ഓവിയയേയും സംവിധായകയേയും അറസ്റ്റ് ചെയ്യണം; വിവാദ സിനിമയ്‌ക്കെതിരേ ഇന്ത്യന്‍ നാഷണല്‍ ലീഗ്

ഓവിയയേയും സംവിധായകയേയും അറസ്റ്റ് ചെയ്യണം; വിവാദ സിനിമയ്‌ക്കെതിരേ ഇന്ത്യന്‍ നാഷണല്‍ ലീഗ്

സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സിനിമയില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെയും യുവതികളെയും വഴി തെറ്റിക്കുന്ന തരത്തിലുള്ള അനേകം രംഗങ്ങളുണ്ടെന്നാണ് പ്രധാന ആരോപണം
Published on

റിലീസിന് മുന്‍പേ വിവാദമായ ചിത്രമാണ് ഓവിയ നായികയായി എത്തിയ 90 എം എല്‍. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തില്‍ അശ്ലീല സംഭാഷണങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളുമാണ് പ്രേക്ഷകരെ രോക്ഷം കൊള്ളിച്ചത്. ഇപ്പോള്‍ നായിക ഓവിയയ്ക്കും സംവിധായക  അനിതാ ഉദീപിനുമെതിരേ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ്. 90 എംഎല്‍ സംസ്‌കാരത്തെ കളങ്കപ്പെടുത്തിയെന്നും ഇരുവര്‍ക്കുമെതിരേ നടപടിയെടുക്കണമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ നാഷണല്‍ ലീഗ് പാര്‍ട്ടി സംസ്ഥാന വിമന്‍ വിങ് മേധാവി ആരിഫ റസാക്ക് പറയുന്നു. 

സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സിനിമയില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെയും യുവതികളെയും വഴി തെറ്റിക്കുന്ന തരത്തിലുള്ള അനേകം രംഗങ്ങളുണ്ടെന്നാണ് പ്രധാന ആരോപണം. മദ്യപാനികള്‍ ഉപയോഗിക്കുന്ന 90 എംഎല്‍ എന്ന പദം ടൈറ്റിലാക്കിയതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ചിത്രം റിലീസ് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് എങ്ങനെയാണ് അനുവാദം നല്‍കിയത് എന്നാണ് പരാതിയില്‍ ചോദിക്കുന്നത്. 

ലൈംഗികാതിക്രമങ്ങളെ പിന്തുണയ്ക്കുന്ന തരത്തിലുള്ളതും സാംസ്‌കാരിക മൂല്യങ്ങളെ പരസ്യമായി എതിര്‍ക്കുന്നതുമായ രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും ആരിഫ പറയുന്നു. പുകവലിയും മദ്യപാനവും അശ്ലീല സംസാരവും കൊണ്ട് നിറഞ്ഞ ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ഓവിയയ്ക്ക് എതിരേ ഉയര്‍ന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ നിരവധി ആരാധകരെ നേടിയ ഓവിയയ്‌ക്കെതിരേ ആരാധകര്‍ പോലും രംഗത്തെത്തിയിരുന്നു. 

മലയാളിതാരം ആന്‍സന്‍ പോളും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് മറ്റുതാരങ്ങള്‍. തമിഴ് താരം ചിമ്പു അതിഥി താരമായും ചിത്രത്തില്‍ എത്തുന്നുണ്ട്. കൂടാതെ ചിത്രത്തിന് സംഗീതം നല്‍കിയതും ചിമ്പുവാണ്. മാര്‍ച്ച് ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിന് മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com