

വിവാഹം കഴിയുന്നതോടെ അവസരങ്ങളെല്ലാം നഷ്ടപ്പെട്ട് ഒതുങ്ങിക്കൂടേണ്ടി വരുന്നവരാണ് സ്ത്രീകള്‍. വിവാഹം കഴിഞ്ഞാല്‍ അമ്മ വേഷത്തിലേക്കും സൈഡ് റോളുകളിലേക്കുമായി ഒതുങ്ങിപ്പോകേണ്ടി വരുന്നതിനാല്‍ തന്നെ വിവാഹം കഴിക്കാതെ തുടരേണ്ടി വരുന്ന ധാരാളം നടിമാര്‍ ഇവിടെയുണ്ടെന്ന് നടി സാമന്ത അക്കിനേനി പറയുന്നു.
നാഗചൈതന്യയുമായുള്ള വിവാഹം കഴിഞ്ഞതിന് ശേഷം നടിമാരുടെ വിവാഹത്തെപ്പറ്റി സംസാരിക്കുകയായിരുന്നു താരം. അതേസമയം വിവാഹശേഷം കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് സാമന്ത. ഒരേ ദിവസം രണ്ട് ചിത്രങ്ങള്‍ റിലീസാകുന്ന നടി എന്ന ഭാഗ്യവും ഇപ്പോള്‍ സാമന്തയ്ക്ക് ലഭിച്ചിരിക്കുകയാണ്. ഇരുമ്പുതിരൈ, നടികര്‍ തിലകം എന്നീ ചിത്രങ്ങള്‍ ഒരേ ദിവസം തന്നെ പുറത്തിറങ്ങുകയും മികച്ച വിജയം നേടുകയും ചെയ്തിരിക്കുകയാണ്.
'നായകന്‍മാര്‍ എത്ര കണ്ട് പ്രായമായാലും അവര്‍ നായകന്‍മാര്‍ തന്നെയാണ്. ഉദാഹരണത്തിന് അമിതാഭ് സാറും ഋഷി കപൂറും ഇന്നും ഹിന്ദി സിനിമയില്‍ അജയ്യരല്ലേ? പക്ഷേ കല്യാണം കഴിഞ്ഞ ഒരു നടിയെ സംബന്ധിച്ച് മുപ്പതാം വയസ്സില്‍ ത്തന്നെ അമ്മായിയായോ, അമ്മയായോ അഭിനയിക്കാനുള്ള വിധിയാണ്. സമര്‍ഥയായ ഒരു നടിക്ക് വിവാഹം കഴിഞ്ഞാല്‍ നായികയായി അഭിനയിക്കാനുള്ള അര്‍ഹതയില്ലാതെ വരുമോ? ഈ പ്രശ്‌നംമൂലം എത്രയെത്ര നടിമാരാണ് വിവാഹിതരാകാതെ കഴിയുന്നത്? ഈയൊരു സമ്പ്രദായം മാറണം. മാറിയേ പറ്റൂ.
അമ്മയായാലും ഞാന്‍ സിനിമയില്‍ത്തന്നെയുണ്ടാകും. ഒരു നടിയായി എനിക്ക് മാര്‍ക്കറ്റുണ്ടാകുമോ ഇല്ലയോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയില്ല. എന്തെങ്കിലും ഒന്ന് സിനിമയില്‍ ചെയ്തുകൊണ്ടിരിക്കും. സിനിമയല്ലാതെ മറ്റെന്ത് തൊഴില്‍ എനിക്കറിയാം? എനിക്ക് കിട്ടിയ ഈ തുടര്‍വിജയം ഒരു മാറ്റത്തിന് തുടക്കമാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വിജയംകൊണ്ട് ഞാന്‍ തൃപ്തയല്ല. ഭാവിയില്‍ ഒരു പത്ത് ഹിറ്റ് പടങ്ങളെങ്കിലും എനിക്ക് സംഭാവന ചെയ്യാന്‍ കഴിയണം.
വിവാഹശേഷം ചുംബനരംഗങ്ങളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് പലരും ചോദിക്കാറുണ്ട്. കല്യാണത്തിനുമുമ്പ് ചുംബിച്ചപ്പോള്‍ ആര്‍ക്കും പ്രശ്‌നമായിരുന്നില്ല. ഞാനൊരു നടിയാണ്. എന്നെ ഒരു നടിയായി മാത്രം കാണുക. വിവാഹിതയായ നടിയാണോ അല്ലയോ എന്നതൊക്കെ അഭിനയിക്കുന്ന കഥാപാത്രത്തെ സംബന്ധിച്ച് അനാവശ്യമായ വിഷയങ്ങളാണ്. എനിക്ക് എന്റേതായ പരിമതിയുണ്ട്. അത് ഞാന്‍ ലംഘിക്കാറില്ല.
എനിക്കു മുന്‍പേ സിനിമയിലെത്തിയ നടിമാര്‍പോലും ഇന്നും അവിവാഹിതകളായി കഴിയുന്നുണ്ട്. സജീവമായി അഭിനയിച്ചുകൊണ്ടേയിരിക്കുന്നു. എനിക്കെന്തായിരുന്നു വിവാഹിതയാകാന്‍ ധൃതി എന്ന ചോദ്യവും ഞാന്‍ നേരിടുന്നുണ്ട്. വിവാഹശേഷവും ഞാന്‍ ബിസിയാണല്ലോ? വിവാഹശേഷമാണല്ലോ ഞാന്‍ ഇങ്ങനൊരു വിജയം നല്‍കിയത്. പിന്നെന്തിനാണ് ഇങ്ങനെയൊരു ചോദ്യം?
ഒരുപക്ഷേ ഞാന്‍ നാഗചൈതന്യയെ കണ്ടെത്താതിരുന്നെങ്കില്‍... അദ്ദേഹത്തെ പ്രണയിക്കാതിരുന്നെങ്കില്‍... ഞാനും വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുമോ ആവോ. എന്റെ ജീവിതയാത്രയില്‍ എനിക്ക് ഉപേക്ഷിക്കാനാവാത്ത ഒരു വ്യക്തിയാണ് നാഗചൈതന്യയെന്ന് ഞാന്‍ മനസിലാക്കി. എന്റെ ഭാവി അത്യന്തം ശോഭനമാകുമെന്നും ഞാന്‍ വിചാരിച്ചു. ഒടുവില്‍ വിവാഹം കഴിക്കുകയും ചെയ്തു'സാമന്ത പറയുന്നു.
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയാത്തത് ജോലിക്കുപോകുന്ന സ്ത്രീകള്‍ എല്ലാവരും നേരിടേണ്ടിവരുന്ന ഒരു പ്രശ്‌നമാണെന്നും സാമന്ത പറയുന്നു. 'ഒരു നടിയോട് മാത്രം ഈ ചോദ്യം ചോദിക്കുന്നത് ന്യായമല്ല. വീട്ടില്‍ ഞങ്ങള്‍ സിനിമയെക്കുറിച്ച് ഒരക്ഷരംപോലും മിണ്ടാറില്ല. ആരോടൊപ്പമാണ് അഭിനയിക്കുന്നതെന്നോ, ഷൂട്ടിങ് ലൊക്കേഷനില്‍ എന്താണ് സംഭവിച്ചതെന്നോ ഒന്നും തന്നെ എന്റെ ഭര്‍ത്താവ് എന്നോട് പറയാറില്ല. ഞാനും അങ്ങനെയാണ്. വൈകുന്നേരം ആറുമണിക്കുശേഷമാകും ഞങ്ങളുടെ സമയം. ഇതിനിടെ ഞങ്ങളുടെ തൊഴിലിനെക്കുറിച്ച് പരസ്പരം പറഞ്ഞ് സമയം കളയാറില്ല. അദ്ദേഹം എനിക്ക് നല്ല ഭര്‍ത്താവായും ഞാന്‍ അദ്ദേഹത്തിന് നല്ല ഭാര്യയായും പരസ്പരം മനസിലാക്കുന്ന പ്രിയപ്പെട്ട നിമിഷങ്ങളായിരിക്കും'- സാമന്ത വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates