ദൃശ്യം, അമർ അക്ബർ അന്തോണി, എന്ന് നിന്റെ മൊയ്‌ദീൻ, ഒപ്പം, ഗ്രേറ്റ് ഫാദർ, മെക്സിക്കൻ അപാരത എന്നിങ്ങനെ നീളുന്ന 50 കോടി ക്ലബ് ചിത്രങ്ങളിലെല്ലാം നടൻ ബാലാജിയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ഇതോടെ ബാലാജി ശർമ സിനിമയിലുണ്ടോ? കോടികൾ ഉറപ്പ്’ എന്ന ട്രോളുകളും സജീവമായി. ഇപ്പോഴിതാ ഇതേ കാര്യം വീണ്ടും ഓർമ്മിപ്പിച്ചിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഫോറെൻസിക്കിലെ ബാലാജിയുടെ വേഷം ചൂണ്ടിക്കാട്ടിയാണ് ടൊവിനോ ഈ വിശേഷണത്തിന് അടിവരയിടുന്നത്. ടൊവിനോയുമായുള്ള ഫോൺ സംഭാഷണത്തിലെ വിവരങ്ങൾ പങ്കുവച്ച് ബാലാജി തന്നെയാണ് ഇക്കാര്യം പ്രേക്ഷകർക്ക് വിവരിച്ചുനൽകിയത്.
ഫോറൻസിക് വിജയകരമായി മുന്നോട്ടുപോകുമ്പോൾ ടൊവിനോയെ അഭിനന്ദനമറിയിക്കാൻ വിളിച്ചതാണ് ബാലാജി. ഫോണിന്റെ അങ്ങേതലയ്ക്കൽ നിന്ന് ആദ്യം കേട്ടത് ‘ചേട്ടാ നിങ്ങള് നിങ്ങളുടെ പേര് കാത്തു ... ഇതും 50 കോടി പടമാകും’ എന്നായിരുന്നു. ഇങ്ങനെ തുടങ്ങിയ സംഭാഷണമാണ് ബോലാജി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.
ടൊവീനോയുടെ ദീർഘവീക്ഷണത്തെ പ്രശംസിച്ച ബാലാജി പുതിയ ചിത്രം ഫോറെൻസിക് 50 കോടി ക്ലബിൽ ഇടംനേടുമെന്നും സിനിമയിൽ ചെറിയൊരു വേഷം ചെയ്യാനായത് ഭാഗ്യമായി കരുതുന്നുവെന്നും പോസ്റ്റിൽ പറയുന്നു.
ബാലാജി ശർമയുടെ കുറിപ്പ്:
ടൊവീനോ, ഒരു 50 കോടി ഡീൽ
ഫോറൻസിക് ആടി തിമിർത്തു മുന്നേറുമ്പോൾ അത് കണ്ടിട്ട് ടൊവിയെ വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല .. രണ്ടു പ്രാവശ്യം വിളിച്ചിട്ടും എടുക്കാതിരുന്നപ്പോൾ ആ ശ്രമം ഉപേക്ഷിച്ച മാത്രയിൽ അതാ ടൊവി ഇങ്ങോട്ടു വിളിക്കുന്നു ! എടുത്തു അങ്ങോട്ട് നല്ല വാക്കു പറയുന്നതിന് മുൻപേ തന്നെ ടൊവി, ‘ചേട്ടാ .... നിങ്ങള് നിങ്ങളുടെ പേര് കാത്തു ...!’ ഞാൻ: പേരോ .. എന്താ ., എങ്ങനെ ?
ടൊവി : ഈ പടവും 50 കോടി കലക്ട് ചെയ്യാൻ സാധ്യത ഉണ്ട്.
അപ്പോൾ അന്തം വിട്ട ഞാൻ : അതും ഞാൻ പേര് കാത്തു എന്ന് പറയുന്നതിലും തമ്മിൽ ??
ടൊവി ചിരിച്ചു കൊണ്ട് പറഞ്ഞു: ഒരു കാലത്തു 50 കോടിയിൽ കൂടുതൽ കല്ക്ട് ചെയ്ത പടങ്ങളിലെ നിറ സാന്നിധ്യമായിരുന്നല്ലോ താങ്കൾ അപ്പോൾ ആ പേര് നിലനിർത്തി.
ചിന്തിച്ചപ്പോൾ ശരിയാ ... ദൃശ്യം മുതൽ അങ്ങോട്ട് അമർ അക്ബർ, എന്ന് നിന്റെ മൊയ്‌ദീൻ , ഒപ്പം , ഗ്രേറ്റ് ഫാദർ എന്തിനു സൂപ്പർ ഹിറ്റ് ആയ മെക്സിക്കൻ അപാരത ... തുടങ്ങി ഒരു പാട് ചിത്രങ്ങളിൽ ചെറിയ സാന്നിധ്യം എന്റെയും ഉണ്ടായിരുന്നു ... ഇപ്പോൾ ഫോറൻസിക്കിൽ ഒരു ഡോക്ടറുടെ വേഷത്തിൽ എന്റെ സാന്നിധ്യം ഉണ്ട് .
മെക്സിക്കൻ അപാരതയുടെ ഷൂട്ട് നടക്കുമ്പോൾ തമാശയായി ടൊവി പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്.. നിങ്ങൾ ഉള്ളത് കൊണ്ട് പടം 50 കോടി അടിച്ചാൽ എന്റെ സമയം മാറും ... ശരിയാ പടം സൂപ്പർ ഹിറ്റ് ആയി ടൊവി സ്റ്റാർ ആയി .. ‘ചേട്ടാ നിങ്ങളെന്താ ഡബ്ബ് ചെയ്യാത്തെ ? ’ ടൊവിയുടെ ചോദ്യം കേട്ടപ്പോൾ ചിന്തയിൽ നിന്നു ഉണർന്ന ഞാൻ ‘അത് അവർ വിളിച്ചപ്പോൾ ഞാൻ തിരക്കായിരുന്നു . പിന്നെ ഞാൻ അങ്ങോട്ട് വിളിച്ചപ്പോൾ അവർ റിലീസ് ചെയ്തതിന്റെ തിരക്കിലും ... ആദ്യമായിട്ടാ വേറൊരു ശബ്ദം ..പിന്നെ ചെറിയ റോൾ ആയതു കൊണ്ടാകാം ..’
ടൊവി: അപ്പോൾ ഇനിയും പേര് നിലനിർത്താൻ സാധിക്കട്ടെ
ഞാൻ: അതെ ഇനി വലിയ കാരക്‌ടർ കിട്ടിയാലേ 50 കോടിക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കു കേട്ടോ !! അതുകേട്ട് ചിരിച്ചു കൊണ്ട് ടൊവി ഫോൺ കട്ട് ചെയ്തു .
ടൊവിനോ എന്ന മനുഷ്യൻ സിംപിൾ ആണ്. പക്ഷേ ടൊവി എന്ന ആക്ടർ പവർഫുൾ ആണ്. ദീർഘ വീക്ഷണമുള്ള കലാകാരനാണ് ടൊവി . എന്ന് നിന്റെ മൊയ്‌ദീൻ ഷൂട്ട് ചെയുന്ന സമയത്തു ഒരുപാടു പേര് നെഗറ്റീവ്സ് പറഞ്ഞപ്പോൾ ടൊവി ആത്‌മവിശ്വാസത്തോടെ പറയുന്നത് എപ്പോഴും ഓർമിക്കും, "ഇതു ഒരു നല്ല പരിപാടിയായിരിക്കും ... ഒരു ക്ലാസി ഹിറ്റ് ആയിരിക്കും !". സംഭവം കാലം തെളിയിച്ച സത്യം .. അതു പോലെ ഒരുപാടു റോളുകൾ തേടി വന്നപ്പോഴും തനിക്കു ഇഷ്ടമല്ലാത്തതിന് നോ പറയാൻ ടോവി വിമുഖത കാണിച്ചിരുന്നില്ല . അതാണ് ക്വാളിറ്റി. പിന്നെ അന്നത്തെ ടൊവിക്കു ഇപ്പോഴും ഒരു മാറ്റവുമില്ല ... അപ്പോൾ എല്ലാ ഭാവുകങ്ങളും ...ടൊവിനോ തോമസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates