മലയാളികളുടെ ഇഷ്ട സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അവതരണത്തിലും ഉള്ളടക്കത്തിലുമുള്ള വ്യത്യസ്തതയാണ് ലിജോയെ ആരാധകരുടെ പ്രിയങ്കരനാക്കിയത്. അടുത്തിടെ തന്റെ പുതിയ ചിത്രം ചുരുളിയുടെ ട്രെയിലർ പുറത്തുവന്നിരുന്നു. അതോടെ ചിത്രം ഓൺലൈൻ റിലീസിന് ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ പരന്നു. എന്നാൽ തന്റെ ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ലിജി ജോസ്. ഒരു പടികൂടി കടന്നാണ് അദ്ദേഹത്തിന്റെ ആലോചന പോകുന്നത്. വെർച്വൽ റിയാലിറ്റി പ്ലാറ്റ്ഫോമുകളിലൂടെ താൻ ഉദ്ദേശിക്കുന്ന രീതിയിലുള്ള സിനിമ അനുഭവം പ്രേക്ഷകരിലെത്തിക്കാനാണ് തീരുമാനം. ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
സിനിമകൾ ഓൺലൈനിലേക്ക് മാത്രമായി ചുരുങ്ങുന്നതിലെ അതൃപ്തിയും ലിജോ ജോസ് മറച്ചുവെച്ചില്ല. ക്രിസ്റ്റഫര്‍ നോളന്‍റെ 'ടെനെറ്റ്' ഓണ്‍ലൈന്‍ ആയി റിലീസ് ചെയ്‍തേക്കുമെന്ന കിംവദന്തി പോലും വ്യക്തിപരമായി തന്നെ വിഷമിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. തീയേറ്ററുകളില്‍ ആഘോഷിക്കപ്പെടേണ്ടിയിരുന്ന ചലച്ചിത്ര മേളകൾ ഓൺലൈനിൽ നടത്തുന്നത് പേരിനുവേണ്ടി മാത്രമായിമാറിയെന്നും കുറിച്ചു.
എന്‍റെ പുതിയ ചിത്രം 'ചുരുളി'യും തീയേറ്ററുകളില്‍ നിന്നു കണ്ടാല്‍ മാത്രം പൂര്‍ണ്ണമായും അനുഭവിക്കാനാവുന്ന ഒന്നാണ്. ഫിലിം ഫെസ്റ്റിവലുകളില്‍ പ്രീമിയര്‍ ചെയ്യാനിരുന്നതാണ്. പക്ഷേ ഈ സാഹചര്യത്തില്‍ അത് സാധിക്കാതെ വന്നിരിക്കുന്നു. ഓണ്‍ലൈന്‍ റിലീസ്, ചലിക്കുന്ന സിനിമാ കൊട്ടകകള്‍, 20 പേര്‍ക്കു മാത്രം ഇരുന്നു കാണാവുന്ന മോഡുലാര്‍ തീയേറ്ററുകള്‍... പോംവഴിയായി അങ്ങനെ പലതും ആലോചിച്ചു. പക്ഷേ സാമൂഹിക അകലം പാലിക്കലിന് ഏറെ പ്രാധാന്യമുള്ള ഈ സമയത്ത് നിയമപരമായി ഏറെ തടസ്സങ്ങളുള്ള അത്തരം കാഴ്‍ചകള്‍ക്ക് സാധ്യതയില്ല എന്നതാണ് വസ്‍തുത. നേരെമറിച്ച് ഓണ്‍ലൈന്‍ റിലീസ് എന്നത് സിനിമ എന്ന കലയോട് നീതി പുലര്‍ത്തും എന്നും ഞാന്‍ വിശ്വസിക്കുന്നില്ല- ലിജോ ജോസ് പറഞ്ഞു.
തുടർന്നാണ് വി ആര്‍ പ്ലാറ്റ്ഫോം വഴിയുള്ള റിലീസിനെക്കുറിച്ച് അദ്ദേഹം ആലോചിക്കുന്നത്. എച്ചിടിസി, സോണി, ഒക്കുലസ് തുടങ്ങി ഈ മേഖലയിലെ പ്രമുഖ കമ്പനികളില്‍ ഏതിലെങ്കിലും വഴി ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ചര്‍ച്ചകളുടെ അന്തിമ ഘട്ടത്തിലാണ് താനെന്നും ലിജോ പറയുന്നു. ഇതിനായി ആവശ്യമുള്ള ഉപകരണങ്ങളെക്കുറിച്ചും അദ്ദേഹം പോസ്റ്റിൽ പറയുന്നു. പലർക്കും വിലകൂടിയ ഈ ഉപകരണങ്ങൾ വാങ്ങിക്കാൻ സാധിക്കാതെ വരുമെന്നും അതിനാൽ ക്വാളിറ്റിയുള്ള ഉപകരണങ്ങളിലൂടെ സിനിമ കാണിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കാനും അദ്ദേഹം ആലോചിക്കുന്നുണ്ട്. പഴയ സിനിമാ ലൈബ്രറികള്‍ പോലെ വിആര്‍ ഉപകരണങ്ങളുടെ ഒരു വിതരണശൃംഖലയാണ് ഉദ്ദേശിക്കുന്നതെന്നും ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കി.
ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്. സൗബിൻ. ജോജു ജോർജ് തുടങ്ങിയ വലിയ താരനിരയെ അണിനിരത്തിയാണ് ചുരുളി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് ആരാധകർ ഏറ്റെടുത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates