ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് നിർമൽ പാലാഴി സിനിമയിൽ എത്തുന്നത്. തന്റെ ജീവിതത്തിൽ അനുഭവിക്കേണ്ട പ്രശ്നങ്ങളെക്കുറിച്ച് നിർമൽ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സംഭവ ബഹുലമായ തന്റെ വിവാഹത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് താരം. പത്താം വിവാഹ വാർഷികം പ്രമാണിച്ചാണ് താരം അത്ര മനോഹരമല്ലാത്ത ഓർമയെക്കുറിച്ച് കുറിച്ചത്. കയ്യിൽ പൈസയില്ലാത്ത സമയമായിരുന്നു അത്. പലരും ഭാര്യയോട് ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു. വിവാഹം ചെയ്തു തരില്ലെന്ന് വീട്ടുകാർ പറഞ്ഞതോടെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുവന്നാണ് വിവാഹം നടത്തിയത്. വിവാഹവേഷം വാങ്ങാനുള്ള പണം പോലും തന്റെ കയ്യിലുണ്ടായിരുന്നില്ലെന്നും താരം പറയുന്നുണ്ട്.
നിർമൽ പാലാഴിയുടെ കുറിപ്പ് വായിക്കാം
ആ ചെക്കൻറെ കൂടെ ആ കുട്ടി എങ്ങനെ ജീവിക്കാൻ? ഒരു പ്രോഗ്രാം ചെയ്താൽ 500 രൂപ വൈകുന്നേരം ആയാൽ ഓനും സിൽബന്ധികളും ബാറിൽ ആണ്. അങ്ങനെ ഒരു ലക്ഷ്യവും ഇല്ലാതെ നടക്കുന്ന ഒരുത്തനെ എന്ത് കണ്ടിട്ടാണ് ഈ പെണ്ണ് സ്നേഹിച്ചത്. പ്രോഗ്രാം കഴിഞ്ഞു വരുമ്പോൾ ഹരീഷിനോട് പറഞ്ഞു: ‘ടാ എനിക്ക് തരൂല ന്നാ പറയുന്നത്’. ടാ സമാധാനപ്പെടു വഴിയുണ്ടാക്കാം എന്ന് അവൻ. ടീമിൽഅവനോടായിരുന്നു കാര്യങ്ങൾ മൊത്തം പറയാറ്. അടുത്ത് ബദ്ധം ഉണ്ടെന്ന് അഭിനയിച്ച രണ്ട് മൂന്ന് പേർ മോളെ മാറിക്കോ അതാ നിനക്ക് നല്ലത് എന്ന് പറഞ്ഞു. പ്രശ്നം രൂക്ഷമായി നിൽക്കുന്ന രാത്രി ഞാൻ തകർന്ന് ഇരിക്കുമ്പോൾ അടുത്ത് സന്തോഷ് ഏട്ടനും ശേഖരേട്ടനും ഉണ്ട്. എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ലാതെ ഇരിക്കുകയാണ്. അങ്ങനെ വീട്ടിൽ പോയപ്പോൾ കൊലയിൽ ഏട്ടൻ ചോദിച്ചു, 'എന്താടാ പ്രശ്നം?? നീ വിളിച്ചാൽ അവൾ വരുമോ ?'. ഞാൻ പ്രതീക്ഷികാത്ത ചോദ്യം !! ''വരുമായിരിക്കും'' എന്ന് ഞാൻ. 'എന്നാൽ ഇങ്ങോട്ട് വിളിച്ച് പോരെടാ, ബാക്കി ഉള്ളതെല്ലാം നമുക്ക് വരുമ്പോൾ നോക്കാം'.
അങ്ങനെ നട്ട പാതിരായ്ക്ക് വിളിച്ചു പറഞ്ഞു: 'സ്കൂൾ സർട്ടിഫിക്കറ്റുകൾ മാത്രം എടുത്ത് നാളെ ഇറങ്ങിക്കോ'. സുദീപ് പോയി കൂട്ടി വന്നു. ബസ്സിൽ ആദ്യ ട്രിപ്പിൾ കയറിയ സന്തോഷേട്ടൻ ഇറങ്ങി എകരത്തിൽ കയറി, പടവ് തുടങ്ങിയ ശേഖരേട്ടൻ ഇറങ്ങി, ഹരീഷ് സന്ധ്യയുമായി എത്തി, മനോജ് ഏട്ടൻ വന്നു, കുട്ടേട്ടൻ, ഇത്രയും ആളുകൾ വീട്ടിൽ എത്തി. അവളെ രജിതയും സന്ധ്യയും കൂടെ സുദീപിൻറെ വീട്ടിൽനിന്ന് മാറ്റിച്ചു. ഏട്ടൻ താലി വാങ്ങാൻ ഉള്ള പൈസ ഫ്രണ്ട്സിൻറെ കയ്യിൽ ഏൽപ്പിച്ചു. മുട്ടായി തെരുവിൽ രണ്ടാം ഗെയിറ്റിൻറെ അടുത്തേക്ക് പോവുമ്പോൾ ഒരു അമ്പലം ഉണ്ട്, അവിടെ ഏട്ടനും സെൽവേട്ടനും സുനി ഏട്ടനും കുട്ടേട്ടനും എത്തി. പെണ്ണ് സാരിയോക്കെ ഉടുത്തിട്ട്, ഞാൻ ആണേൽ പഴയ നടൻ വിൻസെൻറ് ഇടുന്നപോലെ പൂക്കൾ ഉള്ള ഷർട്ടും ഇറുകിയ പാൻറും. അതു കണ്ടപ്പോൾ ഏട്ടൻറേന്ന് പുളിച്ചത് കേട്ടു പോയി; 'വേറെ വാങ്ങി വാടാ', അതിൻറെ പൈസയും ഏട്ടൻ തന്നു. അങ്ങനെ ഒരു വെള്ള ഷർട്ടും മുണ്ടും വാങ്ങി ഏട്ടൻറെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി അങ്ങോട്ട് കെട്ടി. കെട്ടി കഴിഞ്ഞ് സലീഷ് ഏട്ടനെ വിളിച്ചു പറഞ്ഞു സലീഷ് ഏട്ടാ കല്യാണം കഴിഞ്ഞു ട്ടോ.. സലീഷ് എട്ടനിലൂടെ എല്ലാരും അറിഞ്ഞു.
ഫോട്ടോയിലെ ഞങ്ങളുടെ മുഖം കണ്ടാൽ മനസിലാവും അടുത്ത നിമിഷം ഒരു യുദ്ധം പൊട്ടും എന്നത്. വിവാഹ വാർഷികം ആണ് എന്നറിഞ്ഞപ്പോൾ പ്രിയപ്പെട്ട ബൽരാജ് ഡോക്ടർ ഒരു സർപ്രൈസ് ആയി വന്നു. ഞങ്ങളുടെ പേര് എഴുതിയ മനോഹരമായൊരു കേക്ക്. ഇന്നലെ രാത്രി ഹരീഷിൻറെ വീട്ടിൽ ഞങ്ങളൊന്നു കൂടി. ആദ്യമായിട്ട് ആണ് വിവാഹ വാർഷികം കേക്ക് കട്ട് ചെയ്ത് ആഘോഷിക്കുന്നത്. (thank you doctor) അവൻറെ കൂടെ എങ്ങനെ ജീവിക്കും? ജീവിതം കഴിഞ്ഞു.. തകർന്നു.. തീർന്നു... എന്നൊക്കെ പറഞ്ഞവരോട് ഇന്നേക്ക് 10 വർഷമായിട്ടൊ. നിങ്ങൾ പറഞ്ഞ തകർച്ച 10 കഴിഞ്ഞിട്ടു ആണോ? അതോ അതിന് മുന്നേ ആയിരുന്നോ? ജീവിതത്തിൽ 500 രൂപയിൽ നിന്ന് എന്തെങ്കിലും ഒരു കയറ്റം കിട്ടി മുന്നോട്ടു പോയിട്ടുണ്ടെൽ ഇതാ ഇവൾ ഇങ്ങനെ കട്ടക്ക് കൂടെ ഉണ്ടത്കൊണ്ട് ആണ്. നിങ്ങൾ പറഞ്ഞപോലെ അവളുടെ ജീവിതം പോയിട്ടുണ്ടാവും എന്നാലും 'ഈ പാവത്തിന്ന് ഒരു ജീവിതം കിട്ടി'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates