കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ് എത്തും. ഷാജി കൈലാസ് നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം സംവിധാനം ചെയ്യുന്ന കടുവയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കുമൊടുവിൽ കഥാപാത്രത്തിന്റെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്.
സുരേഷ് ഗോപി ചിത്രവുമായുള്ള നിയമ യുദ്ധമാണ് കടുവയെ വിവാദമാക്കിയത്. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്. സുരേഷ്‌ഗോപിയുടെ 250ാം ചിത്രമെന്ന നിലയിൽ പ്രഖ്യാപിച്ച ചിത്രത്തിനു സമാന പ്രമേയം ആണെന്നും സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന ആവശ്യവുമായി ജിനു എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയിരുന്നു. കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ്‌ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തിയെന്നായിരുന്നു ആരോപണം. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് കടുവ നിർമിക്കുന്നത്. ‘കണ്ണിൽ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി അവൻ വരുന്നു, കടുവ’ – എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കുറിച്ചിരുന്ന വാക്കുകൾ. ഈ വർഷം ജൂലൈ 15ന് തുടങ്ങാനിരുന്ന ഷൂട്ടിങ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates