

മലയാളത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന രണ്ട് യുവതാരങ്ങള്‍ പ്രധാനവേഷം കൈകാര്യം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു 'മൈ സ്റ്റോറി'. എന്നാല്‍ ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ഇതിനെതിരെ ഡിസ്ലൈക് കാംപെയ്‌നുമായി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍കാര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനുമെല്ലാം ലൈക്കുകളേക്കാള്‍ ഏറെ ഡിസ്‌ലൈക്കുകളായിരുന്നു എന്നത് ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നു.
ഒടുവില്‍ ഈ പൃഥ്വിരാജ്- പാര്‍വ്വതി ചിത്രം ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഈ സംഭവത്തോടുകൂടി ഇനി മലയാള ചലച്ചിത്രമേഖലയിലേക്ക് കാലെടുത്തു വയ്ക്കാന്‍ ഭയമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടിസംവിധായിക റോഷ്‌നി ദിനകര്‍. ''ഇനിയൊരു സിനിമ ചെയ്യാന്‍ എനിക്ക് ധൈര്യം പോര. കാരണം അത്രയും മോശമായ ഒരവസ്ഥയിലൂടെയാണ് ഞാനിപ്പോള്‍ കടന്നു പോകുന്നത്. എല്ലാവരും കൂടി എന്നെ അങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിച്ചതല്ലേ? പേടിയാണ് സത്യത്തില്‍''- റോഷ്ണി വ്യക്തമാക്കി.
കസബ എന്ന ചിത്രത്തില്‍ നടന്‍ മമ്മൂട്ടി പറഞ്ഞ സ്ത്രീവിരുദ്ധ നിലപാടിനെതിരെ നടി പാര്‍വ്വതി കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിക്കെതിരെയുള്ള ആ പ്രസ്താവനയ്ക്ക്് ശേഷമാണ് മമ്മൂട്ടി ഫാന്‍സ് പാര്‍വ്വതിക്കെതിരെ തിരിഞ്ഞത്.
''ഒരു പെണ്ണ് പറഞ്ഞതിന്റെ അനന്തര ഫലം മുഴുവന്‍ അനുഭവിച്ചത് ഞാനാണ്. ഞാനെന്ത് ചെയ്തു എന്നൊന്ന് പറഞ്ഞു തരാമോ? ഞാനാരാണെന്നോ എന്താണെന്നോ ആര്‍ക്കും അറിയില്ല. ഒരു സിനിമ ചെയ്യണമെന്ന് ആ?ഗ്രഹം തോന്നി. അങ്ങനെ വന്നതാണ്. പക്ഷേ സിനിമാ ലോകവും കൂടെ നില്‍ക്കുന്നവരും എന്നോട് ഇങ്ങനെ പെരുമാറുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. ഒരു സാധാരണ സ്ത്രീയാണ് ഞാന്‍. ഒരു സാധാരണ സിനിമാ സംവിധായികയായി സിനിമയില്‍ വരണമെന്നായിരുന്നു ആഗ്രഹം.
എനിക്ക് സാധിക്കുന്നത് പോലെ ഒരു സിനിമ സംവിധാനം ചെയ്തു. ഇന്ത്യയിലെല്ലായിടത്തും മാര്‍ക്കറ്റിം?ഗ് ചെയ്യുകയും ചെയ്തു. എന്നിട്ടും ആ സിനിമ പരാജയമായി. ഞാന്‍ ആദ്യമായിട്ടാണ് സിനിമാ മേഖലയിലേക്ക് സംവിധായികയായി എത്തുന്നത്. ഇവിടുത്തെ രാഷ്ട്രീയമോ കളികളോ എനിക്കറിയില്ല. ഒരു കാര്യം മനസ്സിലായി. പുറമെ കാണുന്ന പോലെയല്ല ആരും''- റോഷ്‌നി തുറന്നടിച്ചു.
''വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഞാനിപ്പോള്‍ കടന്നു പോകുന്നത്. സഹായിക്കണമെന്ന് ഞാന്‍ പറയില്ല. പക്ഷേ സ്വന്തം തൊഴില്‍ മേഖലയുടെ എത്തിക്‌സിന്റെ ഭാഗമായിട്ട് പോലും ആരും ഒന്നും ചെയ്തില്ല. സ്ത്രീസംരക്ഷണം എന്ന മുദ്രാവാക്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഭാഗമാണ് പലരും. എന്നിട്ടാണോ എനിക്കിങ്ങനെ അനുഭവിക്കേണ്ടി വന്നത്? '' റോഷ്‌നി ചോദിക്കുകയാണ്.
''സിനിമ കാണാതെയാണ് പലരും മോശം റിവ്യൂ എഴുതിവിട്ടത്. കണ്ടിട്ടാണ് മോശം പറയുന്നതെങ്കില്‍ ശരിയാണ്. അതവരുടെ അഭിപ്രായമാണ് എന്ന് പറയാമായിരുന്നു. കൂടെയുണ്ടായിരുന്നവരില്‍ നിന്ന് എനിക്ക് പിന്തുണയൊന്നും ലഭിച്ചില്ല. സത്യമായും ഇനിയൊരു സിനിമ സംവിധാനം ചെയ്യാനുള്ള ധൈര്യം എനിക്കില്ല. ധൈര്യത്തോടെ നിവര്‍ന്ന് നിന്ന് സ്വന്തം കാര്യം പറയാനുള്ള തന്‍േടം ഉണ്ടാകുക എന്നത് പ്രധാനമാണ്. ശരിയേതാണ് തെറ്റേതാണ് എന്ന് തിരിച്ചറിയാന്‍ സാധിക്കണം.''- റോഷ്‌നി കൂട്ടിച്ചേര്‍ക്കുന്നു.
വസ്ത്രാലങ്കാര രംഗത്ത് നിന്നാണ് റോഷ്‌നി ദിനകര്‍ സംവിധായികയായി മലയാളത്തിലെത്തുന്നത്. പതിനാല് വര്‍ഷം മുപ്പതിലധികം സിനിമകള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചു. പ്രധാനമായും കന്നട. തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. പതിനെട്ട് കോടിയായിരുന്നു മൈ സ്‌റ്റോറിയുടെ മുടക്കു മുതല്‍. വളരെയധികം ആഗ്രഹിച്ച് ഒരു സിനിമ സംവിധാനം ചെയ്തപ്പോള്‍ നേരിടേണ്ടി വന്നത് കയ്‌പേറിയ അനുഭവങ്ങളാണെന്ന് റോഷ്‌നി ദിനകര്‍ പറഞ്ഞു നിര്‍ത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates