

ഉള്ളുലച്ചും കണ്‍കോണുകളില്‍ നനവു പടര്‍ത്തിയും തിരിച്ചറിവുകള്‍ നല്‍കിയും തിയേറ്ററുകളില്‍ കയ്യടി നേടുകയാണ് മമ്മൂട്ടിച്ചിത്രം പേരന്‍പ്. കുറ്റം പറയാനും കളിയാക്കാനും തിയേറ്ററില്‍ കയറിയ ആള്‍ പേരന്‍പ് സിനിമയല്ല, ജീവിതമാണെന്ന് തിരിച്ചറിഞ്ഞ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. മമ്മൂട്ടി എന്നും നമ്മളെ അതിശയിപ്പിച്ച പ്രതിഭ തന്നെയാണ്.ആ പ്രതിഭയോടൊപ്പം തന്നെ മത്സരിച്ചഭിനയിച്ച ആ പെണ്‍കുട്ടി തീര്‍ച്ചയായും അവാര്‍ഡിന് അര്‍ഹയാണ്..കാരണം അച്ഛന്‍ ഒരു പുരുഷന്‍ കൂടിയാണെന്ന് തിരിച്ചറിഞ്ഞു പെരുമാറുന്ന നിമിഷങ്ങളടക്കം പല സീനുകളും വളരെ മികച്ചരീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട് ആ കുട്ടിയെന്നും വിനീത ഫെയ്‌സ് ബുക്കില്‍ കുറിച്ചു
പോസ്റ്റിന്റെ പൂര്‍ണരൂപം
''ചെറുപ്പം മുതലേ മമ്മൂട്ടിയോട് വല്യ പ്രിയമില്ല.കാരണം ഏട്ടന്റെ മമ്മൂട്ടി പ്രാന്താണ്..മമ്മൂട്ടിയെ കുറ്റം പറഞ്ഞതിനും സിനിമയെ കളിയാക്കിയതിനുമായി ഒരുപാട് അടി വാങ്ങുകയും അത് മാന്തായി തിരിച്ചുകൊടുക്കയും ചെയ്തിരുന്നു.
അതുകൊണ്ടുതന്നെ ഏട്ടന്റെ നിര്‍ബന്ധത്തിനു വഴങ്ങി വല്യ പ്രതീക്ഷയില്ലാതെയാണ് പേരന്‍പിന് കയറിയത്.സിനിമ തുടങ്ങുമ്പോള്‍ കൈകാലുകള്‍ പാരലൈസ്ഡ് ആയ ബുദ്ധിമാന്ദ്യമുള്ള മകളെയും കൊണ്ട് ഒരച്ഛന്‍ ഏകാന്തമായ വീട് വാങ്ങി അങ്ങോട്ടേക്ക് താമസം മാറ്റുകയാണ്.
കുട്ടിയുടെ ചലനങ്ങള്‍ നമ്മളില്‍ ആദ്യം പേടിയും പിന്നീട് ദയയുമാണ് ജനിപ്പിക്കുന്നത്. മകളെ നോക്കിമടുത്തു എന്നൊരു കത്തെഴുതി വച്ചിട്ട് മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടുകയായിരുന്നു കുട്ടിയുടെ അമ്മ എന്ന തിരിച്ചറിവ് മുതല്‍ അറിയാതെ സിനിമയിലേക്ക് നമ്മളും ഇറങ്ങിപോകും.
ഗള്‍ഫ് ജീവിതം മതിയാക്കി,ആര്‍ക്കും വേണ്ടാത്ത, അച്ഛനെ പരിചയമില്ലാത്ത മകളുമായി ജീവിതം തുടങ്ങുന്ന ഒരച്ഛന്റെ നിസ്സഹായാവസ്ഥ എത്രമേല്‍ ഭീകരമെന്നു മകള്‍ ഋതുമതിയായതിന് ശേഷമുള്ള കുറച്ചുനിമിഷങ്ങള്‍ കൊണ്ട് മമ്മൂട്ടി എന്ന മഹാത്ഭുതം നമുക്ക് മുന്നില്‍ ജീവിച്ചുകാണിച്ചു.
വെറുമൊരു സിനിമാക്കഥ എന്നതിലുപരി സമൂഹത്തിനുള്ള ഒരു പാഠമാണ് പേരന്പ് നല്‍കുന്നത്.വൈകല്യമുള്ള കുഞ്ഞുങ്ങള്‍ വളര്‍ച്ചയെത്തുമ്പോള്‍ ഏതൊരു സാധാരണ വ്യക്തിയെയും പോലെ കാമമടക്കമുള്ള എല്ലാ വികാരങ്ങളും അവര്‍ക്കുണ്ടാവുമെന്ന തിരിച്ചറിവ്
മമ്മൂട്ടിയെന്ന അച്ഛന്‍ തിരിച്ചറിയുന്ന നിമിഷങ്ങള്‍...ഹോ...വാക്കുകളില്‍ വിവരിക്കാനാവില്ല, നിസ്സഹായനായി പൊട്ടിക്കരയുന്ന പിതാവിന്റെ വേദന.
പണ്ട് ഞങ്ങളുടെ നാട്ടില്‍ ബുദ്ധിമാന്ദ്യമുള്ള ഒരു ചേട്ടന്‍ ഉണ്ടായിരുന്നു.സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ശേഖരിച്ചു ഒളിപ്പിച്ചുവെക്കലായിരുന്നു പ്രധാന ജോലി.അന്ന് ഒരുപാട് തവണ ആളുകള്‍ അയാളെ അടിക്കുന്നത് കണ്ടിട്ടുണ്ട് ഞാന്‍. ശരിക്കും അയാള്‍ക്കല്ല അയാളെ അതിന്റെ പേരില്‍ ക്രൂശിച്ച ഓരോരുത്തര്‍ക്കുമാണ് ബുദ്ധിമാന്ദ്യം എന്ന തിരിച്ചറിവാണ് എനിക്ക് പേരന്പ് സമ്മാനിച്ചത്.
മമ്മൂട്ടി എന്നും നമ്മളെ അതിശയിപ്പിച്ച പ്രതിഭ തന്നെയാണ്.ആ പ്രതിഭയോടൊപ്പം തന്നെ മത്സരിച്ചഭിനയിച്ച ആ പെണ്‍കുട്ടി
തീര്‍ച്ചയായും അവാര്‍ഡിന് അര്‍ഹയാണ്..കാരണം അച്ഛന്‍ ഒരു പുരുഷന്‍ കൂടിയാണെന്ന് തിരിച്ചറിഞ്ഞു പെരുമാറുന്ന നിമിഷങ്ങളടക്കം പല സീനുകളും വളരെ മികച്ചരീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട് ആ കുട്ടി.
വേശ്യാലയത്തില്‍ വച്ച് മമ്മൂട്ടി നടത്തിപ്പുകാരിയുടെ അടി വാങ്ങുന്ന ഒറ്റരംഗം മതി, നെഞ്ച് പിടഞ്ഞു പോകാന്‍.കണ്ടിറങ്ങിയിട്ടും നെഞ്ചില്‍ വലിയൊരു ഭാരമായി അമര്‍ന്നുപോയിരിക്കുന്നു ഈ പേരന്പ്..ഇതൊരു മാസ് എന്റര്‍ടൈനറല്ല.ഇതൊരു സിനിമയേയല്ല.. ഇത് ജീവിതമാണ്. നമ്മളില്‍ പലരും നെഞ്ചുരുകി ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതം.. മമ്മൂട്ടിയും സാധനയും മത്സരിച്ചു ജീവിച്ച പച്ചയായ ജീവിതം..
ട്രാന്‍സ് വുമണ്‍ ആയ അഞ്ജലി അമീര്‍ ട്രാന്‍സ്‌വുമണായിത്തന്നെ പ്രത്യക്ഷപ്പെടുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത..
മറ്റൊരു നായികയായ അഞ്ജലിയും കഥാപാത്രത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തി.
(സിനിമയുടെ കഥയോ ട്വിസ്റ്റുകളോ ഇതില്‍ ഞാന്‍ ചേര്‍ത്തിട്ടില്ല.ഒരു പ്രേക്ഷക എന്ന നിലയില്‍ മനസ്സില്‍ തട്ടിയ മൂന്ന് സീനുകളാണ് എഴുതിയത്.)
വിനീത അനില്‍''.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates