'എന്നെ തല്ലാൻ കുറച്ചു പേർ വീട് അന്വേഷിച്ചുവന്നു'; കുറിപ്പുമായി മണിക്കുട്ടൻ

സ്കൂൾ കാലഘട്ടത്തിലെ തന്റെ രണ്ട് അനുഭവങ്ങൾ പങ്കുവെച്ചാണ് താരം നിലപാട് വ്യക്തമാക്കിയത്
'എന്നെ തല്ലാൻ കുറച്ചു പേർ വീട് അന്വേഷിച്ചുവന്നു'; കുറിപ്പുമായി മണിക്കുട്ടൻ
Updated on
2 min read

സ്ത്രീകളെ അധിക്ഷേപിച്ച ആളെ ഭാ​ഗ്യലക്ഷ്മിയും കൂട്ടരും ചേർന്ന് ആക്രമിച്ച സംഭവത്തിൽ ചർച്ചകൾ കൊഴുക്കുകയാണ്. നിരവധി പേരാണ് ഭാ​ഗ്യലക്ഷ്മിയെ പിന്തുണച്ചും വിമർശിച്ചും രം​ഗത്തെത്തുന്നത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഈ വിഷയത്തിലെ നടൻ മണിക്കുട്ടന്റെ പ്രതികരണമാണ്. സ്കൂൾ കാലഘട്ടത്തിലെ തന്റെ രണ്ട് അനുഭവങ്ങൾ പങ്കുവെച്ചാണ് താരം നിലപാട് വ്യക്തമാക്കിയത്. അയാൾ അധിക്ഷേപിച്ചത് രാഷ്ട്രീയ നേതാവിനെയോ താരത്തെയോ ആയിരുന്നുവെങ്കിൽ എന്തായാരിക്കും സംഭവിക്കുക എന്ന് ചോദിച്ച താരം അടിച്ചത് കുറച്ച് സ്ത്രീകളായത് കൊണ്ടാണ് ഇത്രയും വിഷയമാകുന്നതെന്നും പറയുന്നു. 

മണിക്കുട്ടന്റെ കുറിപ്പ് 

കഴിഞ്ഞ ദിവസം ഭാഗ്യ ലക്ഷ്മി ചേച്ചിയും സുഹൃത്തുക്കളും ചേർന്ന് യുട്യൂബ് വഴി അശ്ലീലം പ്രചരിപ്പിച്ച ഒരാളെ ആക്രമിച്ച വാർത്ത നമ്മൾ എല്ലാവരും കണ്ടിരിക്കും. 'കൊത്താന്‍ വന്ന പാമ്പിനെ' കൊന്നാലും രണ്ട് പക്ഷം കാണും എന്നത് പോലെ ഭാഗ്യലക്ഷ്മി ചേച്ചിയും സുഹൃത്തുക്കളും ചെയ്ത കാര്യത്തെ വിമർശിക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന രണ്ട് വിഭാഗം ഉണ്ട്. അവരുടെ രാഷ്ട്രീയത്തിലേയ്ക്കോ നിലപാടുകളിലേയ്ക്കോ കടക്കാൻ ഉദ്ദേശമില്ല. അതേ സമയം എന്റെ ജീവിതത്തിലുണ്ടായ രണ്ട് അനുഭവങ്ങൾ പറയാം.'

ഞാൻ സ്‌കൂളിൽ പഠിക്കുന്ന സമയം. ഒരു ദിവസം ബസ്സിൽ വച്ച് എന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടിയോട് ബസ്സിലുണ്ടായിരുന്ന ഒരാൾ മോശമായി പെരുമാറി. അവൾ പക്ഷേ വെറുതെ ഇരുന്നില്ല. ആ സ്പോട്ടിൽ പ്രതികരിച്ചു. മോശമായി പെരുമാറിയ ആൾക്ക് ബസ്സിൽ വച്ച് തന്നെ നല്ല തല്ലും കിട്ടി. ഇത് കുട്ടികൾ വഴി ക്ലാസ് ടീച്ചർ അറിഞ്ഞു. ടീച്ചർ പക്ഷേ അവളെ വഴക്ക് പറയുകയല്ല ചെയ്തത് മറിച്ച് ക്ലാസ്സിൽ പരസ്യമായി മറ്റുള്ളവരുടെ മുന്നിൽ വച്ച് അഭിനന്ദിച്ചു. ഇത്തരക്കാരോട് അപ്പപ്പോൾ തന്നെ പ്രതികരിക്കണം എന്ന് പറഞ്ഞു. അതോട് കൂടി എൻ്റെ സ്‌കൂളിന് തന്നെ ആ കുട്ടി ഒരു സ്റ്റാറായി മാറി.'

കുറച്ച് കാലം കൂടി കഴിഞ്ഞു. ഞാൻ പ്ലസ് ടുവിന് പഠിക്കുന്നു. എല്ലാ സ്‌കൂളുകളിലും സംഭവിക്കാറുള്ള പോലെ നല്ലൊരു അടി അക്കൊല്ലവും നടന്നു. എന്റെ ബാച്ചും മറ്റൊരു ബാച്ചും തമ്മിലായിരുന്നു അത്. അടി കൊണ്ട മറ്റേ ബാച്ചിന് പുറത്തു നിന്നുള്ള പൊളിറ്റിക്കൽ സപ്പോർട്ട് ഉണ്ടായിരുന്നു. അവർ ഞങ്ങളുടെ ബാച്ചിലെ പ്രശ്നക്കാരുടെ പേരെടുത്ത് പുറത്തുള്ളവർക്ക് നൽകി. അതിൽ എന്റെ പേരുമുണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ എന്റെ വീടന്വേഷിച്ച് കുറച്ച് പേർ വന്നു. എന്നെ തല്ലുക എന്നതായിരുന്നു ഉദ്ദേശം. പക്ഷേ ഞങ്ങളുടെ നാട്ടിലെ ചേട്ടന്മാർ മതമോ രാഷ്ട്രീയമോ വ്യത്യാസമില്ലാതെ വന്ന് അവരെ കണ്ടം വഴി ഓടിക്കുകയാണ് ചെയ്തത്. അത് കഴിഞ്ഞ് സ്‌കൂളിൽ ചെന്നപ്പോൾ മറ്റേ ബാച്ചിലെ ചിലർ വന്ന് പറഞ്ഞ ഡയലോഗുണ്ട് " ഞങ്ങളെ തൊട്ടാൽ വീട്ടിൽ ആണുങ്ങൾ വരുമെന്നത് മനസിലായല്ലോ " എന്ന്.'

ആരെങ്കിലും തമ്മിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ വീടുകളിൽ ചെന്ന് പ്രശ്നങ്ങളുണ്ടാക്കുന്ന പ്രക്രിയയ്ക്ക് വർഷങ്ങളായി മാറ്റമൊന്നുമില്ല. പിള്ളേർ തമ്മിലുള്ള പ്രശ്നങ്ങൾ മുതൽ രാഷ്ട്രീയ പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നങ്ങൾ വരെ വീട്ടിൽ കയറി തല്ലി തീർക്കുന്ന കാലമാണ്. ഇതിനെതിരെയൊന്നും സംസാരിക്കാത്തവർക്ക് കുറച്ച് സ്ത്രീകൾ അവരുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടപ്പോൾ അതിന് കാരണക്കാരനായവനെ നേരിൽ കണ്ട് രണ്ട് പൊട്ടിച്ചതിൽ കുറ്റം പറയാനാകുമോ ? ഭാഗ്യലക്ഷ്മി ചേച്ചി തന്നെ പറഞ്ഞത് പോലെ നിയമത്തിലെ എല്ലാ സാധ്യതകളും നോക്കിയ ശേഷമാണ് അവർ നേരിട്ട് ഇയാളെ കാണാൻ പോയത്.

നിയമം കൈയിലെടുക്കുന്നതിനെയോ, അയാളെ അയാളുടെ ഭാഷയിൽ തിരിച്ച് തെറി വിളിക്കുന്നതിനെയോ ഞാനും അനുകൂലിക്കുന്നില്ല. പക്ഷേ ഇവിടെ അയാൾ അധിക്ഷേപിച്ചത് സമൂഹത്തിലെ ആദരിക്കപ്പെടുന്ന ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ താരത്തെയോ ആയിരുന്നുവെങ്കിൽ അയാൾക്ക് എന്തായിരുന്നിരിക്കാം സംഭവിക്കുക?'

ഇവിടെ അയാളെ അടിച്ചത് കുറച്ച് സ്ത്രീകളായത് കൊണ്ടാണ് ഇത്രയും വിഷയമാകുന്നത്. ഈ സമയത്ത് ഞാൻ ആദ്യം പറഞ്ഞ കാര്യത്തിലേക്ക് തിരിച്ച് പോകാം. അന്ന് എന്റെ ക്ലാസ്സിൽ പഠിച്ചിരുന്ന പെൺകുട്ടി ബസ്സിൽ വച്ച് മോശം അനുഭവമുണ്ടായപ്പോൾ പേടി കാരണം പ്രതികരിക്കാതിരിക്കുകയോ , ക്ലാസ് ടീച്ചർ ആ കുട്ടി ചെയ്ത പ്രവർത്തിയെ കുറ്റപ്പെടുത്തുകയോ ചെയ്തിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ. പ്രതികരണ ശേഷി ഇല്ലാത്ത ഒരു സ്ത്രീയായി അവൾ നമ്മളുടെ ഇടയിൽ ജീവിതം ജീവിച്ച് തീർത്തേനെ.

പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ പ്രതികരിക്കുക തന്നെ വേണം.'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com