'എനിക്കിപ്പോള്‍ ഗര്‍ഭപാത്രം ഇല്ല, പതിമൂന്ന് ട്യൂമറുകള്‍ നീക്കം ചെയ്തു'; വിഷാദത്തെ മറിടന്നതിനെക്കുറിച്ച് അനൗഷ്‌ക ശങ്കര്‍
തനിക്ക് ഗര്‍ഭപാത്രം ഇല്ലെന്ന് തുറന്നു പറഞ്ഞ് സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ മകളും സംഗീതജ്ഞയുമായ അനൗഷ്‌ക ശങ്കര്‍. ഗര്‍ഭാശയത്തിനുള്ളില്‍ മുഴ വളര്‍ന്നതോടെയാണ് ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിവന്നത്. കൂടാതെ 13 ട്യൂമറുകളും തന്റെ വയറ്റിലുണ്ടായിരുന്നു എന്നുമാണ് അനൗഷ്‌ക പറയുന്നത്. ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇത് വെളിപ്പെടുത്തിയത്. ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിവരും എന്നറിഞ്ഞപ്പോള്‍ താന്‍ ഡിപ്രഷനിലായെന്നും എന്നാല്‍ നിരവധി സ്ത്രീകളുമായി സംസാരിച്ചതോടെയാണ് ആശങ്ക മാറിയതെന്നും അനൗഷ്‌ക പറയുന്നു. സമൂഹത്തെ പേടിച്ച് പലരും ഇത്തരം കാര്യങ്ങള്‍ മറച്ചുവെക്കാറുണ്ടെന്നും എന്നാല്‍ ഒളിക്കാന്‍ ഒന്നുമില്ലെന്നു തോന്നിയതുകൊണ്ടാണ് താനിത് പറയുന്നതെന്നുമാണ് അനൗഷ്‌ക കുറിക്കുന്നത്.
തന്റെ ആര്‍ത്തവ കാലത്തെക്കുറിച്ചും ഗര്‍ഭകാലത്തെക്കുറിച്ചുമെല്ലാം അനൗഷ്‌ക പറയുന്നുണ്ട്. രണ്ട് മക്കള്‍ക്ക് ജന്മം നല്‍കുമ്പോഴും വളരെ അധികം പ്രശ്‌നത്തിലൂടെയാണ് താന്‍ കടന്നു പോയിരുന്നതെന്നും അതിനെയെല്ലാം താന്‍ മറികടന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അനൗഷ്‌കയുടെ കുറിപ്പ് ഇങ്ങനെ;
'എനിക്കിപ്പോള്‍ ഗര്‍ഭപാത്രം ഇല്ല. കഴിഞ്ഞ മാസം നടത്തിയ രണ്ടു ശസ്ത്രക്രിയകളിലൂടെ ഗര്‍ഭപാത്രം എനിക്ക് നഷ്ടമായിരിക്കുന്നു. ഗര്‍ഭാശയത്തിലുണ്ടായിരുന്ന മുഴ വളര്‍ന്നു വലുതായി ആറു മാസം ഗര്‍ഭം ഉണ്ടെന്ന് തോന്നുന്ന ഘട്ടത്തിലെത്തി. അതോടെ അത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. എന്റെ ഉദരത്തിലുണ്ടായിരുന്ന നിരവധി ട്യൂമറുകള്‍ മറ്റൊരു ശസ്ത്രക്രിയയിലൂടെയും നീക്കം ചെയ്തു. ആകെ മൊത്തം പതിമൂന്ന് ട്യൂമറുകള്‍ ഉണ്ടായിരുന്നു. ഇതിലൊന്ന് എന്റെ പേശികള്‍ക്കിടയിലൂടെ വളര്‍ന്ന് വയറിലൂടെ ഉന്തി നില്‍ക്കുകയായിരുന്നു.
എന്റെ ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വരുമെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഡിപ്രഷനിലായിരുന്നു ഞാന്‍. എന്റെ സ്ത്രീത്വം നഷ്ടപ്പെട്ടു പോകുമോ, ഭാവിയില്‍ കുട്ടികള്‍ വേണമെന്ന ആഗ്രഹം, ശസ്ത്രക്രിയ്ക്കിടയില്‍ മരണപ്പെട്ടാല്‍ എന്റെ കുട്ടികള്‍ അമ്മ ഇല്ലാതെ ജീവിക്കേണ്ടി വരുമെന്ന ഭയം, ലൈംഗിക ജീവിതത്തില്‍ ഇതുണ്ടാക്കുന്ന മാറ്റങ്ങള്‍ തുടങ്ങിയവയൊക്കെ എന്നെ വല്ലാതെ ഭയപ്പെടുത്തി. ഞാന്‍ എന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇതിനെക്കുറിച്ച് സംസാരിച്ചു. നിരവധി സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്തിട്ടുണ്ടെന്ന് അപ്പോഴാണ് ഞെട്ടലോടെ ഞാന്‍ തിരിച്ചറിയുന്നത്.
എന്നാല്‍ ഇത് ഇത്ര സാധാരണമായിട്ടും എന്തുകൊണ്ട് ആരും തുറന്നു പറയുന്നില്ലെന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. നമ്മുടെ സ്ത്രീത്വത്തെയല്ലേ നമ്മള്‍ എല്ലായിടത്തും പ്രതിനിധീകരിക്കുന്നതെന്നാണ് അതിന് ഒരു സ്ത്രീ എനിക്ക് നല്‍കിയ മറുപടി. ഞാന്‍ എന്നിലേക്ക് തന്നെ തിരിഞ്ഞു നോക്കിയപ്പോള്‍ മനസിലായി അത് ശരിയാണ്. ലൈംഗികാരോഗ്യത്തെക്കുറിച്ചുള്ള എന്റെ ധാരണകളും ആര്‍ത്തവത്തെക്കുറിച്ചുള്ള എന്റെ ചിന്തകളേയുമെല്ലാം ഇത്രയും നാള്‍ ഞാന്‍ ചോദ്യം ചെയ്യപ്പെടാന്‍ അനുവദിച്ചില്ല.
പതിനൊന്നാം വയസിലാണ് എനിക്ക് ആദ്യ ആര്‍ത്തവം വരുന്നത്. എല്ലാ 2025 ദിവസം കൂടുമ്പോള്‍ പത്ത് ദിവസത്തോളം ആര്‍ത്തവം ഉണ്ടാകും. ആ സമയത്തെ മൈഗ്രേന് ഡോക്ടര്‍ മരുന്നുകള്‍ നല്‍കിയിരുന്നു. വയറുവേദന കൊണ്ട് നിലത്തുരുണ്ടിരുന്ന ദിവങ്ങളായിരുന്നു അത്.
26ാമത്തെ വയസ്സിലാണ് എന്റെ ഗര്‍ഭപാത്രത്തിനുള്ളില്‍ മത്തങ്ങാ വലുപ്പത്തിലുള്ള മുഴ ഉണ്ടെന്ന് ആദ്യം അറിയുന്നത്. ഇത് വിജയകരമായി നീക്കം ചെയ്തതിനു ശേഷം എന്റെ സുന്ദരന്‍മാരായ രണ്ട് ആണ്‍മക്കള്‍ക്ക് ജന്‍മം നല്‍കി. ഗര്‍ഭാശയത്തില്‍ വിള്ളല്‍ വീഴുമോ എന്ന ആശങ്കയില്‍ ആദ്യത്തേത് എമര്‍ജന്‍സി സിസേറിയന്‍ ചെയ്യുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് മുറിവില്‍ അണുബാധ പിടിപെടുകയും വിളര്‍ച്ച ബാധിക്കുകയും ചെയ്തു. എല്ലാ ദിവസവും തുന്നിക്കെട്ടിയ മുറിവുമായി ഞാന്‍ ആശുപത്രിയില്‍ പോകുകയും നഴ്‌സ് മുറിവ് വൃത്തിയാക്കി വിടുകയും ചെയ്തു. ഞാനന്ന് ഏറെ ക്ഷീണിതയായിരുന്നു. മുലപ്പാല്‍ നല്‍കുന്നതിനായി മകനെ എന്റെ കുടുംബാംഗങ്ങള്‍ സത്യത്തില്‍ എന്റെ ദേഹത്തേക്ക് ചേര്‍ത്തുവെച്ചുതരുമായിരുന്നു. അതിന് ശേഷം ഞാന്‍ വിഷാദ രോഗത്തിന്റെ പിടിയിലായിരുന്നു.
രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്ത് എന്നെ ആരോ ജീവനോടെ തിന്നുന്ന അനുഭവമായിരുന്നു. അത്രയ്ക്ക് ക്ഷീണിതയായിരുന്നു ഞാന്‍. എന്റെ മൈഗ്രെയിനിന്റെ വേദനകളും അസഹ്യമായി. എന്റെ മക്കള്‍ ജനിച്ച സമയത്തെ ചിത്രങ്ങള്‍ ഞാന്‍ പോസ്റ്റ് ചെയ്തതെല്ലാം ഏറെ സന്തോഷം കാണിക്കുന്നവയായിരുന്നു. നമ്മള്‍ വളരെ സുഖമായി തന്നെ ഇവ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുന്ന ഒരു ലോകത്തിന് മുന്നില്‍ ഈ വേദനകള്‍ എങ്ങനെ കാണിക്കാനാണ്. ഏറെ നാളത്തെ സ്‌ട്രെസ്സിനും ബ്ലീഡിങ്ങിനും നടുവേദനയ്ക്കും മൈഗ്രേനും ശേഷം ഞാന്‍ മനസിലാക്കി എന്റെ ഉള്ളില്‍ വീണ്ടും ഫൈബ്രോയിഡുകള്‍ വളരുന്നു. അതോടെയാണ് ഈ സമയത്ത് ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.
ഇന്ന് ഞാന്‍ സുഖം പ്രാപിച്ച് വരുന്നു. കുടുംബത്തിന്റെ വളരെ മികച്ച പിന്തുണ എനിക്കുണ്ട്. എനിക്ക് ഉപദേശമോ സഹതാപമോ വേണ്ട. എനിക്കറിയാം എന്റെ കഥയേക്കാള്‍ ഭീകരാവസ്ഥ അനുഭവിക്കുന്ന സ്ത്രീകളുണ്ടെന്ന്, എന്നാല്‍ എന്റെ ശസ്ത്രക്രിയയെക്കുറിച്ച് ഇനിയും നിങ്ങളോട് പറയാതിരിക്കനാകില്ല. പ്രത്യുത്പാദനം അടിസ്ഥാനമായ ആരോഗ്യ ചിന്തയ്ക്ക് പ്രാധാന്യം നല്‍കിയതിനാല്‍ പലപ്പോഴും നമ്മുടെ രോഗങ്ങളും ലക്ഷണങ്ങളും ഒളിച്ചുവയ്ക്കാനാണ് നോക്കുക. എന്നാല്‍ എനിക്ക് ഇനിയും അത് ചെയ്യേണ്ട. എന്റെ ഗര്‍ഭപാത്രംനീക്കം ചെയ്തു, അതോടൊപ്പം വയറിലെ മറ്റ് ട്യൂമറുകളും. അതില്‍ ഒളിച്ച് വയ്ക്കാനൊന്നുമില്ല.'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
