സുരേഷ് ഗോപി നായകനാവുന്ന 250ാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. ഒറ്റക്കൊമ്പൻ എന്നാണ് ചിത്രത്തിന്റെ പേര്. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന വിശേഷണവുമായാണ് ‘ഒറ്റക്കൊമ്പൻ’ വരുന്നത്. കാടിളക്കി മദിച്ചുവരുന്ന കണക്കായിരുന്നു സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനവും.
മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യു തോമസാണ്. ഒറ്റക്കൊമ്പൻ എന്ന പേര് കഴിഞ്ഞ ഡിസംബറിൽ തന്നെ രജിസ്റ്റർ ചെയ്തിരുന്നു എന്ന് ചിത്രത്തിന്റെ നിർമാതാവ് ടോമിച്ചൻ മുളകുപാടം വ്യക്തമാക്കി. ഷിബിൻ ഫ്രാൻസിസ് തിരക്കഥയൊരുക്കിയിരിക്കുന്നു. അർജുൻ റെഡ്ഡിയിലൂടെ ശ്രദ്ധേയനായ ഹർഷവർധൻ രാമേശ്വറാണ് സംഗീത സംവിധാനം. ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു.
സഹസംവിധായകനായ മാത്യു തോമസിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് ഈ ചിത്രം. ഷിബിൻ തോമസാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ഈ സിനിമയ്ക്ക് പൃഥ്വിരാജ് ചിത്രം ‘കടുവ’യുമായി ഒരുതരത്തിലും സാമ്യമില്ലെന്ന് ടോമിച്ചൻ മുളകുപാടം പറയുന്നു.
’കടുവാക്കുന്നേൽ’ എന്ന പേര് ഉപയോഗിക്കാൻ പാടില്ല എന്ന് കോടതി വിധി ഉള്ള സ്ഥിതിക്ക് ഞങ്ങൾ ആ പേര് ഉപയോഗിക്കില്ല. എന്നാൽ കഥയിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് ടോമിച്ചൻ വ്യക്തമാക്കി. ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. എന്തോ തെറ്റിദ്ധാരണയുടെ പേരിലാണ് കേസും കൂട്ടവുമൊക്കെ ഉണ്ടായത്. സുരേഷ്‌ഗോപി അഭിനയിക്കുന്ന സിനിമ, എന്നെ ഇപ്പോൾ പറയാൻ കഴിയൂ, മറ്റുള്ള താരങ്ങൾ ആരായിരിക്കും എന്നുള്ള കാര്യങ്ങൾ തീരുമാനിച്ചിട്ടില്ലെന്നും ടോമിച്ചൻ കൂട്ടിച്ചേർത്തു.
തിരക്കഥയുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട വിവാദമാണ് സുരേഷ് ഗോപിയുടെ 250ാം ചിത്രവും പൃഥ്വിരാജിന്റെ കടുവയും വാർത്തകളിൽ നിറച്ചത്. ഇരുസിനിമകളും കോടതി കയറിയതിന് പിന്നാലെ കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ് തന്നെ എത്തുമെന്ന് കടുവയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
പിന്നാലെ തിരക്കഥയുമായി മുന്നോട്ടുപോകുമെന്ന് സുരേഷ് ഗോപിയും അറിയിച്ചിരുന്നു. 250ാം ചിത്രവുമായി ബന്ധപ്പെട്ട് വലിയൊരു പ്രഖ്യാപനം വരുന്നുണ്ടെന്നും ഫേയ്സ്ബുക്കിലൂടെ താരം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ടൈറ്റിൽ റിലീസ് നടന്നത്. ഇന്നലെ വൈകീട്ട് ആറിനാണ് മലയാളത്തിന്റെ സൂപ്പർതാരങ്ങൾ ഉൾപ്പടെയുള്ളവർ ചേർന്ന് ചിത്രത്തിൻറെ ടൈറ്റിൽ പുറത്തുവിട്ടത്. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, കുഞ്ചാക്കോ ബോബൻ ഉൾപ്പടെ നിരവധി താരങ്ങളാണ് പ്രഖ്യാപനം നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates