

ഫഹദ് ഫാസിലിനേയും ഐശ്വര്യ ലക്ഷ്മിയേയും പ്രധാന കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍ കോടതി കയറാന്‍ ഒരുങ്ങുന്നു. ഒരു കുടുംബത്തെ മോശമായി ചിത്രീകരിച്ചു എന്നാണ് സിനിമയ്ക്ക് എതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം. എറണാകുളത്തെ പാപ്പാളി കുടുംബാംഗങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെക്കണം എന്നാണ് ഇവരുടെ ആവശ്യം.
എറണാകുളം മുന്‍സിഫ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്തുകള്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. ചിത്രത്തിലെ വില്ലന്മാരുടെ കുടുംബപ്പേരായിട്ട് പാപ്പാളി എന്ന് ഉപയോഗിച്ചതാണ് ഹര്‍ജിക്കാരെ പ്രകോപിപ്പിച്ചത്.
സമൂഹത്തില്‍ ഉന്നതസ്ഥാനം അലങ്കരിക്കുന്നവരും ബഹുമാന്യരുമായ കുടുബത്തിന്റെ പേര് ചിത്രത്തില്‍ അപകീര്‍ത്തികരമായി ഉപയോഗിച്ചു എന്നാണ് ഹര്‍ജിക്കാര്‍ ആരോപിച്ചത്. ജിവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല എന്ന പ്രസ്താവന സിനിമയില്‍ നല്‍കിയിട്ടില്ല എന്നും പരാതിയില്‍ ആരോപിക്കുന്നു.
തിരക്കഥാകൃത്തുക്കളില്‍ ഒരാളായ തൃപ്പൂണിത്തുറ സ്വദേശി സുഹാസിന് പപ്പാളി കുടുംബത്തെ വ്യക്തമായി അറിയാമെന്നും ബോധപൂര്‍വം പേര് ഉപയോഗിച്ച് തങ്ങളെ സമൂഹത്തിന് മുന്നില്‍ മോശമായി ചിത്രീകരിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ഒരു ഇംഗ്ലീഷ് മാധ്യമത്തില്‍ വരത്തന്‍ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ കഥയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതാണ് പരാതിയുടെ അടിസ്ഥാനം.
എന്നാല്‍ സുഹാസ് എല്ലാ ആരോപണങ്ങളും നിഷേധിച്ചു. തനിക്ക് ഇതു സംബന്ധിച്ച് നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. വരത്തന്‍ ഒരു സാങ്കല്‍പിക കഥയാണെന്നും ആ കുടുംബത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും സുഹാസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates