സംവിധായകന്‍ എഎല്‍ വിജയുമായുള്ള വിവാഹബന്ധം തകരാന്‍ കാരണം ധനുഷ് അല്ലെന്ന് നടി അമല പോള്‍. വിവാഹമോചനം തന്റെ മാത്രം തീരുമാനമായിരുന്നെന്നും പ്രചരിക്കുന്ന കഥകള്‍ അനാവശ്യമാണെന്നും താരം വ്യക്തമാക്കി. ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. നേരത്തെ വിജയും അമലയും പിരിയാന്‍ ധനുഷാണ് കാരണമെന്ന് വിജയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി താരം രംഗത്തെത്തിയത്.
'എന്റെ വിവാഹമോചനത്തിന് ആരും കാരണക്കാരല്ല. അത് വ്യക്തിപരമായ കാര്യമാണ്. ധനുഷ് എന്റെ നല്ലൊരു അഭ്യുദയകാംക്ഷി ആണ്'.അമല വ്യക്തമാക്കി. രണ്ടാം വിവാഹത്തെക്കുറിച്ചും താരം മനസുതുറന്നു. രണ്ടാമതൊരു വിവാഹം ഉടന്‍ ഉണ്ടാവില്ലെന്നാണ് താരം പറയുന്നത്. എന്നാല്‍ പുതിയ ചിത്രങ്ങള്‍ പുറത്തിറങ്ങിയ ശേഷം ഒരു ദിവസം താന്‍ തന്നെ വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അമല കൂട്ടിച്ചേര്‍ത്തു.
വിവാഹശേഷം ധനുഷ് അമലയെ നിര്‍ബന്ധിച്ച് സിനിമയിലേക്ക് തിരിച്ചുകൊണ്ടുവന്നുവെന്നും അതാണ് ബന്ധം തകരാന്‍ കാരണമായത് എന്നുമാണ് വിജയ്‌യുടെ അച്ഛനും നിര്‍മാതാവുമായ അളകപ്പന്‍ പറഞ്ഞത്. വിവാഹശേഷം അഭിനയിക്കുന്നില്ലെന്ന് വാക്ക് തന്നിരുന്നു. ധനുഷ് നിര്‍മിച്ച അമ്മ കണക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല ഒപ്പിട്ടിരുന്നു. തുടര്‍ന്ന് ധനുഷിന്റെ നിര്‍ബന്ധത്തില്‍ അഭിനയത്തിലേക്ക് തിരിച്ചുവരികയായിരുന്നെന്ന് അളകപ്പന്‍ ആരോപിച്ചു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates