കമല്‍ കമാലുദ്ദീന്‍ ആയി മാറുന്ന കാലമാണ് സര്‍, കമലിനു മറുപടിയുമായി ഉണ്ണി ആര്‍

കമല്‍ കമാലുദ്ദീന്‍ ആയി മാറുന്ന കാലമാണ് സര്‍, കമലിനു മറുപടിയുമായി ഉണ്ണി ആര്‍
kamal_unni
kamal_unni
Updated on
1 min read

ബിഗ് ബി എന്ന മമ്മുട്ടി ചിത്രത്തിലെ 'കൊച്ചി പഴയ കൊച്ചിയല്ല' എന്ന ഡയലോഗിനെ വിമര്‍ശിച്ച കമലിനു മറുപടിയുമായി ഡയലോഗെഴുതിയ തിരക്കഥാകൃത്ത് ഉണ്ണി ആര്‍. കൊച്ചി മാത്രമല്ല, സിനിമയും പഴയ സിനിമയല്ലെന്നും ആ ഡയലോഗ് എന്തിനാണ് കമലിനെ ചൊടിപ്പിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ഉണ്ണി ആര്‍ കുറിപ്പില്‍ പറഞ്ഞു. 

കൊച്ചി പഴയ കൊച്ചിയല്ല എന്ന സിനിമാ ഡയലോഗ് എങ്ങനെയാണ് എന്തിനാണ് താങ്കളെ ചൊടിപ്പിക്കുന്നത് എന്ന് എത്രയാലോചിച്ചിട്ടും പിടി കിട്ടുന്നില്ല. കൊച്ചിയെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നുവെന്നോ? താങ്കള്‍ സിനിമയില്‍ സന്ദേശം വേണമെന്ന് കരുതുന്ന തലമുറയില്‍പ്പെട്ടയാളാണല്ലേ? എങ്കില്‍ ഒന്നുകൂടെ പറയാം കമല്‍ സര്‍, കൊച്ചി മാത്രമല്ല, സിനിമയും പഴയ സിനിമയല്ല. ഒരു പാട് മാറി, മുന്നോട്ട് പോയി- ഉണ്ണി ആര്‍ പറഞ്ഞു.

ആ ഡയലോഗ് സിനിമയില്‍ നിന്ന് പുറപ്പെട്ട് എവിടെയൊക്കെ എത്തിപ്പെട്ടെന്ന് താങ്കള്‍ക്ക് മനസ്സിലായിട്ടുണ്ടോ? മാറ്റങ്ങളെക്കുറിച്ച് സൂചിപ്പിക്കാന്‍, പോസ്റ്ററുകളായും ക്യാംപെയ്ന്‍ ക്യാപ്ഷനുകളായും സംസാരങ്ങളിലെ രസങ്ങളായും ഒക്കെ തലമുറഭേദമോ ലിംഗഭേദമോ കൂടാതെ ആളുകള്‍ ഏറ്റെടുത്ത ഒരു വാചകമാണത്. അതും പുരോഗമനാത്മകമായിത്തന്നെ. അത് സിനിമയിലെ ഒരു ഗുണപാഠ സന്ദേശ വാക്യമായി ഒതുങ്ങിയില്ല എന്നതു തന്നെയാണ് അതിന്റെ വിജയവും. കൊച്ചിയെക്കുറിച്ച് ഓര്‍മിച്ച് പറയാന്‍ താങ്കള്‍ക്കു പോലും മറ്റൊരു വാചകം കിട്ടിയില്ലല്ലോ എന്നാണ് എന്റെ അതിശയം. 

കൊച്ചി മാത്രമല്ല സര്‍, കാലവും പഴയ കാലമല്ല, നമ്മുടെ രാജ്യവും പഴയ രാജ്യമല്ല. കമല്‍ എന്ന സംവിധായകന്‍ കമാലുദ്ദീന്‍ ആയി പെട്ടെന്ന് മാറിപ്പോയതിന്റെ ഭയപ്പെടുത്തുന്ന വൈരുദ്ധ്യത്തെ താങ്കള്‍ തിരിച്ചറിഞ്ഞു കാണുമല്ലോ?  പഴയതെല്ലാം അതേപടി നിലനിര്‍ത്തണമെന്ന് വാദിക്കുന്നവരുടെ, മാറ്റങ്ങളെ അംഗീകരിക്കാന്‍ കഴിയാത്തവരുടെ ഭരണം. ബഹുസ്വരതയെ മനസ്സിലാവാത്തവരുടെ ഭരണം. ഇസ്ലാമിക് ഹെറിറ്റേജിന്റെ ബഹുസ്വരതയെക്കുറിച്ചുള്ള ഒരു പരിപാടിയില്‍ പങ്കെടുത്തിട്ടാണ് താങ്കള്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത് എന്നതും വിചിത്രമാണ്. 

കൊച്ചിക്ക് പല മുഖങ്ങളുണ്ട് സാര്‍ .അത് ഗ്രാമഫോണ്‍ സംഗീതം മാത്രമല്ല .ഒരു മുഖമേ കൊച്ചിക്കുള്ളൂ എന്ന് വാശി പിടിച്ചാല്‍ നമ്മളൊക്കെ ആഗ്രഹിക്കുന്ന ബഹുസ്വരത ഇല്ലാതാവും. മലയാള സിനിമയില്‍ സാമൂഹ്യ വിരുദ്ധവും  അരാഷ്ട്രീയവുമായ ഡയലോഗുകള്‍ ഉണ്ട് എന്ന് പറയുകയായിരുന്നു താങ്കളുടെ ഉദ്ദേശമെങ്കില്‍ അത് പറയണമായിരുന്നു. പക്ഷേ അതിനു വേണ്ടി താങ്കള്‍ തിരഞ്ഞെടുത്ത ഡയലോഗ് മാറിപ്പോയി എന്ന് സ്‌നേഹപൂര്‍വ്വം വിമര്‍ശിക്കട്ടെ.

എന്ന് വിനയപൂര്‍വ്വം ആ ഡയലോഗ് എഴുതിയ ഉണ്ണി ആര്‍ എന്നാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com