ലോക മാതൃദിനത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ അരുൺ ഗോപി. ഒരിക്കൽ മാതൃദിനത്തിൽ അഥിതിയായി വൃദ്ധ സദനം സന്ദർശിച്ചതിന്റെ ഓർമ്മയാണ് അരുൺ കുറിച്ചിരിക്കുന്നത്. മാതൃദിനം എന്നത് ഒരു വികലമായ ചിന്തയാണെന്നും അതിന്റെ ആവശ്യമില്ലെന്നും പ്രസംഗിച്ച തന്നോട് ഈ ദിനം എന്തിനാണെന്ന് പറഞ്ഞുതന്ന അമ്മയുടെ വാക്കുകൾ പങ്കുവയ്ക്കുകയാണ് അദ്ദേഹം.
മാതൃദിനത്തിൽ അരുൺ ഗോപി പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം
ജീവിതം എന്നത് തന്നെ 'അമ്മ നലകിയതാണ്!! ഒന്നല്ല എല്ലാ ദിവസവും അമ്മയ്ക്കുംകൂടി ഉള്ളതാണ്! ഇത്തരം ചിന്തകൾ ഉള്ളപ്പോൾ തന്നെ പല അമ്മമാരും അനാഥത്വത്തിന്റെ വേദനയിലുമാണ്...
ഒരിക്കൽ ഒരു ഓൾഡേജ് ഹോമിൽ മാതൃദിനത്തിൽ അഥിതിയായി ഞാൻ പോയിരുന്നു. 'അമ്മ എന്നും മനസ്സിലൊരു സ്നേഹവികാരമായതു കൊണ്ട് മാതൃ ദിനം അത് ഒരു വികല ചിന്തയാണെന്നും അതിന്റെ ആവശ്യമില്ലാന്നും എല്ലാ ദിനവും മാതൃ ദിനമാണെന്നുള്ള വികാര നിർഭരമായ വാക്കുകൾ ഞാൻ ഒഴുക്കി വിട്ടു! കുറെ പേർ കൈയടിച്ചു ആ കൈയടിയിൽ ഞാൻ എന്നെ തന്നെ അഭിനന്ദിച്ചു... എല്ലാം കഴിഞ്ഞു കേക്ക് ഒക്കെ കട്ട് ചെയ്തു അമ്മമാരോടും ആ അച്ഛന്മാരോടുമൊക്കെ ഒപ്പമുള്ള ഊണും കഴിഞ്ഞു ഇറങ്ങാൻ നിൽക്കുമ്പോൾ കാറിനടുത്തേക്ക് ഒരമ്മ ഒരു ചെടിയുമായി വന്നു "മോനെ ഇതു വീട്ടിൽ വെച്ചോളൂ നല്ല പൂവാ എന്ന് പറഞ്ഞു സ്നേഹത്തോടെ നൽകി.... എനിക്കും സന്തോഷം!! എന്റെ അമ്മപ്രസംഗത്തിന്റെ അഭിനന്ദന ചെടിയായി ഞാൻ മനസ്സിൽ സ്വീകരിച്ചു തിരിയവേ.. ആ അമ്മ പറഞ്ഞു... "എന്റെ മകൻ കാനഡയിലാ ഫാമിലി ആയിട്ട്" ഞാൻ ഒന്ന് വിളറി ചിരിച്ചു "ഞാനും അവിടെ ആയിരുന്നു, മോന്റെ രണ്ടുകുട്ടികളും ഡേകെയറിൽ പോകുന്നതുവരെ. ഇപ്പോൾ ഇവിടെ അഞ്ചു വർഷം ആകാറായി, മോനിന്നു പറഞ്ഞില്ലേ... ഈ ദിവസം.. mother's day.. അത് ഒഴിവാക്കാനുള്ളതല്ല... എന്റെ മോൻ എന്നെ വിളിക്കുന്ന ഒരേ ഒരു ദിവസം ഇതാണ്!! ഇങ്ങനെയുള്ള അമ്മമാർക്ക് വേണ്ടി ആണെങ്കിലോ ഈ ദിവസം!!" കണ്ണ് നിറഞ്ഞല്ല ഒരു ചെറു ചിരിയോടെ ആ 'അമ്മ അത് പറഞ്ഞു പോയി!! എന്നെയും എന്റെ ചിന്തകളെയും ചവറ്റുകുട്ടയിൽ വലിച്ചെറിയാൻ തോന്നിയ നിമിഷം..! മാതൃദിനമെന്തിനാ എന്നുള്ള എന്റെ ചോദ്യത്തിന് ഉത്തരമായിരുന്നു ഇന്ന് ഞാൻ അമ്മിയമ്മ എന്ന് വിളിക്കുന്ന ആ അമ്മയുടെ വാക്കുകൾ!!
പറഞ്ഞു വന്നത് ഒരുപാട് അമ്മമാരുടെ സ്നേഹവും പ്രാർത്ഥനയും കിട്ടിയ മകനാണ് ഞാൻ... എന്റെ അമ്മയ്ക്കൊപ്പൊമുള്ള ചിത്രമാണ് പങ്കുവെച്ചതെങ്കിലും എന്റെ... നമ്മുടെ.. എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ...!!❤️❤️❤️
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates