഹൊറർ ചിത്രങ്ങളിൽ നിന്നു വ്യത്യസ്തമായിരുന്നു പിസ. വിജയ് സേതുപതിയും രമ്യ നമ്പീശനുമായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രേക്ഷകരിലും വല്ലാത്ത പിരിമുറുക്കം സൃഷ്ടിച്ച സിനിമ കൂടിയായിരുന്നു ഇത്. കാർത്തിക്കിന്റെ ആദ്യ ചിത്രമായിരുന്നു പിസ.

2. മഹാൻ

Mahaan
മഹാൻ

കൊമേഴ്‌സ് അധ്യാപകനിൽ നിന്ന് മദ്യ വ്യവസായിയിലേക്കുള്ള ഗാന്ധി മഹാൻ്റെ യാത്രയെ ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നത്. ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ​ഗ്യാങ്സ്റ്റർ സ്റ്റൈലിലുള്ള ഒരു ടിപ്പിക്കൽ കാർത്തിക് സുബ്ബരാജ് ചിത്രമായിരുന്നു ഇത്.

3. ജി​ഗർതണ്ട

Jigarthanda
ജി​ഗർതണ്ട

കാർത്തിക് സുബ്ബരാജിന്റെ ഏറ്റവും മികച്ച സൃഷ്ടികളിൽ ഒന്നാണ് ജി​ഗർതണ്ട. സിദ്ധാർത്ഥ്, ബോബി സിംഹ എന്നിവർ മത്സരിച്ചഭിനയിച്ച ഈ ചിത്രത്തിലൂടെ സംവിധായകന്റെ കഴിവ് എന്താണെന്ന് സിനിമ പ്രേക്ഷകർ ശരിക്ക് മനസിലാക്കുകയും ചെയ്തു. ജി​ഗർതണ്ട ഡബിൾ എക്സൽ എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാം ഭാ​ഗവുമെത്തിയിരുന്നു. തിയറ്ററുകളിൽ വൻ തരം​ഗം തീർക്കാൻ ഈ രണ്ടു ചിത്രങ്ങൾക്കുമായി.

4. ഇരൈവി

Iraivi
ഇരൈവി

നടൻ എസ്. ജെ സൂര്യയുടെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്നായിരുന്നു ഇരൈവിയിലേത്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി കാർത്തിക് ഒരുക്കിയ ചിത്രമായിരുന്നു ഇത്. കാർത്തിക്കിന്റെ ചില ചിത്രങ്ങളിലൊന്നും സ്ത്രീകൾക്ക് റോൾ ഉണ്ടാകാറില്ല. ചിത്രത്തിലെ ചില ഡയലോ​ഗുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. കാർത്തിക്കിന്റെ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നു കൂടിയാണിത്.

5. മെർക്കുറി

Mercury
മെർക്കുറി

പ്രഭുദേവയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്സും പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. ഹൊറർ ത്രില്ലറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയതെങ്കിലും ഇതൊരു പരീക്ഷണ ചിത്രം കൂടിയായിരുന്നു. ഇന്നും പ്രേക്ഷകർക്ക് മറ്റൊരു സിനിമ അനുഭവം സമ്മാനിക്കുന്ന ചിത്രം കൂടിയാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com