അഹമ്മദാബാദ് : സാറ അലി ഖാനും സുഷാന്ത് സിങ് രജ്പുതും അഭിനയിച്ച ' കേദാര്‍നാഥ'ിന്റെ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് എ എസ് ദാവേയും ജസ്റ്റിസ് ബൈറന്‍ വൈഷ്ണവും അടങ്ങുന്ന ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
നിലവിലെ സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കേണ്ട ആവശ്യമില്ലെന്നും ഹര്‍ജിക്കാര്‍ക്ക് യഥാര്‍ത്ഥ ഹിന്ദുയിസം എന്താണെന്ന് ഇതുവരെയും മനസിലായിട്ടില്ലെന്നും കോടതി പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന യാതൊന്നും കോടതിക്ക് കണ്ടെത്താനായില്ലെന്നും ബഞ്ച് ചൂണ്ടിക്കാട്ടി.
കോടതിയുടെ സമയം അനാവശ്യമായി നഷ്ടപ്പെടുത്തിയതിന് ഹര്‍ജി സമര്‍പ്പിച്ച അന്താരാഷ്ട്ര ഹിന്ദുസേനയ്ക്ക് 5000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തുക ഒരാഴ്ചയ്ക്കുള്ളില്‍ ഒടുക്കാനാണ് നിര്‍ദ്ദേശം. മറ്റ് മതങ്ങളോടുള്ള സഹിഷ്ണുതയും ക്ഷമയും മനുഷ്യപുരോഗതിയുമാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാന തത്വങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി.
മതവികാരം വ്രണപ്പെടുത്തുന്നതാണ് ചിത്രമെന്നും മുസ്ലിം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പൊതുപ്രദര്‍ശനം നടത്താന്‍ കഴിയാത്തതാണെന്നുമുള്ള ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി. കേദാര്‍നാഥ് ഹിന്ദുക്കളുടെ പുണ്യസ്ഥലമായതിനാല്‍ ഇത്തരം പ്രമേയമുള്ള സിനിമ അനുവദിക്കരുതെന്നും ഹര്‍ജിക്കാര്‍ വാദമുയര്‍ത്തിയിരുന്നു.
ഹിന്ദു പെണ്‍കുട്ടി മുസ്ലിം യുവാവുമായി പ്രണയത്തിലാവുന്ന രംഗങ്ങള്‍ കണ്ടാല്‍ എങ്ങനെയാണ് ഹൈന്ദവ വികാരം വ്രണപ്പെടുന്നതെന്നും കോടതി ചോദിച്ചു. ചിത്രം ഒരു കലാരൂപമാണെന്നും സാങ്കല്‍പിക കഥയെ അവലംബിച്ചെടുക്കുന്ന സിനിമകളെ നിരോധിക്കുന്നത് ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരു കൂട്ടം ആളുകളുടെ മൗലികാവകാശങ്ങളെ നിഷേധിക്കുന്നതാകുമെന്നും കോടതി പറഞ്ഞു. നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ സ്വസ്ഥമായി തൊഴില്‍ ചെയ്ത് അന്തസ്സോടെ രാജ്യത്ത് ജീവിക്കാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യം ഉറപ്പ് വരുത്താന്‍ കോടതിക്ക് ബാധ്യതയുണ്ടെന്നും വിധിന്യായത്തില്‍ പറയുന്നു. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് 5000 രൂപ പിഴയായി ഒരാഴ്ചയ്ക്കുള്ളില്‍ ഹര്‍ജിക്കാര്‍ ഒടുക്കണമെന്നും കോടതി വിധിച്ചു.
സെയ്ഫ് അലിഖാന്റെ മകള്‍ നായികയായ കേദാര്‍നാഥ് പത്ത് ദിവസം കൊണ്ട് തന്നെ കോടികളാണ് ബോളിവുഡില്‍ നിന്നും വാരിയത്. ഉത്തരാഖണ്ഡ് പ്രളയകാലത്ത് സംഭവിക്കുന്ന പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates