

തന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തണം എന്ന് ആഹ്വാനം ചെയ്ത തമിഴ് നടന്‍ ചിമ്പുവിനെതിരേ വിമര്‍ശനം രൂക്ഷം. തമിഴ്‌നാട്ടിലെ പാല്‍ വ്യാപാരി അസോസിയേഷനാണ് താരത്തിനെതിരേ രംഗത്തെത്തിയത്. കുട്ടികള്‍ക്കു കൊടുക്കാന്‍ പോലും പാല്‍ ഇല്ലാത്തപ്പോഴാണ് ബക്കറ്റില്‍ പാലഭിഷേകം നടത്താന്‍ പറയുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. നടനെതിരേ സംഘടന പൊലീസില്‍ പരാതി നല്‍കി.
തന്റെ പുതിയ ചിത്രം റിലീസാവുന്ന ദിവസം പാലഭിഷേകം നടത്തി വലിയ രീതിയില്‍ ആഘോഷിക്കണം എന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം പറഞ്ഞത്. കവറില്‍ വാങ്ങിയല്ല ബക്കറ്റില്‍ തന്നെ തന്റെ കട്ടൗട്ടില്‍ പാല്‍ ഒഴിക്കണമെന്നാണ് താരത്തിന്റെ ആവശ്യം. ഇതിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് ആരാധകരോട് സിനിമ താരങ്ങള്‍ ആവശ്യപ്പെടുമ്പോഴാണ് അതിന് വ്യത്യാസമായി തന്നെ പാലില്‍ കുളിപ്പിക്കണമെന്ന ആവശ്യവുമായി ചിമ്പു രംഗത്തെത്തുന്നത്.
'ചില സമയങ്ങളില്‍ കുട്ടികള്‍ക്കു പോലും പാല്‍ നല്‍കാന്‍ തികയുന്നില്ല. സിനിമ റിലീസ് ചെയ്യുന്ന ദിവസം കാലങ്ങളായി പിന്‍തുടരുന്ന ഈ പാലഭിഷേകം നിര്‍ത്തണമെന്നാവശ്യവുമായി 2015 മുതല്‍ അധികൃതരെ സമീപിക്കുന്നതാണ്.' പാല്‍ വ്യാപാരി അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു. ഇത്തരം ആഹ്വാനങ്ങള്‍ ചിമ്പുവിന്റെ ഫാന്‍സും മറ്റ് നടന്മാരുടെ ഫാന്‍സും തമ്മില്‍ പ്രശ്‌നമുണ്ടാവാനും നാട്ടില്‍ കലാപമുണ്ടാകാന്‍ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'രാത്രികാലങ്ങളില്‍ പാല്‍പാക്കറ്റുകള്‍ മോഷ്ടിക്കപ്പെടുന്നുണ്ട്. സൂപ്പര്‍സ്റ്റാറുകളുടെ സിനിമകള്‍ റിലീസ് ചെയ്യുന്ന അന്നു മോഷ്ടിക്കപ്പെടുന്നവയുടെ എണ്ണം കൂടും. ഇപ്പോള്‍ ചിമ്പുവിനെപ്പോലെയുള്ള നടന്‍മാര്‍ പാലഭിഷേകം ചെയ്യൂ ചെയ്യൂ എന്ന് പറഞ്ഞു രംഗത്തു വരുമ്പോള്‍ പ്രശ്‌നം വീണ്ടു വഷളാവുകയാണ്. രാത്രി പെട്രോളിങ്ങിലൂടെയും മറ്റും പാല്‍ക്കടകള്‍ക്കു കൂടുതല്‍ സുരക്ഷ ഉറപ്പു നല്‍കണമെന്നാണ് പോലീസിനോട് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.'
പുതിയ ചിത്രം വന്താ രാജാവാ താന്‍ വരുവേനിന്റെ റിലീസ് ആഘോഷമാക്കണമെന്നാണ് ഫാന്‍സുകാരോട് താരം ആവശ്യപ്പെട്ടത്. ഇതു വരെ ആരും വയ്ക്കാത്ത തരത്തിലുള്ള ഫ്‌ലക്‌സും കട്ടൗട്ടും വയ്ക്കണമെന്നും പാല്‍ കവറിനു പകരം ബക്കറ്റിലാക്കി തന്നെ ഒഴിച്ച് അഭിഷേകം ചെയ്ത് വേറെ ലെവലില്‍ തന്നെ ആഘോഷിക്കണമെന്നും വീഡിയോയില്‍ എത്തി ആവശ്യപ്പെടുകയായിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates