നടൻ ബാലയുമായി വീണ്ടും ഒന്നിക്കുന്നെന്ന തരത്തിൽ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകളോട് പ്രതികരിച്ച് ഗായിക അമൃത സുരേഷ്. പുതിയ മ്യൂസിക് പ്രോജക്ടിനെക്കുറിച്ച് എഴുതിയ വരികൾ തെറ്റായി വ്യാഖ്യാനിച്ചാണ് കുടുംബജീവിതവുമായി അവ ബന്ധപ്പെടുത്തിയതെന്നാണ് അമൃതയുടെ വിശദീകരണം. കേട്ടതിൽ ഒരു സത്യവുമില്ലെന്ന് പറഞ്ഞ അമൃത എന്തിനാണ് കാര്യങ്ങൾ ഇങ്ങനെ വളച്ചൊടിക്കുന്നത്? എന്നും ചോദിക്കുന്നു.
വ്യാജ പ്രചാരണങ്ങളെക്കുറിച്ചറിഞ്ഞപ്പോൾ മുതൽ മനസ് ആകെ അസ്വസ്ഥമാണെന്ന് അമൃത തുറന്നുപറഞ്ഞു. ഞാൻ എന്റെ സംഗീതജീവിതത്തിലെ പുതിയ പ്രൊജക്ടിനെക്കുറിച്ചാണ് പോസ്റ്റിട്ടത്. തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും ഇപ്പോൾ പുതിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണ് എന്നുമായിരുന്നു അതിൽ എഴുതിയത്. എന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ട യാതൊന്നും അതിൽ ഇല്ല. പിന്നെ എന്തുകൊണ്ടാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടതെന്ന് എനിക്കറിയില്ല, മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അമൃത പറഞ്ഞു
‘എന്റെ ജീവിതം പരീക്ഷണങ്ങളും അനുഭവങ്ങളും ചേർന്നതാണ്. ജീവിതത്തിൽ ഞാൻ വരുത്തിയ മനോഹരമായ തെറ്റുകൾ. എനിക്ക് കടന്നുപോകേണ്ടി വന്ന മനോഹരമായ പരാജയങ്ങളും വിജയഗാഥകളും. അതിന് പിന്നാലെ ഇന്ന് മറ്റൊരു മനോഹരമായ ദിവസത്തിൽ ഞാൻ എത്തിനിൽക്കുന്നു. ഒരു പുതിയ പരീക്ഷണത്തിലേക്കു കടക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനുമെല്ലാം നന്ദി, വിശദവിവരങ്ങൾ ഉടൻ തന്നെ തുറന്നുപറയുന്നതാണ്. എല്ലാവരോടും സ്നേഹം. ഒത്തിരി നന്ദി’. എന്ന അമൃതയുടെ പോസ്റ്റ് ആണ് വാർത്തകളിലേക്ക് നയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates