എന്നെന്നും കണ്ണേട്ടന്റെ, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, മണിച്ചിത്രത്താഴ്..., ഒൻപത് വർഷങ്ങൾക്ക് ശേഷം വീണ്ടും  തിരക്കഥ എഴുതാൻ മധു മുട്ടം 

ഒൻപത് വർഷത്തിന് ശേഷം മധു വീണ്ടും തിരക്കഥയെഴുതുന്നു
എന്നെന്നും കണ്ണേട്ടന്റെ, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, മണിച്ചിത്രത്താഴ്..., ഒൻപത് വർഷങ്ങൾക്ക് ശേഷം വീണ്ടും  തിരക്കഥ എഴുതാൻ മധു മുട്ടം 
Updated on
2 min read

ന്നെന്നും കണ്ണേട്ടന്റെ, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, മണിച്ചിത്രത്താഴ് തുടങ്ങി അഞ്ചോളം സിനിമകളുടെ കഥയിലൂടെയും തിരക്കഥയിലൂടെയും നിരവധി ഹിറ്റ് ​ഗാനങ്ങൾക്ക് വരികളെഴുതിയുമൊക്കെ ശ്രദ്ധേയനാണ്  മധു മുട്ടം. തിരക്കഥയെഴുതിയ സിനിമകൾ ഹിറ്റായെങ്കിലും തിരക്കുള്ള എഴുത്തുകാരനാകാൻ മധു ഒരുങ്ങിയില്ല. സ്വന്തംകഥയുടെ അവകാശത്തിനു വേണ്ടി പൊരുതിയതാണ് അദ്ദേഹത്തെ അടുത്തിടെ വാർത്തകളിൽ നിറച്ചത്. എന്നാലിപ്പോൾ ഒൻപത് വർഷത്തിന് ശേഷം മധു വീണ്ടും തിരക്കഥയെഴുതുന്നു എന്ന സന്തോഷവാർത്തയാണ് പുറത്തുവരുന്നത്. 

കട്ടച്ചിറ വിനോദ് ആണ്  ഈ വാർത്ത തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ഗ്രാമഭംഗി നിറയുന്ന മനോഹരമായൊരു ക്ലാസിക്ക്ഫിലിം ഉടനെയുണ്ടാകുമെന്ന പ്രതീക്ഷയാണ് വിനോദ് പങ്കുവച്ചിരിക്കുന്നത്. 

കട്ടച്ചിറ വിനോദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ഓണാട്ടുകരയുടെ സ്വന്തം എഴുത്തുകാരൻ. മധുമുട്ടം

"വരുവാനില്ലാരുമിന്നൊരുനാളുമീ

വഴിയ്ക്കറിയാം

അതെന്നാലുമെന്നും...."

ഈഗാനം ഇഷ്ടപ്പെടാത്തതായി ആരുംകാണില്ല.അത്രമേൽമനസ്സിനെ മൃദുവായിതഴുകുന്ന നോവിന്റെസുഖമുള്ളഗാനം. മധുമുട്ടം എഴുതിയഗാനം. ശരിക്കുംമധു മുട്ടത്തിന്റെ മേൽവിലാസമാണ് ഈഗാനം. കവി, കഥാകാരൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലൊക്കെ പ്രശസ്തനാണ് അദ്ദേഹം.

കായംകുളത്തിന് ഏഴുകിലോമീറ്റർ വടക്കുമാറിയാണ് മുട്ടം എന്നകൊച്ചുഗ്രാമം. അവിടെയൊരുകൊച്ചുവീട്ടിൽ ആഡംബരങ്ങളൊന്നുമില്ലാതെ, അവിവാഹിതനായി ഏകനായികഴിയുകയാണ് അദ്ദേഹം.

കായംകുളം ബോയ്സ്ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം, നങ്ങ്യാർകുളങ്ങര ടി.കെ.എം കോളജിൽനിന്ന് ധനതത്ത്വശാസ്ത്രത്തിൽ മധു ബിരുദംനേടി. പിന്നീട് അധ്യാപകനായി. കോളജ്മാഗസിനിൽ എഴുതിയ കഥ കണ്ട് അവിടത്തെ മലയാളം പ്രൊഫസറാണ് മധുവിന്, മധുമുട്ടം എന്നപേരിട്ടത്. കുങ്കുമം വാരികയിലെഴുതിയ"സർപ്പംതുള്ളൽ" എന്ന കഥയാണ് സംവിധായകൻ ഫാസിൽ "എന്നെന്നും കണ്ണേട്ടന്റെ" എന്ന സിനിമയാക്കിയത്.

പിന്നീട് കമൽ സംവിധാനം ചെയ്ത "കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ" എന്ന ചിത്രത്തിന്റെ കഥയെഴുതി. മധുവിന്റെ തറവാട്ടിൽ പുരാതനകാലത്ത് നടന്നതെന്ന് അമ്മ പറഞ്ഞറിഞ്ഞ കഥയെ അടിസ്ഥാനപ്പെടുത്തി മധു തന്നെ കഥയും തിരക്കഥയുമെഴുതി ഫാസിൽ സംവിധാനം ചെയ്ത, ഹിറ്റ്ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴിലെ ''വരുവാനില്ലാരുമെന്ന സൂപ്പർഹിറ്റ്ഗാനം മധുമുട്ടം മലയാളനാട് വാരികയിലെഴുതിയ ഒരുകവിതയായിരുന്നു.

തൊട്ടതെല്ലാം പൊന്നാക്കിയ എഴുത്തുകാരനായിരുന്നു മധുമുട്ടം. സന്യാസ ജീവിതം നയിക്കുന്ന എഴുത്തുകാരൻ. ‘മണിച്ചിത്രത്താഴ്’ സിനിമ വൻവിജയമായിട്ടും തിരക്കുള്ള എഴുത്തുകാരനാകാൻ മധുമുട്ടം ആഗ്രഹിച്ചില്ല. എന്നാൽ അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്ന മധു മുട്ടം ഒരുദിവസം വാർത്തകളിൽ പ്രത്യേകസ്ഥാനംപിടിച്ചു. അത് മറ്റൊന്നിനുമായിരുന്നില്ല, സ്വന്തംകഥയുടെ അവകാശത്തിനു വേണ്ടി മാത്രം.

മണിച്ചിത്രത്താഴ് തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും റീമേക്ക്ചെയ്തപ്പോൾ തന്റെ അനുവാദം വാങ്ങുകയോ പ്രതിഫലം നൽകുകയോ ചെയ്തില്ലെന്ന പരാതിയുമായിമധുമുട്ടം കോടതിയിലെത്തി. അതിനുമുന്നേ, കഥാവകാശം ലക്ഷങ്ങൾക്കു വിറ്റുകഴിഞ്ഞിരുന്നു. എന്നാലതിന്റെ ഒരുവിഹിതവും മധുമുട്ടത്തിനുലഭിച്ചില്ല, എന്തിന്, കഥാകൃത്തിന്റെപേരുപോലുമില്ലായിരുന്നു. ഒടുവിൽ കേസ്നടത്താൻ കൈയിൽ കാശില്ലാതെവന്നപ്പോൾ അദ്ദേഹംപിന്മാറുകയായിരുന്നു. (ഹിന്ദിയിൽമാത്രം മനസ്സില്ലാ മനസ്സോടെയെങ്കിലും മധുവിന്റെ പേരുമാത്രം കൊടുക്കുകയുണ്ടായി.)

എന്നാൽ ഈ വിഷയത്തിൽ, സിനിമാരംഗത്തുനിന്നും ആരുമദ്ദേഹത്തെ പിന്തുണച്ചതുമില്ല. ഈ സംഭവത്തോടെ അദ്ദേഹം സിനിമാലോകത്തുനിന്നും മാറിനിന്നു.

എന്നെന്നുംകണ്ണേട്ടന്റെ, മണിച്ചിത്രത്താഴ്, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, കാണാക്കൊമ്പത്ത്, ഭരതൻഎഫക്ട് എന്നീ അഞ്ചുചിത്രങ്ങൾക്ക് മാത്രമാണ് അദ്ദേഹം കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്. കൂട്ടത്തിൽ, സയൻസ് വിഷയം പ്രമേയമാക്കിയ "ഭരതൻഎഫക്ട്" മാത്രമാണ് ജനം സ്വീകരിക്കാതിരുന്നത്.

"കാക്കേംകീക്കേം

കാക്കത്തമ്പ്രാട്ടീം...'(എന്നെന്നുംകണ്ണേട്ടന്റെ)

"പലവട്ടംപൂക്കാലം....."

വരുവാനില്ലാരും..."(മണിച്ചിത്രത്താഴ്)

"ഓർക്കുമ്പം ഓർക്കുമ്പം...." (കാണാക്കൊമ്പത്ത്)

തുടങ്ങിയ ഏതാനുംഹിറ്റ്ഗാനങ്ങളും ആ തൂലികയിൽപിറന്നു. മലയാളികൾ എന്നുമോർത്തിരിക്കുന്ന സിനിമകളുംപാട്ടുകളും. അതാണ് അദ്ദേഹത്തിന്റെ കൈമുദ്ര. ആരോടും പരിഭവമില്ലാതെ, തിരക്കുകളിൽനിന്നെല്ലാമകന്ന്, പേരിനുമാത്രം സൗഹൃദംവച്ച് മുട്ടത്തെവീട്ടിൽ ഉന്മേഷവാനായിരിക്കുന്നു അദ്ദേഹം. എഴുതുവാൻ വലിയമടിയാണ്. പക്ഷേ,ആരെങ്കിലും നിർബന്ധിച്ചാൽ എഴുതുമെന്നുമാത്രം.

വർഷങ്ങൾക്ക്ശേഷം പുതിയൊരു തിരക്കഥ എഴുതിത്തുടങ്ങിയിരിക്കുകയാണ് മധു മുട്ടം. ഗ്രാമഭംഗി നിറയുന്ന മനോഹരമായൊരു ക്ലാസിക്ക്ഫിലിം ഉടനെയുണ്ടാകുമെന്ന് നമുക്ക്പ്രതീക്ഷിക്കാം.. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com