

കൊച്ചി: അങ്കമാലി ഡയറീസില്‍, തന്റെ ചിത്രം ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് അറസ്റ്റിലായ മവോയിസ്റ്റ് നേതാവ് ഷൈന വക്കീല്‍ നോട്ടീസ് അയച്ചു. സിനിമയില്‍നിന്ന് തന്റെ ചിത്രം കാണിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ ക്രിമിനല്‍ അപകീര്‍ത്തി കേസുമായി മുന്നോട്ടുപോവുമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.
ചിത്രത്തില്‍ പൊലീസ് സ്റ്റേഷന്‍ കാണിക്കുന്ന രംഗങ്ങളിലാണ് ഷൈനയുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ഇവരെ സൂക്ഷിക്കുക എന്ന തലവാചകത്തിനു കീഴില്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ കാണിക്കുന്നതിന് ഒപ്പം ശാന്ത എന്ന പേരോടു കൂടി ചേര്‍ത്തിരിക്കുന്നത് ഷൈനയുടെ ചിത്രമാണ്. മൂന്നു സീനുകളില്‍ ഈ ചിത്രം കാണിക്കുന്നുണ്ട്. ഇതിനെതിരെയാണ് ഷൈന അഡ്വ. ലൈജു മുഖേന വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ഷൈനയുടെയും രൂപേഷിന്റെയും മകള്‍ ആമി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു.
ആമിയുടെ പോസ്റ്റില്‍നിന്ന്
''അങ്കമാലി ഡയറീസ് കണ്ടു.
സ.ഷൈനയുടെ ഫോട്ടോ ഈ സിനിമയില്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് പല സുഹൃത്തുക്കളും അറിയിച്ചിട്ടുണ്ടായുന്നെങ്കില്‍ പോലും കഴിഞ്ഞ ദിവസമാണു എനിക്ക് സിനിമ കാണാന്‍ കഴിഞ്ഞത്.
സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളായ കൊട്ടേഷനും ഗുണ്ടാപിരിവും ഭീക്ഷണിയും കഞ്ചാവ് വില്‍പനയുമൊക്കെയായി നടക്കുന്ന രവിയുടേയും രാജന്റേയും ഗുണ്ടാ പ്രവര്‍ത്തനങ്ങളുടെ ഭീകരത വെളിവാക്കാന്‍ ഉപയോഗിച്ച സീനുകളുടെ തുടക്കം തന്നെ അങ്കമാലി പോലീസ് സ്‌റ്റേഷനെന്ന് സിനിമയില്‍ കാണിക്കുന്ന പോലീസ് സ്‌റ്റേഷനകത്ത് രവിയുടേയും രാജന്റേയും മറ്റു ചിലരുടേയും ചിത്രം പതിച്ചിട്ടുള്ള 'ഇവരെ സൂക്ഷിക്കുക' എന്ന തലവാചകമുള്ള നോട്ടീസ് ബോര്‍ഡില്‍ അവരുടെ ചിത്രങ്ങള്‍ക്ക് സമീപം 'ശാന്ത' എന്ന പേരോടു കൂടി നല്ല ക്ലാരിറ്റിയുള്ളതും എന്‍ലാര്‍ജ്ജ് ചെയ്തതുമായ സ. ഷൈനയുടെ ഫോട്ടോ പതിച്ചിട്ടുണ്ട്. ഇത് മൂന്നു സീനുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
തിരക്കഥാകൃത്തും സംവിധായകനും മറ്റു അണിയറ പ്രവര്‍ത്തകരും സമൂഹത്തെക്കുറിച്ച് എന്ത് കാഴ്ച്ചപ്പാടാണു വെച്ചു പുലര്‍ത്തുന്നത് എന്ന് അത്ഭുതപ്പെടുത്തുന്നു. സ. ഷൈന എന്ന സ്ത്രീ 20 നു മുകളില്‍ കള്ളക്കേസുകള്‍ ചുമത്തപ്പെട്ട് വിചാരണത്തടവുകാരിയായി കഴിഞ്ഞ 2 വര്‍ഷമായി കേരളത്തിലേക്ക് ജയില്‍മാറ്റം പോലും ലഭിക്കാതെ കോയമ്പത്തൂര്‍ സെന്റ്രല്‍ ജയിലിലാണു. ഗുണ്ടായിസമോ വ്യക്തി വൈരാഗ്യം മൂലമുള്ള നശീകരണങ്ങളോ അല്ല സഖാവിനു മേലുള്ള കുറ്റം. മറിച്ച്, മര്‍ദ്ദിതരെ നിര്‍മ്മിക്കുന്ന നിലനില്‍ക്കുന്ന ഈ ജീര്‍ണ്ണിച്ച ചൂഷക വ്യവസ്ഥിതിയെ തകര്‍ത്തെറിഞ്ഞ് സമത്വാധിഷ്ഠിതമായ ലോകത്തിനായ് പ്രവര്‍ത്തിച്ചു എന്നതിനാണു.
കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ എല്ലാ സാമൂഹിക ബന്ധങ്ങളേയും തകര്‍ത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിനായ് ജീവിതം തന്നെ മാറ്റിവെച്ച ചുരുക്കം ചില സ്ത്രീകളില്‍ ഒരാളാണു സ. ഷൈന. ഈ സഖാവിനെ 'ഇവരെ സൂക്ഷിക്കുക' എന്ന ലേബലില്‍ ഗുണ്ടകളുടെ ഫോട്ടോകള്‍ക്കൊപ്പം ദ്വയാര്‍ത്ഥം വരുന്ന രീതിയില്‍ 'ശാന്ത' എന്ന പേരു നല്‍കി അധിക്ഷേപിച്ചിരിക്കുകയാണു.
സ.ഷൈനയെ കോയമ്പത്തൂരിലെ സെന്റ്രല്‍ ജയിലില്‍ റിമാന്റ് ചെയ്ത കോയമ്പത്തൂര്‍ സെക്ഷന്‍സ് കോടതി വരെ ഷൈനയുള്‍പ്പെടുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ മനുഷ്യ നന്മക്ക് വേണ്ടി നിലകൊള്ളുന്നവരാണെന്നാണു പറഞ്ഞിട്ടുള്ളത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒരാളെ കുറ്റവാളിയെന്നു പോലും തെളിയുന്നതിനു മുന്‍പ് തന്നെ പരസ്യമായി ഇവരെ സൂക്ഷിക്കേണ്ടവരാണെന്ന് മുദ്രകുത്തുകയാണു സിനിമയിലൂടെ അതിന്റെ നിര്‍മ്മാതാക്കള്‍ ചെയ്തിരിക്കുന്നത്. ഇതു കേവലം യാഥര്‍ശ്ചികതയായി കാണാവുന്ന ഒന്നായി തോന്നുന്നില്ല.
ഈ സാഹചര്യത്തില്‍ ഈ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ അഡ്വ. ലൈജു വഴി വക്കീല്‍ നോട്ടീസ് അയക്കാന്‍ ഷൈന ആവിശ്യപ്പെട്ടിട്ടുണ്ട്. നീക്കം ചെയ്യാത്ത പക്ഷം ഈ മാസം 30 നു വയനാട് കോടതിയില്‍ അഡ്വക്കേറ്റ് ലൈജു മുഖാന്തരം നേരിട്ട് ക്രിമിനല്‍ ഡിഫമേഷന്‍ ഫയല്‍ ചെയ്യാനും ഷൈന അറിയിച്ചിട്ടുണ്ട്.''
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates